'മന്ത്രിമാര്‍ക്ക് അനുമതി നല്‍കില്ലെന്ന് പറഞ്ഞിട്ടില്ല' കേന്ദ്രത്തെ പിണക്കാതെ മുഖ്യമന്ത്രി
തിരുവനന്തപുരം: കേരള പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി മന്ത്രിമാര്‍ വിദേശത്തേക്ക് പോകുന്നത് തടഞ്ഞ കേന്ദ്ര സര്‍ക്കാരിനെ പിണക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്. മന്ത്രിമാര്‍ക്ക് അനുമതി നല്‍കില്ലെന്ന് കേന്ദ്രം ഇതുവരെ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. അനുമതിയ്ക്ക് കാലതാമസം ഉണ്ടാകുക മാത്രമാണ് ചെയ്യുന്നത്. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വിദേശയാത്രയ്ക്കുള്ള അനുമതി ഒരുമിച്ചാണ് തേടിയത്. മുഖ്യമന്ത്രിയ്ക്ക് പ്രധാനമന്ത്രിയാണ് അനുമതി നല്‍കേണ്ടത്. ഇത് പ്രധാനമന്ത്രിയുടെ ഓഫീസ് അംഗീകരിക്കുകയും അനുമതി നല്‍കുകയും ചെയ്തു.
മന്ത്രിമാരുടെ വിദേശ യാത്രയ്ക്ക് വിദേശകാര്യ മന്ത്രാലയമാണ് അനുമതി നല്‍കേണ്ടത്. മുഖ്യമന്ത്രിയ്ക്ക് അനുമതി നല്‍കിയതിനു പിന്നാലെ മറ്റ് മന്ത്രിമാരുടെ യാത്രയ്ക്ക് അനുമതി നല്‍കുമെന്നാണ് കരുതിയത്. മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് അനുമതി കിട്ടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. നേരത്തെ തന്നെ ഇക്കാര്യം പ്രധാനമന്ത്രിയുമായി സംസാരിച്ചിരുന്നു. പോസിറ്റീവായ സമീപനമാണ് പ്രധാനമന്ത്രിയില്‍ നിന്നുണ്ടായത്. ഗുജറാത്ത് നേരിട്ട ദുരന്തത്തിന്റെ അനുഭവം അദ്ദേഹം തന്നോട് പങ്കുവയ്ക്കുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗുജറാത്തികള്‍ സഹായിച്ചത് വിവരിക്കുകയും ചെയ്തു.
നിബന്ധനകള്‍ മുഖ്യമന്ത്രിക്ക് അനുമതി തേടിയപ്പോള്‍ അങ്ങോട്ട് വച്ചതാണ്. നേരത്തെ പുറത്തുനിന്ന് സഹായം സ്വീകരിക്കാന്‍ ചില നിബന്ധനകള്‍ കേന്ദ്രം വച്ചിരുന്നു. അത് ആവര്‍ത്തിക്കുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാര്‍ക്ക് അന്യരാജ്യങ്ങളില്‍ പോയി സഹായം സ്വീകരിക്കുന്നതിന് പരിമിതികളുണ്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാദങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അദ്ദേഹത്തിന് എന്ത് പറ്റിയെന്ന് മനസിലാകുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."