ഇങ്ങനെ പോയാല്‍ കരിപ്പൂര്‍ ശ്വാസം മുട്ടി മരിക്കും
വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതോടെ കരിപ്പൂര്‍ വിമാനത്താവളത്തിലെ തിരക്ക് ഇന്നുള്ളതിന്റെ ഇരട്ടിയാകും. റണ്‍വേയുടെ നീളം കൂട്ടേണ്ടിവരും. അപകടരഹിതമായ ആകാശനയം കരിപ്പൂരിന് അനിവാര്യമാണ്. കുന്നുകള്‍ക്കിടയിലെ ഈ കൊച്ചു വിമാനത്താവളം വികസിക്കണമെങ്കില്‍ ഇനിയും സ്ഥലം വേണം. അതു നടക്കുമോ? അതു നടത്താന്‍ സ്ഥാപിത താല്‍പ്പര്യക്കാര്‍ സമ്മതിക്കുമോ എന്നതാണു ആശങ്കയുണര്‍ത്തുന്ന ചോദ്യം.
കാല്‍നൂറ്റാണ്ടിനിടയിലെ കരിപ്പൂരിലെ യാത്രക്കാരുടെ എണ്ണത്തിലെ വര്‍ധന നാം നേരിട്ടു കണ്ടതാണ്. കഴിഞ്ഞ വര്‍ഷംവരെ ഈ വിമാനത്താവളം വഴി വന്നുപോയത് 25 ലക്ഷം യാത്രക്കാര്‍ ആണ്. അടുത്ത പത്തു വര്‍ഷത്തിനിടയില്‍ മറ്റൊരു 10 ലക്ഷം യാത്രക്കാര്‍ ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇങ്ങനെ വളര്‍ച്ചയില്‍ നിന്ന് വളര്‍ച്ചയിലേക്ക് കുതിച്ചു ചാടുന്ന കരിപ്പൂരില്‍ ഭൗതിക വികസനം പാതിവഴില്‍ എത്തി നില്‍ക്കുന്നതിന് കാരണം വികലമായ രാഷ്ട്രീയ നയമാണ്. രാഷ്ട്രീയക്കാരുടെ ഉദാസീനതയാണ്.
കഴിഞ്ഞ 25 വര്‍ഷക്കാലം കരിപ്പൂരിന്റെ വികസനത്തില്‍ പങ്കാളികളാവാന്‍ മടിച്ചുനിന്ന രാഷ്ട്രീയക്കാരും മലബാറിലെ വ്യവസായ പ്രമുഖരും തൊട്ടടുത്ത സ്വകാര്യ വിമാനത്താവളത്തില്‍ നിക്ഷേപമിറക്കി സായൂജ്യമടയുകയാണ്. തെരഞ്ഞെടുപ്പു കാലത്തു വോട്ടുകള്‍ക്കായി പരക്കം പായുമ്പോള്‍ ആകാശത്തിനു കീഴിലുള്ള സകലതും പുഞ്ചിരിയോടെ വാഗ്ദാനം ചെയ്യുന്നു.
തെരഞ്ഞെടുപ്പു പാലം കടന്നു കഴിഞ്ഞാല്‍ സാങ്കേതിക തടസങ്ങളുടെ 'കൂരായണ' പറഞ്ഞ് കൈകഴുകുന്നു. അപ്പോഴവര്‍ എല്ലാറ്റിനും ഒരുപാടു സാങ്കേതിക തടസം പറയും. കേന്ദ്രനയങ്ങളെ കുറ്റം പറയും. പാരവയ്പ്പും നടത്തും. രാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കുന്ന ജനപ്രതിനിധികള്‍ ഇനിയും ജനിക്കേണ്ടിയിരിക്കുന്നു.
കരിപ്പൂര്‍ വിമാനത്താവളം പൊതുമേഖലാ സ്ഥാപനമാണ്. ഇവിടെ നിക്ഷേപമിറക്കാനും പണം വാരാനുമാവില്ല. അതുകൊണ്ട് നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ കണ്ണും മനസും സ്വകാര്യ പങ്കാളിത്തമുള്ള വിമാനത്താവളങ്ങളിലായിരിക്കും. അവിടെ എത്ര പണമിറക്കാനും അവര്‍ തയ്യാറാണ്. മുതലാളിമാരെ കൈമെയ് മറന്നു സഹായിക്കാന്‍ സ്ഥാപിത താല്‍പ്പര്യക്കാരായ രാഷ്ട്രീയക്കാര്‍ ഒരുക്കമാണ്.
