'രാത്രിയാണ് വെള്ളം കയറിയതെങ്കില്‍ ഈ നാട്ടില്‍ ഞങ്ങളുണ്ടാകുമായിരുന്നില്ല'
കവളപ്പാറ (നിലമ്പൂര്‍): ദുരിതാശ്വാസ സാമഗ്രികളും ഭക്ഷണവും കൊണ്ടുവരുന്ന വാഹനങ്ങള്‍ ഇപ്പോഴും വേണ്ട രീതിയില്‍ എത്തിപ്പെടാത്ത സ്ഥലമാണ് കവളപ്പാറക്ക് സമീപമുള്ള ശാന്തിഗ്രാം എന്ന പ്രദേശം. ഇവിടെ ആള്‍നാശം സംഭവിച്ചിട്ടില്ലെങ്കിലും ഇനി ജീവിക്കാന്‍ കഴിയാത്ത വിധം ഈ നാട് മാറിയിട്ടുണ്ട്. ജീവഹാനി സംഭവിച്ച കവളപ്പാറയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ വഹിച്ചുള്ള വാഹനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തകരും പോയപ്പോള്‍ ശാന്തിഗ്രാമിലേക്ക് ആളുകളെത്തിയത് വളരെ വൈകിയാണ്. ഭൂദാനം വായനാശാല കഴിഞ്ഞ് പൊലിസ് സ്ഥാപിച്ച താല്‍കാലിക ചെക്ക് പോസ്റ്റിലൂടെ വേണം ഇവിടേക്ക് എത്താന്‍. ഈ വഴി വാഹനങ്ങളൊന്നും കടത്തിവിടുന്നില്ല. ദുരിതാശ്വാസ സാമഗ്രികള്‍ കൊണ്ടുവരുന്നവരും ക്ലീനിങ്ങിനായി എത്തുന്നവരും ഇവിടേക്ക് വരുന്നില്ല.
അമ്പുട്ടാന്‍പെട്ടിയിലേക്കുള്ള ഏക റോഡ് മാര്‍ഗമായ പാലം പൂര്‍ണമായും തകര്‍ന്നു. ചാലിയാര്‍ ഗതിമാറി ഒഴുകിയത് കാരണം നിരവധി വീടുകളും സ്ഥലങ്ങളും മരവും മണലും വന്നടിഞ്ഞ് ഉപയോഗശൂന്യമായിമാറി. പുഴ കരകവിഞ്ഞു വന്നത് രാത്രിയായിരുന്നെങ്കില്‍ നിരവധിപേര്‍ ഈ പ്രളയത്തിലകപ്പെടുമായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇനി ഒരിക്കലും വീട്ടിലേക്കു തിരിച്ചു പോവാന്‍ കഴിയാത്ത വിധം ഈ നാട് മാറിയിട്ടുണ്ട്. എല്ലാവരും ബന്ധുവീടുകളിലും ക്യാംപുകളിലുമാണ് ഇപ്പോള്‍ കഴിയുന്നത്.
വൈകിട്ട് മൂന്നിനാണ് ഇവിടെ വെള്ളം വന്നത്. മൂന്നു തവണയായി പുഴ കയറി. കുറഞ്ഞ സമയം കൊണ്ട് എല്ലാവരേയും ഞങ്ങള്‍ വീട്ടില്‍നിന്ന് മാറ്റി. കൈയില്‍ കിട്ടിയത് കൊണ്ട് എല്ലാവരും ഓടി രക്ഷപ്പെട്ടു. അതിനാല്‍ ആരും ഇതിലകപ്പെട്ടില്ല. നാല്‍പതോളം വീടുകള്‍ മണ്ണിനടിയിലാണ്. 40 വര്‍ഷം ഞങ്ങള്‍ ഇന്ന് പിന്നിലോട്ട് പോയി. ഒന്നുമില്ലായ്മയില്‍ നിന്ന് ഇനി എല്ലാം തുടങ്ങണം. ഇവര്‍ ഇന്ന് ഒറ്റപ്പെട്ടു പോയിരിക്കുകയാണ്.
നേരത്തെ ഒഴുകി വന്ന ചാലിയാര്‍ ഇപ്പോള്‍ ചെറിയ പുഴ മാത്രമാണ്. എന്നാല്‍ ചെറിയ തോട് ഇന്ന് വലിയ പുഴയായി മാറിയിരിക്കുകയാണ്. ചാലിയാര്‍ ഗതിമാറിയാണ് ഇങ്ങനെ സംഭവിച്ചത്. ഈ നാട് പൂര്‍വ സ്ഥിതിയിലാക്കി മാറ്റുക എന്നത് അത്ര എളുപ്പമല്ല. മനുഷ്യ ഭാവനക്ക് പോലും സങ്കല്‍പിക്കാന്‍ കഴിയാത്ത വിധം ഈ നാട് രൂപം മാറിയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."