അറുപറയിലെ ദമ്പതികളുടെ തിരോധാനത്തിന് രണ്ടുമാസം; വഴിമുട്ടി പൊലിസ് അന്വേഷണം
കോട്ടയം: ദുരൂഹ സാഹചര്യത്തില്‍ അറുപറയില്‍ നിന്ന് ദമ്പതികളെ കാണാതായിട്ട് ഇന്ന് രണ്ടുമാസം തികയുമ്പോഴും പൊലിസ് അന്വേഷണം വഴിമുട്ടി. ദമ്പതികളെ സംബന്ധിച്ച തരിമ്പും സൂചനയില്ലാതെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാവാതെ നട്ടം തിരിയുകയാണ് പൊലിസ്. ദമ്പതികളുടെ അറുപറയിലെ വീട്ടിലെത്തിയ ഡി.ജി.പി ടി.പി സെന്‍കുമാര്‍ അന്വേഷണം ഊര്‍ജിതമാക്കാന്‍ നിര്‍ദേശം നല്‍കിയത് മാത്രമാണ് സംഭവവുമായി ബന്ധപ്പെട്ടുണ്ടായ ഏക പുരോഗതി.
ദമ്പതികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് രംഗത്തുണ്ട്. വീട്ടുകാരും നാട്ടുകാരും നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തില്‍ പൊലിസ് നടത്തിയ അന്വേഷണമെല്ലാം എങ്ങുമെത്തിയില്ല. റമദാന്‍ അവസാനിക്കുന്നതിന് മുമ്പെങ്കിലും ഇവര്‍ മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് കുടുംബങ്ങള്‍ ബന്ധുക്കളും. ഏപ്രില്‍ ആറിന് ഹര്‍ത്താല്‍ ദിനത്തിലാണ് ചെങ്ങളം അറുപറ ഒറ്റക്കണ്ടത്തില്‍ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെ സഞ്ചരിച്ച കാറുള്‍പ്പടെ കാണാതാവുന്നത്. ഹാഷിമിന്റെ പിതാവിനോടും 13ഉം എട്ടും വയസുള്ള രണ്ടുമക്കളോടും ഭക്ഷണം വാങ്ങിവരാമെന്നു പറഞ്ഞാണ് രാത്രി ഒമ്പതുമണിയോടെ ഇരുവരും പുറപ്പെട്ടത്. കാണാതായി രണ്ടുമാസം പിന്നിട്ട സാഹചര്യത്തില്‍ അവസാനശ്രമമെന്ന നിലയ്ക്ക് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി നല്‍കാനും ഹാഷിമിന്റെ കുടുംബം ഉദ്ദേശിക്കുന്നുണ്ട്.
തടവില്‍ പാര്‍പ്പിച്ചയാളെ വിട്ടുകിട്ടുന്നതിനായാണ് ഹേബിയസ് കോര്‍പസ് ഹരജി ഫയല്‍ ചെയ്യുന്നത്. എന്നാല്‍ ഈ കേസില്‍ ദമ്പതികളെ ആരെങ്കിലും തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതായി അടുപ്പമുള്ളവര്‍ക്ക് സംശയമില്ല. അതുകൊണ്ടുതന്നെ ഹേബിയസ് കോര്‍പസ് ഹരജി നല്‍കുന്നതിന്റെ സാധ്യത എത്രത്തോളമുണ്ടെന്ന സംശയമുണ്ട്. ദമ്പതികളെ കണ്ടെത്തുന്നതിനായി എല്ലാ ശ്രമങ്ങളും തുടരുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹിയും വാര്‍ഡ് മെമ്പറുമായ റൂബി ചാക്കോ അറിയിച്ചു.
ദക്ഷിണേന്ത്യയിലെ പ്രമുഖ മുസ്്‌ലിം ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും വിഫലമായിരുന്നു. സി.സി.ടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ഇല്ലിക്കലില്‍നിന്ന് കാര്‍ കടന്നുപോവുന്നത് മാത്രമാണ് ആകെ കിട്ടിയ വിവരം .
വീടിനു തൊട്ടുചേര്‍ന്ന് ഒറ്റക്കണ്ടത്തില്‍ സ്‌റ്റോഴ്‌സ് എന്ന പേരില്‍ പലചരക്കുകട നടത്തിവരികയായിരുന്നു ഹാഷിം. ഒരുമാസം മുന്‍പ് വാങ്ങിയ പുതിയ ഗ്രേ കളര്‍ മാരുതി വാഗണ്‍ ആര്‍ കാറിലാണ് ഇരുവരും പുറത്തുപോയത്.
മൊബൈല്‍ ഫോണ്‍, പഴ്‌സ്, എ.ടി.എം കാര്‍ഡ്, ലൈസന്‍സ് എന്നീ രേഖകളൊന്നുമില്ലാതെയാണ് ഹാഷിം വീട്ടില്‍നിന്ന് പുറപ്പെട്ടത്. ഡി.വൈ.എസ്.പി ഗിരീഷ് പി സാരഥി, വെസ്റ്റ് സി.ഐ നിര്‍മല്‍ ബോസ്, കുമരകം എസ്.ഐ ജി രജന്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ 30 പേരടങ്ങുന്ന സംഘമാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."