അതുകൊണ്ടാണ് 25 വര്‍ഷമായി കരിപ്പൂരിന്റെ വികസനത്തിനുവേണ്ടി ഒരിഞ്ചു ഭൂമി പോലും ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയാറാവാത്തത്. ഇവിടത്തെ ജനപ്രതിനിധികള്‍ മന്ത്രിസഭയിലോ പാര്‍ലമെന്റിലോ ആത്മാര്‍ത്ഥമായി ഒരക്ഷരം പോലും ഉച്ചരിക്കാത്തത്. വിമാനത്താവള സ്വകാര്യവല്‍ക്കരണ നയം പ്രോത്സാഹിപ്പിക്കുന്ന അന്താരാഷ്ട്ര ലോബി കരിപ്പൂരിനെതിരായി പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ടാണു റണ്‍വേ നവീകരണം മൂന്നര വര്‍ഷമെടുത്തത്. അതുകൊണ്ടാണ് കോഡ് ഇ വിമാനങ്ങള്‍ക്ക് സാങ്കേതികത്വം നിരത്തി വിലക്കേര്‍പ്പെടുത്തിയത്. അതുകൊണ്ടാണു കിട്ടില്ലെന്നും പണമില്ലെന്നും അറിയാമായിരുന്നിട്ടും 485 ഏക്കര്‍ ഭൂമി വേണമെന്നു വാശിപിടിച്ചത്.
ആവശ്യമായ ഭൂമി ഇനിയും ഏറ്റെടുത്തില്ലെങ്കില്‍ കരിപ്പൂര്‍ ഇഞ്ചിഞ്ചായി നശിക്കും. കൂടുതല്‍ യാത്രക്കാരെയോ കൂടുതല്‍ വിമാനങ്ങളെയോ താങ്ങാനാവാതായാല്‍ വിമാന സര്‍വിസുകള്‍ പലതും വിടപറയും. കരിപ്പൂര്‍ ചെറുവിമാനത്താവളമായി രൂപം പ്രാപിക്കും. അപ്പോഴേക്കും തെക്കും വടക്കുമുള്ള സ്വകാര്യ വിമാനത്താവളങ്ങള്‍ വളര്‍ന്നു വലുതാവും.
കണ്ണൂരില്‍നിന്നും കൊച്ചിയില്‍നിന്നും നാല്‍പ്പതു പേര്‍ക്കു സഞ്ചരിക്കാവുന്ന ചെറുവിമാനങ്ങള്‍ ഷട്ടില്‍ സര്‍വിസ് നടത്തി കരിപ്പൂരിലേക്ക് കണക്ടിവിറ്റി ഫ്‌ളൈറ്റ് തുടങ്ങും. അമേരിക്കയിലെ സ്വകാര്യ വിമാനത്താവളങ്ങളില്‍ പതിവായ ഇത്തരം സംരംഭങ്ങള്‍ ഇവിടെയും തുടങ്ങാന്‍ അധികം താമസിക്കില്ല. ഒരുപക്ഷേ, കിയാലും സിയാലും ഇത്തരം ഷട്ടില്‍ സര്‍വിസുകള്‍ സ്വന്തമായി തുടങ്ങുന്ന കാലവും വിദൂരമല്ല.
പിണറായി സര്‍ക്കാരിന്റെ സകല ഇഷ്ടങ്ങളും ശ്രദ്ധയും കണ്ണൂരിനോടാണെന്നു വ്യക്തമാക്കുന്ന ചെയ്തികളാണ് കാണുന്നത്. അടുത്ത തെരഞ്ഞടുപ്പില്‍ ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ തീര്‍ച്ചയായും പിണറായിയെന്ന മുഖ്യമന്ത്രി കണ്ണൂരിനെ കേരളത്തിലെ മഹാനഗരമായി മാറ്റുമെന്നതില്‍ സംശയമില്ല. കൊച്ചിയിലെയും കോഴിക്കോട്ടെയും വ്യവസായികള്‍ കണ്ണൂരില്‍ പണമിറക്കും. അപ്പോഴും കോഴിക്കൊട്ടെയും മലപ്പുറത്തെയും കച്ചവടക്കാര്‍ ഇവിടെ പണമിറക്കുന്നതു ഭക്ഷണശാല തുറക്കാനും ആശുപത്രി കെട്ടാനും സ്വര്‍ണാഭരണ മന്ദിരങ്ങള്‍ നിര്‍മ്മിക്കാനും മാത്രമായിരിക്കും. അതാണല്ലോ കോഴിക്കോടിന്റെ പ്രത്യേകതകള്‍. ആഭരണപ്രിയരും ഭക്ഷണപ്രിയരുമാണല്ലോ കോഴിക്കോട്ടുകാരും മലപ്പുറത്തുകാരും!
