പൂത്തുമ്പിക്ക് പൂച്ചെണ്ടുമായി വിദ്യാഭ്യാസ മന്ത്രി
ഫറോക്ക്: നല്ലൂര്‍ നാരായണ ബേസിക് എല്‍.പി സ്‌കൂളിലെ രണ്ടാം ക്ലാസില്‍ നിന്നു പുറത്തിറങ്ങുന്ന പൂത്തുമ്പി വാര്‍ത്താ പത്രികക്ക് വിദ്യാഭ്യാസ മന്ത്രിയുടെ പ്രശംസ. മന്ത്രി സി. രവീന്ദ്രനാഥിന്റെ അഭിനനന്ദനങ്ങളറിയിച്ചുകൊണ്ടുള്ള കത്ത് കഴിഞ്ഞ ദിവസമാണ് സ്‌കൂളിലെത്തിയത്. സ്‌കൂളിലെ രണ്ട് ബി.ഡിവിഷനില്‍ നിന്നാണ് എല്ലാ മാസവും പൂത്തുമ്പിയെന്ന പേരില്‍ വാര്‍ത്താ പത്രിക പുറത്തിറങ്ങുന്നത്.
ഇതിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് മനസിലാക്കിയ മന്ത്രി ഇതിനു നേതൃത്വം നല്‍കുന്ന ക്ലാസ് അധ്യാപികയായ ടി.ശുഹൈബയെ തൃശൂരിലേക്ക് വിളിപ്പിച്ചിരുന്നു. ക്ലാസില്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളും ദൈന്യംദിന പ്രവര്‍ത്തനങ്ങളുമാണ് പൂത്തുമ്പിയില്‍ എല്ലാ മാസവും പ്രസിദ്ധീകരിക്കുന്നത്. എട്ടുപേജുകളിലായി എല്ലാമാസവും മള്‍ട്ടിക്കളറിലാണ് പ്രസിദ്ധീകരിക്കുന്നത്. വളരെ മനോഹരമായിരിക്കുന്നു പൂത്തുമ്പി.
മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുകയും ആകര്‍ഷകമായ രീതിയില്‍ അതുരേഖപ്പെടുത്തുന്നതിന് വാര്‍ത്താപത്രികക്ക് രൂപം നല്‍കുകയും ചെയ്ത വിദ്യാര്‍ഥികളുടേയും അധ്യാപികയുടെയും പ്രവര്‍ത്തനത്തെയാണ് മന്ത്രി കത്തില്‍ അഭിനന്ദനമറിയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."