മോദിക്കും ബി.ജെ.പിക്കും യാത്രയയപ്പിന് സമയമായി
2002 -ല്‍ ഗുജറാത്തില്‍ നടന്ന മുസ്‌ലിം വംശഹത്യ ഭരണകൂടസൃഷ്ടിയായിരുന്നുവെന്നതു രഹസ്യമല്ല. പൊലിസുദ്യോഗസ്ഥരെ വിളിച്ചുചേര്‍ത്തു ഹിന്ദുക്കള്‍ക്കു പ്രതികാരം ചെയ്യാന്‍ അവസരം കൊടുക്കണമെന്നു പറഞ്ഞ ഏക ഭരണാധികാരി ഇന്ത്യാചരിത്രത്തില്‍ നരേന്ദ്രമോദി മാത്രമാണ്. രമണ്‍ ശ്രീവാസ്തവ വിളിച്ചുപറഞ്ഞപോലെ മുസ്‌ലിംകളുടെ മയ്യിത്തിനു ദാഹിച്ച മറ്റൊരാള്‍.
കലാപം നിയന്ത്രിക്കാനെത്തിയ പട്ടാളത്തെ വാഹനസൗകര്യം നല്‍കാതെ 36 മണിക്കൂര്‍ താമസിപ്പിച്ചു മരണനിരക്കും നാശനഷ്ടങ്ങളും കൂട്ടിയതും നരേന്ദ്രമോദിയാണെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
1992-ല്‍ കല്യാണ്‍സിങ്ങും നരസിംഹറാവുവും ബാബരി പള്ളി പൊളിക്കാന്‍ സ്വീകരിച്ച മാര്‍ഗവും പട്ടാളവിന്യാസം താമസിപ്പിക്കലായിരുന്നു. ഫൈസാബാദില്‍ നിന്ന് ആറു കിലോമീറ്റര്‍ മാത്രമുള്ള അയോധ്യയിലെത്താന്‍ പട്ടാളത്തിനു ദിവസങ്ങള്‍ വേണ്ടിവന്നു. റാവു ഹനുമാന്‍ പൂജ കഴിഞ്ഞു പൂജാമുറിയില്‍ നിന്നിറങ്ങാനും നിര്‍ദേശം നല്‍കാനും ബോധപൂര്‍വം വൈകിപ്പിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രിയും യു.പി മുഖ്യമന്ത്രിയും ചേര്‍ന്നു മതേതരത്വത്തെ അന്നു മാനഭംഗപ്പെടുത്തി.
ആര്‍.എസ്.എസ് ലോകം ഭയക്കുന്ന അതിഭീകരപ്രസ്ഥാനങ്ങളിലൊന്നാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലൊരിടത്തും സാന്നിധ്യമറിയിക്കാത്ത ആര്‍.എസ്.എസ് എങ്ങനെ ഇന്ത്യന്‍ ഭരണസിരാകേന്ദ്രം കൈയടക്കി. മതേതരപ്പാര്‍ട്ടികളുടെ അധികാരദാഹം ശത്രുവിനു പരവതാനിയൊരുക്കലായി പര്യവസാനിച്ചു.
പെഷവാറില്‍ 132 കുരുന്നുകളെ വെടിവച്ചു വീഴ്ത്തിയ ശക്തികള്‍ക്കു പിന്നില്‍ ആര്‍.എസ്.എസാണെന്ന് ഐക്യരാഷ്ട്രസഭയില്‍ പാകിസ്താന്‍ വിദേശകാര്യമന്ത്രി ആരോപണമുന്നയിച്ചപ്പോള്‍ ലോകത്തിനൊപ്പം ഇന്ത്യക്കാരും ഞെട്ടി. ഈ ഭീകര പ്രസ്ഥാനത്തിലൂടെ വളര്‍ന്നവരാണു ഭരണരംഗത്തുള്ളത്. 2014-ല്‍ നരേന്ദ്രമോദി ജയിച്ചു കയറിയതു 31 ശതമാനം മാത്രം വോട്ടിന്റെ പിന്‍ബലത്തിലാണ്. 69 ശതമാനം മതേതര ഭാരതത്തിന്റെ മനസു വായിക്കാനും ഉപയോഗപ്പെടുത്താനും കഴിയാതെ പോയ ദേശീയ-പ്രാദേശിക പാര്‍ട്ടികള്‍ തെറ്റു തിരുത്തിയില്ലെങ്കില്‍ ഭാരതം ഇനിയും നാണംകെടും.
