മന്ത്രിമാരുടെ വിദേശയാത്ര റദ്ദാക്കി തീരുമാനം വൈകിപ്പിച്ച് കേന്ദ്രം
തിരുവനന്തപുരം: കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് സഹായം തേടിയുള്ള മന്ത്രിമാരുടെ വിദേശ യാത്ര സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. മന്ത്രിമാര്‍ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള അനുമതി കേന്ദ്രം അനിശ്ചിതമായി വൈകിപ്പിച്ചതിനെ തുടര്‍ന്നാണ് നടപടി. ഇന്ന് മുതല്‍ വിവിധ രാജ്യങ്ങളിലേക്ക് യാത്ര തിരിക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഇന്നലെ രാത്രിയും മന്ത്രിമാര്‍ക്കുള്ള അനുമതിയുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമായ നിലപാട് എടുക്കാത്ത സാഹചര്യത്തിലാണ് ഇനി കാത്തിരിക്കുന്നതില്‍ അര്‍ഥമില്ലെന്ന വിലയിരുത്തലില്‍ യാത്ര റദ്ദാക്കാന്‍ തീരുമാനമെടുത്തത്.
മന്ത്രിമാരുടെ യാത്രക്ക് അനുമതി നല്‍കണമെന്ന് അഭ്യര്‍ഥിച്ച് കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി വിദേശകാര്യ വകുപ്പ് സെക്രട്ടറിക്ക് കത്തു നല്‍കിയിരുന്നു. യാത്രയുടെ ഉദ്ദേശ്യവും ഫണ്ട് ലഭിക്കേണ്ട ആവശ്യകതയും കത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചില മന്ത്രിമാര്‍ക്കെങ്കിലും യാത്രാനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു സര്‍ക്കാര്‍. എന്നാല്‍ ഇന്നലെ രാത്രിയിലും അപേക്ഷയില്‍ കൃത്യമായ മറുപടി ലഭിച്ചില്ല.
അതേസമയം യാത്രക്ക്് നേരത്തേതന്നെ അനുമതി ലഭിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു പുലര്‍ച്ചെ യു.എ.ഇയിലേക്ക് യാത്രതിരിച്ചു. ഇന്നും നാളെയും അബൂദബിയില്‍ വിവിധ പ്രവാസി സംഘടനകളുടെ പരിപാടിയില്‍ പങ്കെടുത്ത് സഹായം അഭ്യര്‍ത്ഥിക്കും.
കര്‍ശന ഉപാധികളോടെയാണ് മുഖ്യമന്ത്രിക്ക് കേന്ദ്രം യാത്രാനുമതി നല്‍കിയിരിക്കുന്നത്. വിദേശ ഫണ്ട് സ്വീകരിക്കരുത്, ഔദ്യോഗിക കൂടിക്കാഴ്ചകള്‍ പാടില്ല, ഔദ്യോഗിക യോഗങ്ങളിലൊന്നും പങ്കെടുക്കരുത്, ദുരിതാശ്വാസവുമായി ബന്ധപ്പെട്ട പരിപാടികളില്‍ മാത്രമേ പങ്കെടുക്കാവൂ തുടങ്ങിയവയാണ് നിബന്ധനകള്‍. ഈ മാസം 17 മുതല്‍ 21 വരെ മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി ഫണ്ട് ശേഖരിക്കാമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഖത്തര്‍, കുവൈത്ത്, സിംഗപ്പൂര്‍, മലേഷ്യ, ആസ്‌ത്രേലിയ, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, ജര്‍മനി, യു.എസ്, കാനഡ, ശ്രീലങ്ക എന്നീ രാജ്യങ്ങളായിരുന്നു മന്ത്രിമാര്‍ സന്ദര്‍ശിക്കാനിരുന്നത്. കഴിഞ്ഞ രണ്ടിനാണ് കേരള സര്‍ക്കാര്‍ യാത്രാനുമതി തേടി കേന്ദ്രത്തിന് അപേക്ഷ നല്‍കിയത്. മുഖ്യമന്ത്രി പ്രധാനമന്ത്രിയെയും വിദേശകാര്യ മന്ത്രിയെയും കണ്ട് കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."