പെഹ്‌ലു ഖാന്‍ കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ പ്രഖ്യാപിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍
ന്യൂഡല്‍ഹി: അല്‍വാറില്‍ പെഹ്‌ലു ഖാനെതിരായ ആള്‍ക്കൂട്ടക്കേസിലെ പ്രതികളെയെല്ലാം വെറുതെവിട്ട നടപടിക്കെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍. മുന്‍ അന്വേഷണത്തിലെ വീഴ്ചകള്‍ കണ്ടുപിടിക്കാനും സമഗ്ര അന്വേഷണം നടത്താനും വേണ്ടി പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചിരിക്കുകയാണ് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്.
എല്ലാ പ്രതികളെയും വെറുതെവിട്ട ആല്‍വാര്‍ കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ കേസ് വീണ്ടും അന്വേഷിക്കാന്‍ ഉത്തരവിട്ടത്.
ഗോരക്ഷകരുടെ മര്‍ദനത്തില്‍ ക്ഷീരകര്‍ഷകനായ പെഹ്‌ലുഖാന്‍ കൊല്ലപ്പെട്ട കേസ് പുനരന്വേഷിക്കാനാണ് മുഖ്യമന്ത്രി ഉത്തരവിട്ടിരിക്കുന്നത്. സംശയത്തിന്റെ ആനൂകൂല്യം നല്‍കിയാണ് അഡീഷണല്‍ മജിസ്‌ട്രേറ്റ് കോടതി പ്രതികളെ വെറുതെവിട്ടത്.
ഡി.ഐ.ജി നിതിന്‍ദീപ് ബല്ലാഗനാണ് പുതിയ അന്വേഷണ സംഘത്തിന്റെ തലവന്‍. എസ്.പി രണ്‍ദീര്‍ സിങ്, എ.എസ്.പി സമീര്‍ ദുബൈ തുടങ്ങിയവരെയും അന്വേഷണത്തിന് നിയോഗിച്ചു.
2017 ഏപ്രില്‍ ഒന്നിനായിരുന്നു അല്‍വാറില്‍ ഗോരക്ഷാ ഗുണ്ടകളുടെ മര്‍ദനമേറ്റ് പെഹ്‌ലുഖാന്‍ എന്ന ക്ഷീരകര്‍ഷകന്‍ കൊല്ലപ്പെട്ടത്. ജയ്പൂരില്‍ നിന്നു കന്നുകാലികളെ വാങ്ങി ഹരിയാന അതിര്‍ത്തിയിലുള്ള ഗ്രാമത്തിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു ആക്രമണമുണ്ടായത്. പെഹ്‌ലു ഖാനെ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ പുറത്തുവന്നതോടെ 2017 ല്‍ രാജ്യത്തെ ഏറ്റവും ഞെട്ടിച്ച സംഭവങ്ങളിലൊന്നായി അല്‍വാര്‍ സംഭവം മാറിയിരുന്നു.
അന്ന് രാജസ്ഥാന്‍ ഭരിച്ചിരുന്നത് ബി.ജെ.പിയായിരുന്നു. പ്രതികളെ സഹായിക്കുകയും പെഹ്‌ലുഖാന്റെ കുടുംബത്തെ ദ്രോഹിക്കുകയും ചെയ്യുന്ന നിലപാടാണ് ബി.ജെ.പി സര്‍ക്കാരും പൊലിസും സ്വീകരിച്ചത്. പ്രതികള്‍ക്കെതിരെ ശിക്ഷാ വിധിയുണ്ടായില്ലെങ്കില്‍ പുനരന്വേഷണം നടത്തുമെന്ന് പിന്നീട് അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."