നന്മ വരുന്നതിന്റെ കാലൊച്ച
മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് അഭിപ്രായ സര്‍വേ നല്ല സൂചനയാണു നല്‍കുന്നത്. അവിടെയും ആര്‍.എസ്.എസിന്റെ ഏജന്‍സികളായി പല പാര്‍ട്ടികളില്‍ പണിയെടുക്കുന്നവരുടെ യാഥാര്‍ഥ്യം വിസ്മരിച്ചുകൂടാ. ബി.ജെ.പിയെ യാത്രയയക്കാന്‍ ഇന്ത്യന്‍ വോട്ടര്‍ തീരുമാനിച്ചതായാണു മനസിലാകുന്നത്. എന്നാല്‍, കോണ്‍ഗ്രസും ഇടതുപക്ഷവുമുള്‍പ്പെടുന്ന മതേതരപ്പാര്‍ട്ടികള്‍ ഇപ്പോഴും യാഥാര്‍ഥ്യ ബോധത്തിലെത്തിയതായി തോന്നുന്നില്ല.
നോട്ടുനിരോധനം നൂറ്റാണ്ടിലെ മണ്ടത്തരമായിരുന്നു. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ താറുമാറായെന്നു പറഞ്ഞതു സുബ്രഹ്മണ്യസ്വാമിയാണ്. മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ മോദിയുടെ നോട്ടുനിരോധനത്തിന്റെ ദുരന്തങ്ങള്‍ എണ്ണിപ്പറഞ്ഞിട്ടുണ്ട്.
ശിവാജി, പട്ടേല്‍ പ്രതിമകള്‍ അടക്കം പ്രതിമാനിര്‍മാണങ്ങള്‍ക്കു മോദി ചെലവിട്ടതു നാലായിരത്തിലധികം കോടി രൂപ. പ്രളയദുരിതത്തിനു നല്‍കിയത് 600 കോടി. 200 കോടി മനുഷ്യരെക്കുറിച്ചല്ല, മരിച്ചവരെക്കുറിച്ചും മൃഗങ്ങളെക്കുറിച്ചുമാണു മോദിയുടെ ഉല്‍ക്കണ്ഠയും ചിന്തയും. മോദിയുടെ പടമടങ്ങിയ പരസ്യത്തിനു 1400 കോടി രൂപയാണു മുടക്കിയത്. 130 കോടി ജനങ്ങളുടെ ആഹാരത്തെക്കുറിച്ചു വിചാരമില്ല. എന്നാല്‍, പശുക്കളെ സംരക്ഷിക്കാന്‍ വലിയ തിടുക്കം നടക്കുന്നു.
മനുഷ്യരെ പട്ടാപ്പകല്‍ കൂട്ടം ചേര്‍ന്നു കൊല്ലുന്ന ലോകത്തിലെ ഏക രാജ്യമാണ് ഇന്ത്യ. കാപ്പിരികളും ജര്‍വകളും പാര്‍ക്കുന്ന നാടുകളില്‍പ്പോലും മനുഷ്യരിങ്ങനെ വേട്ടയാടപ്പെടുന്നില്ല.
2019 ഇന്ത്യയുടെ വിമോചനവര്‍ഷമാവണം. ഭാരതത്തിന്റെ കളഞ്ഞുപോയ സാംസ്‌കാരിക സമ്പന്നത തിരികെക്കൊണ്ടുവരണം. മര്യാദ മറന്നു ബി.ജെ.പി നടത്തിയ കാടന്‍ ഭരണം 'കാലം' ചെയ്യുകതന്നെ വേണം. അമിത്ഷായും മോദിയും സംഘ്പരിവാര്‍ കൂട്ടവും കാണിച്ച അഴിമതിയും കൊലയും അവകാശനിഷേധവും വിചാരണ ചെയ്യപ്പെടണം. ഭാരതം ലോകത്തിനു മാതൃകയായിരുന്നു. സഹിഷ്ണുതയുടെ നാട്, നേരിന്റെ നാട്. അതു തിരിച്ചുകൊണ്ടുവരാന്‍ മതേതരപ്പാര്‍ട്ടികള്‍ക്കു ദിശാബോധമാണ് ഇനിയുണ്ടാവേണ്ടത്.
പെണ്ണെഴുത്തുകാര്‍
നിയമനിര്‍മാണസഭകളിലും സി.പി.എം പോളിറ്റ് ബ്യൂറോയിലും 50 ശതമാനം പെണ്‍പ്രാതിനിധ്യം വേണമെന്നതില്‍ കോടിയേരിയും പാര്‍ട്ടിയും തല്‍പരരല്ല. ചന്തമുള്ള പെണ്ണിനെ കണ്ടാല്‍ സഖാക്കള്‍ക്കു സ്ഥലകാലബോധം നഷ്ടപ്പെടുകയാണെന്നു മുല്ലപ്പള്ളി സിദ്ധാന്തിച്ചിട്ട് അധികദിവസമായിട്ടില്ല.
