ശബരിമല തീര്‍ഥാടകരെ തടഞ്ഞു; നിലയ്ക്കലില്‍ സംഘര്‍ഷം
നിലയ്ക്കല്‍: പമ്പയിലേക്കുള്ള ശബരിമല തീര്‍ഥാടകരെ തടഞ്ഞതിനെ തുടര്‍ന്ന് നിലയ്ക്കലില്‍ സംഘര്‍ഷം. യുവതികളെ തടയാന്‍ ഇന്നലെ രാവിലെ മുതല്‍ നിലയ്ക്കലില്‍ സമരക്കാര്‍ തമ്പടിച്ചിരുന്നു.
ചെന്നൈയില്‍ നിന്നെത്തിയ ദമ്പതികളെ സമരക്കാര്‍ തടഞ്ഞതോടെയാണ് സ്ഥലത്ത് സംഘര്‍ഷം ഉടലെടുത്തത്. വിവിധ തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് എത്തിയ പഴനി(45), ഭാര്യ പഞ്ചവര്‍ണം(40) എന്നിവര്‍ നിലയ്ക്കലില്‍നിന്ന് പമ്പയിലേക്ക് ബസില്‍ പുറപ്പെടാന്‍ ഒരുങ്ങുമ്പോഴാണ് സമരക്കാര്‍ തടഞ്ഞത്. പമ്പവരെയേ പോകുന്നുള്ളൂ എന്നു പറഞ്ഞിട്ടും സമരക്കാര്‍ വഴങ്ങിയില്ല. ബസില്‍നിന്ന് വലിച്ചു പുറത്തിറക്കിയ ശേഷം പഞ്ചവര്‍ണത്തെ വലിച്ചിഴച്ച് സമരപ്പന്തലിലേക്ക് കൊണ്ടുപോയി. പൊലിസ് നോക്കിനില്‍ക്കുമ്പോഴായിരുന്നു അതിക്രമം.
ഒടുവില്‍ പൊലിസ് ഇടപെട്ട് പഴനിയെയും പഞ്ചവര്‍ണത്തെയും രക്ഷപ്പെടുത്തുകയായിരുന്നു. നേരത്തെ പമ്പയിലേക്ക് കെ.എസ്.ആര്‍.ടി.സി ബസില്‍ പോയ വനിതാ മാധ്യമപ്രവര്‍ത്തകരെയും സമരക്കാര്‍ തടഞ്ഞിരുന്നു. സ്ത്രീകളായ പ്രതിഷേധക്കാര്‍ ഇവരെ ബലംപ്രയോഗിച്ച് ബസില്‍നിന്ന് ഇറക്കിവിടുകയായിരുന്നു. പമ്പയിലെത്തി റിപ്പോര്‍ട്ട് ചെയ്യാനും ദൃശ്യങ്ങള്‍ പകര്‍ത്താനും മാത്രമാണ് എത്തിയതെന്ന് ഇവര്‍ അറിയിച്ചെങ്കിലും പ്രതിഷേധക്കാര്‍ ചെവികൊണ്ടില്ല. പമ്പയിലേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി ബസ് ഉള്‍പ്പെടെ എല്ലാ വാഹനങ്ങളും സമരക്കാര്‍ തടഞ്ഞുനിര്‍ത്തി യുവതികള്‍ ഇല്ലെന്ന് ഉറപ്പുവരുത്തിയാണ് കടത്തിവിടുന്നത്. അതേസമയം, ശബരിമല തീര്‍ഥാടകരെ തടഞ്ഞാല്‍ ശക്തമായ നടപടി എടുക്കുമെന്ന് പൊലിസ് അറിയിച്ചു. പമ്പയിലും സന്നിധാനത്തും പ്രതിഷേധങ്ങളോ യോഗങ്ങളോ അനുവദിക്കില്ല. നിലയ്ക്കലിന് അപ്പുറത്തേക്ക് സ്വകാര്യവാഹനങ്ങള്‍ കയറ്റിവിടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."