മെഡിക്കല്‍ കോളജ്: 2018 ല്‍ പ്രവേശനം ഉറപ്പാക്കുമെന്ന് എം.പി
ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളജിന്റെ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണെന്നും 2018 ല്‍ തന്നെ വിദ്യാര്‍ഥികളുടെ പ്രവേശനം ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണെന്നും അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എം.പി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
പ്രത്യേക ലക്ഷ്യം മുന്‍നിര്‍ത്തി ചിലര്‍ നടത്തുന്ന വ്യാജപ്രചരണങ്ങള്‍ വസ്തുതകളുമായി യാതൊരു ബന്ധമില്ലാത്തതാണെന്നും കെട്ടിട നിര്‍മാണം രാത്രിയും പകലും വ്യത്യാസമില്ലാതെ യുദ്ധകാലാടിസ്ഥാനത്തില്‍ മുന്നോട്ടു പോകുന്നത് ഏതൊരാള്‍ക്കും നേരിട്ട് കാണാവുന്നതാണ്. 40,000 ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന അക്കാദമിക് ബ്ലോക്കിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണ്.
ഈ കെട്ടിടത്തിന്റെ വൈദ്യുതീകരണത്തിന് ആവശ്യമായ എസ്റ്റിമേറ്റ് സര്‍ക്കാരിന് സമര്‍പ്പിച്ചു കഴിഞ്ഞു. 2017 ഡിസംബറിന് മുമ്പ് തന്നെ അക്കാദമിക് ബ്ലോക്കിന്റെ നിര്‍മാണം പൂര്‍ത്തിയാകും. 2 ലക്ഷം ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന ആശുപത്രി സമുച്ചയത്തിന്റെ നിര്‍മാണം വളരെ വേഗത്തില്‍ നടന്നു വരുകയാണ്.
പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള നിര്‍മാണ രീതിയാണ് അവലംബിക്കുന്നത്. നിശ്ചിത സമയത്ത് തന്നെ ആശുപത്രി കെട്ടിട നിര്‍മാണവും പൂര്‍ത്തിയാകും. ദൈനംദിനം എന്ന രീതിയില്‍ മെഡിക്കല്‍ കോളജിന്റെ നിര്‍മാണ പുരോഗതി നേരിട്ട് പരിശോധിച്ച് വരികയാണ്. ആരോഗ്യവകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയിരുന്നു. കരാറുകാര്‍ക്ക് ആദ്യഘട്ടം എന്ന നിലയില്‍ 12 കോടി രൂപ ഇന്ന് തന്നെ നല്‍കുന്നതിനും തീരുമാനമായിട്ടുണ്ട്.
ജൂണ്‍ മാസത്തില്‍ തന്നെ ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വീണ്ടും അവലോകന യോഗം ചേരും. സമയോജിതമായ ഇടപെടലുകള്‍ അവശ്യ സന്ദര്‍ഭങ്ങളില്‍ ഉണ്ടാകുന്നുണ്ടെന്നും ലക്ഷ്യത്തില്‍ നിന്ന് പിന്മാറുന്ന പ്രശ്‌നമില്ലെന്നും എം.പി പറഞ്ഞു.
മെഡിക്കല്‍ കോളജിന് എതിരായ പ്രചരണങ്ങള്‍ ചിലര്‍ ഇപ്പോഴും നടത്തുന്നത് മലയോര ജനതയോടുള്ള വെല്ലുവിളിയാണെന്നും, ഇവര്‍ക്ക് പ്രത്യേക ലക്ഷ്യങ്ങള്‍ ഉണ്ടെന്നും, എന്നാല്‍ ഇത്തരം നീക്കങ്ങള്‍ നടത്തുന്നവര്‍ നിരാശപ്പെടേണ്ടി വരുമെന്നും എം.പി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."