അതോടൊപ്പം, വികസനത്തിനായി സര്‍ക്കാരോ സ്വകാര്യ സംരംഭകരോ രംഗത്തിറങ്ങിയാല്‍ അവരെ സമരം ചെയ്ത് ഓടിക്കാനും തോല്‍പ്പിക്കാനും നമ്മള്‍ മറക്കാറില്ല. അതുകൊണ്ടാല്ലോ നമ്മുടെ ഐ.ടി. പാര്‍ക്കുകള്‍ വിജനമായതും കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ വികസിക്കാത്തതും പിറ്റ്‌സ്റ്റേഷന്‍ ഇല്ലാതായതും അലിഗഡ് മുസ്‌ലിം സര്‍വകലാശാല കാടുപിടിച്ചു കിടക്കുന്നതും യൂബര്‍, ഓലെ ടാക്‌സികള്‍ നിരത്തിലോടാന്‍ സമ്മതിക്കാതിരിക്കുന്നതും. മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടുപോയി എന്നു പറഞ്ഞത് പോലെ കോഴിക്കോട്ടുകാര്‍ ചോദിച്ചതെല്ലാം നാളെ കണ്ണൂരിലെത്തും.
ദാനമായി കിട്ടിയ 25 വര്‍ഷങ്ങളില്‍ മലപ്പുറത്തുകാരും കോഴിക്കോട്ടുകാരും ഒന്നും ചെയ്തില്ലല്ലോയെന്നു കണ്ണൂരുകാര്‍ പരിഹസിക്കും. എയര്‍പോര്‍ട്ടിനു വേണ്ടി ഒരിഞ്ചു ഭൂമിപോലും കൂടുതലായി ഏറ്റെടുത്തു കൊടുക്കാന്‍ നിങ്ങള്‍ക്കായില്ലല്ലോ എന്ന് അവര്‍ മുഖത്തുനോക്കി ചോദിക്കും. ഉത്തരംമുട്ടി മിഴിച്ചു നില്‍ക്കുന്നവരുടെ കൂട്ടത്തില്‍ നമ്മുടെ എം.പിമാരും എം.എല്‍.എമാരും പേരെടുത്ത കച്ചവടക്കാരും നേതാക്കളും രാഷ്ട്രീയക്കാരും ചേംബര്‍ അധികാരികളുമുണ്ടാവും. നിര്‍ഭാഗ്യമെന്നു പറയട്ടെ, ഒരു സര്‍വകലാശാല സമ്മാനിച്ച സി.എച്ചിനെപ്പോലെ ജന്മനാടിനോടു കൂറുള്ള ഒരു മുഖ്യമന്ത്രിയെ പിന്നീടു നമുക്കു കിട്ടിയില്ല.
ബേപ്പൂര്‍ തുറമുഖം, മെട്രോ റെയില്‍, റെയില്‍വേ, ടെക്‌നോ പാര്‍ക്കുകള്‍, അലിഗഡ് യൂനിവേഴ്‌സിറ്റി, മാനാഞ്ചിറ വെള്ളിമാട്കുന്ന് റോഡ്, മറൈന്‍ ഡ്രൈവ് അങ്ങനെ മലബാറിന്റെ വികസനത്തിന്റെ നാഴികക്കല്ലുകളായി മാറുമായിരുന്ന പലതും നമ്മില്‍നിന്നു ചിലരെല്ലാം ചേര്‍ന്നു തട്ടിയെടുത്തു. പണത്തോടും പദവിയോടും ആര്‍ത്തി മൂത്ത ഒരു പറ്റമാളുകളുടെ കടന്നുകയറ്റം മലബാറിന്റെ വികസനച്ചിറകൊടിച്ചിരിക്കുകയാണ്.
