ബ്രൂവറി: പിണറായി വിജയന്‍ നടത്തിയത് ക്രിമിനല്‍ കുറ്റമെന്ന് മുല്ലപ്പള്ളി
തൃശൂര്‍: മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി ബ്രൂവറിക്ക് ലൈസന്‍സ് നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയത് ക്രിമിനല്‍ കുറ്റമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
പിടിക്കപ്പെട്ടപ്പോള്‍ കളവ് മുതല്‍ ഇട്ടെറിഞ്ഞ് ഓടിപ്പോയതിന് സമമാണ് പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ബ്രൂവറി ലൈസന്‍സ് റദ്ദാക്കേണ്ടി വന്ന പിണറായി വിജയന്റെ അവസ്ഥ. ലൈസന്‍സ് റദ്ദാക്കിയത് കൊണ്ട് പിണറായി വിജയന്‍ ചെയ്ത ക്രിമിനല്‍ കുറ്റം ഇല്ലാതാകുന്നില്ലെന്നും തൃശൂര്‍ ജില്ലാ കോണ്‍ഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. മുന്നൊരുക്കങ്ങളില്ലാതെ ഡാമുകള്‍ തുറന്നുവിട്ടതാണ് പ്രളയത്തിന് കാരണമെന്ന് വ്യക്തമായിക്കഴിഞ്ഞു. ഡാം തുറന്നുവിട്ട സംഭവത്തില്‍ എന്തിനാണ് സര്‍ക്കാര്‍ ജുഡിഷ്യല്‍ അന്വേഷണത്തെ പേടിക്കുന്നത്. ഡാം തുറന്നുവിട്ട സംഭവത്തില്‍ ജുഡിഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സമരം തുടരും. നരേന്ദ്ര മോദി സര്‍ക്കാര്‍ സമസ്തമേഖലകളിലും പരാജയപ്പെട്ടു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകര്‍ന്നു. വിദ്യാഭ്യാസ മേഖല കാവിവല്‍ക്കരിച്ചു. ഒരു തവണകൂടി അധികാരത്തിലെത്തിയാല്‍ മതേതര ഇന്ത്യയെ ഹൈന്ദവ രാഷ്ട്രമാക്കി മാറ്റുകയാണ് മോദി ചെയ്യുക. രാജ്യം കടുത്ത ആപത്തിലാണ്. രാജ്യത്തെ രക്ഷിക്കുകയെന്ന വെല്ലുവിളി ഏറ്റെടുത്തില്ലെങ്കില്‍ കാലം മാപ്പുതരില്ലെന്നും മുല്ലപ്പള്ളി പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു. ഡി.സി.സി പ്രസിഡന്റ് ടി.എന്‍ പ്രതാപന്‍ അധ്യക്ഷനായി. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ വി. ബലറാം, എം.പി ജാക്‌സണ്‍, പത്മജ വേണുഗോപാല്‍, മുന്‍ മന്ത്രിമാരായ സി.എന്‍ ബാലകൃഷ്ണന്‍, കെ.പി വിശ്വനാഥന്‍, മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ജോസഫ് ചാലിശ്ശേരി, എം.പി ഭാസ്‌കരന്‍ നായര്‍, ഒ.അബ്ദുറഹിമാന്‍കുട്ടി, പി.എ മാധവന്‍, സാവിത്രി ലക്ഷ്മണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."