മൂന്നുശതമാനം തികയാത്ത ദൈവനിഷേധികളാണിപ്പോള്‍ ആരാധനാസ്വാതന്ത്ര്യവാദികള്‍. ഭരണപരാജയം മറയ്ക്കാന്‍ ചര്‍ച്ചകള്‍ വഴിതിരിച്ചു വിടുന്നതിനു ശ്രമിക്കുകയാണു പെണ്ണുടല്‍ വാദക്കാര്‍. മതകാര്യങ്ങള്‍ പറയാനുള്ളതാണു മതസംഘടനകള്‍. അതാണു നാട്ടുനടപ്പ്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25-27 ഇക്കാര്യം ഉറപ്പു നല്‍കുന്നുണ്ട്. അമ്പലത്തിലും പള്ളിയിലും എന്തു നടക്കണമെന്നു തീരുമാനിക്കേണ്ടതു രാഷ്ട്രീയപ്പാര്‍ട്ടികളല്ല.
റോഡില്ല, പാലമില്ല, അരിയില്ല, പണിയില്ല, കുടിവെള്ളവുമില്ല. ഉള്ളതു മന്ത്രിമാരുടെ കിടിലന്‍ പ്രസ്താവനകളും അഴിമതിക്കഥകളും മാത്രം. നോട്ടിന്റെ വിലയിടിവും വിലക്കയറ്റവും കാരണം നിത്യോപയോഗസാധനങ്ങള്‍ വാങ്ങാന്‍ പണം ഓട്ടോറിക്ഷയില്‍ കൊണ്ടുപോകേണ്ട അവസ്ഥയാണ്. ഹണിമൂണ്‍ കഴിഞ്ഞാല്‍ ഭരിച്ചു തുടങ്ങുമെന്നാണു പറഞ്ഞിരുന്നത്. ഇപ്പോള്‍ അന്ത്യകൂദാശക്കടുത്തിട്ടും 'ഭരിഞ്ഞു' തുടങ്ങിയിട്ടില്ല. നടക്കുന്നതു പിരിവും ഉല്ലാസയാത്രയും മാത്രം.
മതസ്ഥാപനങ്ങള്‍ സ്വയാര്‍ജിത വസ്തുവകകളാണ്. അതു സ്ഥാപിച്ചത് എന്തിനുവേണ്ടിയാണോ അതാണവിടെ നടക്കേണ്ടത്. കോടിയേരിയും ജലീലും പറയുന്നതു നടത്തേണ്ടതു പാര്‍ട്ടി ഓഫിസുകളിലും സ്വഭവനങ്ങളിലുമാണ്. അവനവന്റെ കണ്ണിലെ ആനയെ നീക്കാതെ ആരാന്റെ കണ്ണിലെ കരടു നീക്കാനുള്ള ശ്രമം അപഹാസ്യമാണ്. എന്തിനാണ് അനുവദിച്ച ബിയര്‍-മദ്യശാലകള്‍ റദ്ദാക്കിയത്. മന്ത്രിക്കൂട്ടങ്ങളില്‍ അഴിമതി നടന്നുവെന്നല്ലാതെ എന്താണുത്തരം. അകത്തളം നന്നാക്കുകയാണുവേണ്ടത്, പുറം മിനുക്കലല്ല. അതിനുദാഹരണം മര്‍ഹൂം തഴവ മൗലവി പറഞ്ഞത് 'കക്കൂസ് പരിസരം വൃത്തിയാക്കി അകം നിറയെ മാലിന്യ'മാണെന്നു ഓര്‍മയില്ലാത്തവരാണെന്നാണ്.
ഖഷോഗി
സഊദി രാജാവ് സല്‍മാന്‍ കുടുംബവുമായി അടുപ്പവും ഇടപാടുമുണ്ടായിരുന്ന പത്രപ്രവര്‍ത്തകനാണു ജമാല്‍ ഖഷോഗി. അദ്‌നാന്‍ ഖഷോഗി ഡയാന രാജകുമാരിയെ പിന്തുടര്‍ന്ന കഥ നാം മറന്നിട്ടില്ല. ബിന്‍ലാദന്മാര്‍ സഊദിയിലെ ധനതമ്പുരാക്കളാണ്. ശൈഖ് മുഹമ്മദ് രാജകുമാരന്‍ വന്നതില്‍ പിന്നെ ഖഷോഗിയുടെ മട്ടുമാറി. സ്തുതി പാടിയ പേന വിമര്‍ശനായുധമായി. വിവാഹസര്‍ട്ടിഫിക്കറ്റ് ശരിയാക്കാന്‍ അങ്കാറയിലെ സഊദി എംബസിയില്‍ കയറിയ ഖഷോഗിയെ പിന്നെ കാണാതായി. വിമാനത്തില്‍ സഊദിയില്‍ നിന്നുവന്ന കൊലയാളികളാണു ഖഷോഗിയെ ഇല്ലാതാക്കിയതെന്നു തുര്‍ക്കി പത്രവും ഉര്‍ദുഗാനും പറയുന്നു.