സ്വകാര്യവല്‍ക്കരണം അനിവാര്യം
തെക്കും വടക്കുമുള്ള രണ്ടു സ്വകാര്യ വിമാനത്താവളങ്ങളുടെ നടുവില്‍ ശ്വാസംമുട്ടി മരിക്കേണ്ടിവരുമോ കരിപ്പൂരിന്? ഒരിടത്തു നാലായിരം മീറ്റര്‍ റണ്‍വേ, മറ്റൊരിടത്ത് 3400 മീറ്റര്‍, കരിപ്പൂരിനു കേവലം 2700 മീറ്റര്‍. കണ്ണൂരും നെടുമ്പാശ്ശേരിയിലും കോഡ് 'എഫ് ' വിഭാഗത്തില്‍പ്പെട്ട എയര്‍ബസ് 380 വിമാനം ഇറക്കാം. കണ്ണൂരിന് 2200 ഏക്കര്‍ ഭൂമിയും കൊച്ചിക്ക് 1800 ഏക്കര്‍ ഭൂമിയുമുണ്ട്. കൂടുതല്‍ വികസന സാധ്യതയുണ്ട്. കരിപ്പൂര്‍ വിമാനത്താവളം കേവലം 385 ഏക്കര്‍ ഭൂമിയിലാണ്. നല്ല വില കിട്ടില്ലെന്നതിനാല്‍ നാട്ടുകാര്‍ തൊട്ടടുത്ത ഭൂമി വിട്ടുകൊടുക്കാന്‍ തയാറല്ല. മാന്യമായ വില നല്‍കി ഭൂമി വാങ്ങാനും ഭൂമി നല്‍കുന്നവരെ പുനരധിവസിപ്പിക്കാനും സര്‍ക്കാര്‍ മടികാണിക്കുന്നു. ഉള്ളതു കൊണ്ട് തൃപ്തിപ്പെട്ടാല്‍ പോരേയെന്നു മലപ്പുറത്തെ രാഷ്ട്രീയക്കാര്‍ കരുതുന്നു. കെ.പി കേശവ മേനോന്‍, സി.എച്ച് മുഹമ്മദ്‌കോയ എന്നിവരുടെ അസാന്നിധ്യം നാം വേദനയോടെ ഓര്‍ക്കുന്നത് ഈ ഘട്ടത്തിലാണ്.
ഇനിയുമൊരു സാന്‍വിച്ചായി കരിപ്പൂര്‍ വിമാത്താവളം മാറാതിരിക്കണമെങ്കില്‍ സ്വകാര്യവല്‍ക്കരണം അനിവാര്യമാണ്. വിമാനത്താവള സ്വകാര്യവല്‍ക്കരണത്തിന് അനുകൂലമാണു മോദി സര്‍ക്കാര്‍. 18 പൊതുമേഖലാ വിമാനത്താവളങ്ങള്‍ മുപ്പതു വര്‍ഷത്തേക്ക് വാടകയ്ക്കു കൊടുക്കുകയാണ്. ലീസ് ഡെവലപ് ആന്‍ഡ് ഓപ്പറേറ്റ് പദ്ധതിയിലാണ് നാലെണ്ണം നല്‍കിയത്. മുംബൈ, ഡല്‍ഹി, ഹൈദരാബാദ്, ബംഗളൂരു വിമാനത്താവളങ്ങള്‍ എന്നിവ സ്വകാര്യ കമ്പനികള്‍ നടത്താന്‍ തുടങ്ങി. അവിടെ മെച്ചപ്പെട്ട സര്‍വിസുകളും സൗകര്യങ്ങളും നല്‍കി യാത്രക്കാരെയും വിമാന കമ്പനികളെയും അവര്‍ ആകര്‍ഷിക്കുന്നു.
എയറോനോട്ടിക്കല്‍ വാടക കൂടാതെ നോണ്‍എയറോനോട്ടിക്കല്‍ വരുമാനവും ധാരാളമായി ലഭിക്കുന്ന കച്ചവടതന്ത്രമാണ് ഇത്തരം സംരംഭങ്ങളുടെ ആകര്‍ഷണീയത. കരിപ്പൂരിന്റെ ഭാവി സുരക്ഷിതവും ശോഭനവുമായിത്തീരണമെങ്കില്‍ കോഴിക്കോട്ടുകാരുടെയും മലപ്പുറത്തുകാരുടെയും അടുത്ത യത്‌നം കരിപ്പൂരിന്റെ സ്വകാര്യവല്‍ക്കരണമാവട്ടെ. അല്ലാത്തപക്ഷം, ഇവിടുത്തെ കച്ചവടക്കാര്‍ സ്വര്‍ണ്ണവും ചായയും ആശുപത്രി ചികിത്സയുമായി കഴിഞ്ഞുകൂടും. കണ്ണൂരുകാര്‍ പരിഹാസത്തോടെ നമ്മെ നോക്കി ചിരിക്കും.
(അവസാനിച്ചു)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."