കെ.വി കനാല്‍ ദേശീയ ജലപാതയാകുന്നു
വൈക്കം: കോട്ടയം-വൈക്കം (കെ.വി) കനാല്‍ ദേശീയ ജലപാതയാകുന്നത് പ്രദേശത്ത് വികസനപ്രതീക്ഷകളുയര്‍ത്തുന്നു. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സംസ്ഥാനത്തെ ജലപാതകളില്‍ കെ.വി കനാലും ഉള്‍പ്പെട്ടിട്ടുണ്ടെന്നതാണ് നാടിന്റെ വികസന സ്വപ്നങ്ങള്‍ക്ക് ചിറക് മുളപ്പിക്കുന്നത്.
വൈക്കത്ത് വേമ്പനാട്ട് കായലില്‍ നിന്ന് കോട്ടയം വരെ 28 കിലോമീറ്റര്‍ ദൂരമാണ് കെ.വി കനാലിനുള്ളത്. കൊല്ലം-കോഴിക്കോട് പശ്ചിമതീര ജലപാതയാണ് നിലവില്‍ കേരളത്തിലെ ദേശീയ ജലപാത. കൊല്ലം മുതല്‍ തൃശൂരിലെ കോട്ടപ്പുറം വരെ പണി പൂര്‍ത്തീകരിച്ചിട്ടുണ്ട്. നിലവില്‍ പ്രഖ്യാപിച്ച കോട്ടയം -വൈക്കം കനാല്‍ ഇതുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്.
അതിനാല്‍ തന്നെ വികസനസാധ്യതകളും വര്‍ധിക്കും. ദേശീയ ജലപാതയാക്കുന്നതോടുകൂടി കനാലിന് ആഴവും, ചിലയിടങ്ങളില്‍ വീതിയും കൂട്ടേണ്ടിവരും. അതോടൊപ്പം സംരക്ഷണ ഭിത്തിയും ടെര്‍മിനലുകളും നിര്‍മിക്കണം. കെ.വി കനാലില്‍ കൈയേറ്റങ്ങള്‍ വ്യാപകമായുണ്ട്. അവ ഒഴിപ്പിക്കേണ്ടിയും, ചിലയിടങ്ങളില്‍ വസ്തു ഏറ്റെടുക്കേണ്ടിയും വരും. ഉയരവും, വീതിയും കുറഞ്ഞ പാലങ്ങള്‍ പൊളിച്ച് പുനര്‍നിര്‍മിക്കേണ്ടതുണ്ട്. ഇതിന്റെ ഫണ്ട് എവിടെ നിന്നു കണ്ടെത്തുമെന്നുള്ളതില്‍ വ്യക്തതയില്ല.
കനാല്‍ ദേശീയ ജലപാതയാകുന്നതോടെ ഹൗസ്‌ബോട്ടുകള്‍ക്കും മറ്റും ഉള്‍പ്രദേശങ്ങളിലേക്ക് എത്തുവാന്‍ കഴിയും. ഇത് ഉള്‍നാടന്‍ വിനോദസഞ്ചാരത്തിനും ഗുണം ചെയ്യും.
ആസിഡ്, ഗ്യാസ്, നാഫ്ത, നിര്‍മാണസാമഗ്രികള്‍, കാര്‍ഗോ വെസലുകള്‍ എന്നിവയുടെ ചരക്ക് ഗതാഗതം ദേശീയജലപാതയിലൂടെ കാര്യക്ഷമമാകും. ദേശീയ ജലപാതയുമായി ബന്ധപ്പെട്ട് കിടക്കുന്ന മറ്റ് ചെറിയകനാലുകളുടെ വികസനത്തിനും ഇത് വഴിവെക്കും. ഇതോടൊപ്പം തന്നെ ആലപ്പുഴ-ചങ്ങനാശ്ശേരി കനാലും, ആലപ്പുഴ-കോട്ടയം-അതിരമ്പുഴ കനാലും ജലപാതകളാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
എന്നാല്‍ ജലപാതകളാക്കാന്‍ കനാല്‍ കുഴിച്ച് ആഴംകൂട്ടിയാല്‍ ഉപ്പുവെള്ളം നിയന്ത്രണാതീതമായി കയറുമെന്ന ഭീതി കാര്‍ഷിക മേഖലയെ ആശങ്കയിലാഴ്ത്തുന്നു. അതേസമയം ദേശീയ ജലപാതയില്‍ പണി പൂര്‍ത്തീകരിച്ച ഭാഗത്തു പോലും പ്രവര്‍ത്തനം നടക്കുന്നില്ല.
കൊല്ലം-കോട്ടപ്പുറം പാതയില്‍ തണ്ണീര്‍മുക്കം കാര്‍ഗോ ടെര്‍മിനല്‍ എറ്റെടുത്ത് നടത്താന്‍ ഇതുവരെ ആരും തയാറായിട്ടുമില്ല. ദേശീയ ജലപാത ആകുന്നതോടെ വെള്ളെമെടുക്കുന്നതിനും നിര്‍മാണം നടത്തുന്നതിനും ദേശീയ ജലപാത അതോറിറ്റിയുടെ അനുമതി ആവശ്യമായി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."