ശങ്കരാചാര്യരെക്കുറിച്ചുള്ള മന്ത്രിയുടെ പ്രസ്താവന പ്രതിഷേധാര്‍ഹമെന്ന്
കോട്ടയം: ശങ്കരാചാര്യ സ്വാമികളെക്കുറിച്ച് മന്ത്രി ജി സുധാകരന്‍ നടത്തിയ പ്രസ്താവന വസ്തുതാവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്ന് യോഗക്ഷേമസഭ ഭാരവാഹികള്‍ കുറ്റപ്പെടുത്തി. ശ്രീനാരായണഗുരുവിന്റെയും ബുദ്ധന്റെയും ഇ.എം.എസിന്റെയും ജനകീയതയും ഔന്നത്യവും ശങ്കരാചാര്യര്‍ക്കില്ലാത്തതിനാലാണ് ശങ്കരജയന്തി ആഘോഷങ്ങള്‍ക്ക് ജനങ്ങള്‍ മുന്നോട്ടുവരാത്തതെന്നായിരുന്നു കാലടിയില്‍ ശ്രീശങ്കരജയന്തി ആഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി നടത്തിയ പരാമര്‍ശം.
ശങ്കരാചാര്യരുടെ ആത്മീയദര്‍ശനങ്ങളെയും വേദാന്തചിന്തകളെയും തെറ്റായ രീതിയിലാണ് മന്ത്രി വ്യാഖ്യാനിച്ചിരിക്കുന്നതെന്നും സഭാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. . മുമ്പ് പല വേദികളിലും യോഗക്ഷേമസഭയെയും ബ്രാഹ്്മണസമൂഹത്തെയും ശങ്കരാചാര്യരെയും വേദനാജനകമായ തരത്തില്‍ മന്ത്രി ആക്ഷേപിച്ചിട്ടുണ്ട്.
ഒമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ശങ്കരാചാര്യരെയും 1954ല്‍ ജനിച്ച ശ്രീനാരായണഗുരുവിനെയും ഇഎംഎസ്സിനെയും താരതമ്യം ചെയ്യുന്നതിലെ അശാസ്ത്രീയത ശ്രദ്ധിക്കണമെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് വൈക്കം പി എന്‍ നമ്പൂതിരി, ജില്ലാ പ്രസിഡന്റ് എഎ ഭട്ടതിരിപ്പാട്, ജില്ലാ സെക്രട്ടറി ഡോ.കെ എസ് രാജ്കുമാര്‍, വനിതാസഭ ജില്ലാ പ്രസിഡന്റ് മീരാഭായ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."