3,130 കോടി രൂപ യു.എസ് വെട്ടിക്കുറച്ചു
വാഷിങ്ടണ്‍: പാകിസ്താനു നേരത്തെ പ്രഖ്യാപിച്ചിരുന്ന 32,000 കോടി രൂപ(450 കോടി ഡോളര്‍)യുടെ യു.എസ് സഹായത്തില്‍ നിന്ന് 3,130 കോടി രൂപ (44 കോടി ഡോളര്‍) യു.എസ് വെട്ടിക്കുറച്ചു. പാകിസ്താന്‍ വികസന പങ്കാളിത്ത കരാറനുസരിച്ച് 2010ലാണ് ഈ സഹായം യു.എസ് പ്രഖ്യാപിച്ചിരുന്നത്. ധനസഹായത്തില്‍ കുറവു വരുത്തുന്ന കാര്യം വാഷിങ്ടണ്‍ സന്ദര്‍ശനത്തിന് മൂന്നാഴ്ച മുമ്പേ ട്രംപ് ഭരണകൂടം പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനെ അറിയിച്ചിരുന്നു. അഞ്ചുവര്‍ഷത്തിനിടെ പാകിസ്താന് 53,356 കോടി രൂപ നല്‍കാനുള്ള ബില്‍ 2009 ഒക്ടോബറില്‍ യു.എസ് കോണ്‍ഗ്രസ് പാസാക്കിയിരുന്നു. പിന്നീടിത് 32,000 കോടി രൂപയായി കുറയ്ക്കുകയായിരുന്നു.
ഭീകരതയെ നേരിടാന്‍ പാകിസ്താന്‍ ശ്രമിക്കുന്നില്ലെന്നാരോപിച്ച് കഴിഞ്ഞവര്‍ഷം സപ്തംബറില്‍ യു.എസ് 2,134 കോടി രൂപയുടെ സഹായം റദ്ദാക്കിയിരുന്നു. ഹഖാനി ഭീകരവാദികളെ അമര്‍ച്ച ചെയ്യുന്നതില്‍ പാക് ഭരണകൂടം പരാജയമാണെന്നാരോപിച്ച് 7,114 കോടി രൂപയുടെ സാമ്പത്തികസഹായം 2018 ജനുവരിയില്‍ പെന്റഗണ്‍ റദ്ദാക്കുകയും ചെയ്തിരുന്നു. ഭീകരതയ്‌ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുന്നതിന് പാകിസ്താന്‍ ശ്രമിക്കുന്നില്ലെന്ന് ഇമ്രാന്‍ഖാനുമായി ഈയിടെ നടന്ന കൂടിക്കാഴ്ചയില്‍ ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. നിലവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് പാകിസ്താന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."