യു.കെ, യു.എസ്, യു.എന്‍ സഊദിയോടു വിശദീകരണം തേടിയിരിക്കയാണ്. പണം യഥേഷ്ടമുള്ളതിനാല്‍ സഊദിക്ക് ഉത്തരം പറയേണ്ടി വരില്ല. അതാണല്ലോ ലോകനൈതികത. ഇതിലും വലിയ കുറ്റകൃത്യമാണ് യമനില്‍ സഊദി കാണിക്കുന്നത്. ബോംബ് വാരി വിദ്യാലയങ്ങളിലും ആശുപത്രികളിലും വര്‍ഷിച്ചിട്ടെന്തായി. ഒരാള്‍ക്കും ധനാഢ്യരെ വിരട്ടാനാവില്ലെന്ന അവസ്ഥ നിലനില്‍ക്കെ ദൈവ നീതി പുലരുമെന്നാശ്വസിക്കാനേ കഴിയൂ.
വസീറാബാദിലെ ക്ലാസ്മുറി
ഡല്‍ഹിയിലെ വസീറാബാദിലെ ഒരു സ്‌കൂളില്‍ മുസ്‌ലിംകുട്ടികള്‍ക്കും ഹിന്ദുകുട്ടികള്‍ക്കും പ്രത്യേക ക്ലാസ് മുറികള്‍ ഒരുക്കിയതു വിവാദമായി. ചില അധ്യാപകരാണു വിഷയം പുറത്തെത്തിച്ചത്. ഇന്ത്യ നന്നാവുമെന്ന ധാരണയ്ക്കാണു വീണ്ടും വീണ്ടും തിരുത്തലുണ്ടാവുന്നത്. അധമ വിചാരക്കാരുടെ വംശനാശം സംഭവിച്ചിട്ടില്ല.
ഡോക്ടര്‍ എ.പി.ജെ അബ്ദുല്‍ കലാമിന്റെ ബാല്യകാലാനുഭവം അദ്ദേഹം കുറിച്ചിട്ടതിങ്ങനെയാണ്: 'ഞാന്‍ രാമേശ്വരം എലിമെന്ററി സ്‌കൂളില്‍ അഞ്ചാം സ്റ്റാന്‍ഡേര്‍ഡില്‍ പഠിക്കുമ്പോള്‍ ഒരു ദിവസം പുതിയ അധ്യാപകന്‍ വന്നു. മുസ്‌ലിമാണെന്നു തിരിച്ചറിയുന്ന തൊപ്പി ധരിച്ച ഞാന്‍ മുന്‍നിരയില്‍ പൂണൂലിട്ട രാമനാഥശാസ്ത്രിയുടെ തൊട്ടടുത്താണു പതിവായി ഇരുന്നിരുന്നത്.
ഹൈന്ദവപുരോഹിതന്റെ പുത്രന്‍ മുസ്‌ലിം ബാലനൊപ്പമിരിക്കുന്നതിനോടു പൊരുത്തപ്പെടാന്‍ പുതിയ അധ്യാപകനു കഴിഞ്ഞില്ല. എന്നോട് പിന്‍നിരയിലിരിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. എനിക്കും രാമനാഥശാസ്ത്രിക്കും വലിയ ദുഃഖമുണ്ടായി. രാമനാഥശാസ്ത്രി വിതുമ്പിക്കരഞ്ഞു. ഞങ്ങളിരുവരും വീട്ടില്‍ചെന്നു മാതാപിതാക്കളോടു വിഷയം പറഞ്ഞു. ലക്ഷ്മണശാസ്ത്രി ആ അധ്യാപകനെ വിളിപ്പിച്ചു. എന്നിട്ട് ഞങ്ങളുടെ സാന്നിധ്യത്തില്‍ത്തന്നെ നിഷ്‌കളങ്കരായ കുഞ്ഞുങ്ങളുടെ മനസില്‍ അസഹിഷ്ണുതയുടെ വിഷം പരത്തരുതെന്നു പറഞ്ഞു. 'ഒന്നുകില്‍ മാപ്പു പറയുക അല്ലെങ്കില്‍ രാമേശ്വരം വിട്ടു പോവുക': അദ്ദേഹം പറഞ്ഞു (അഗ്നിച്ചിറകുകള്‍, പുറം 25-26).
നല്ലവരില്‍ നിന്നാണു നന്മയുണ്ടാവുക. അവര്‍ക്കാണു നന്മകള്‍ നിര്‍മിക്കാനും കഴിയുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."