ഇസ്‌റാഈല്‍ വാഗ്ദാനം നിരസിച്ച് റാഷിദ താലിബ്
വാഷിങ്ടണ്‍: രാഷ്ട്രീയ നിലപാടുകള്‍ പ്രകടിപ്പിക്കരുതെന്ന വ്യവസ്ഥയില്‍ അധിനിവേശ വെസ്റ്റ്ബാങ്കിലെ തന്റെ കുടുംബത്തെ കാണാനുള്ള ഇസ്‌റാഈല്‍ വാഗ്ദാനം യു.എസ് കോണ്‍ഗ്രസ് വനിത റാഷിദ താലിബ് നിരസിച്ചു.
ഇതുപോലെ അടിച്ചമര്‍ത്തപ്പെടുന്ന സാഹചര്യത്തില്‍ എന്റെ മുത്തശ്ശിയെ സന്ദര്‍ശിച്ചാല്‍ അത് ഞാന്‍ വിശ്വസിക്കുന്ന എല്ലാ മൂല്യങ്ങള്‍ക്കും എതിരാകും. വംശീയത, അടിച്ചമര്‍ത്തല്‍, അനീതി തുടങ്ങിയ തിന്മകള്‍ക്കെതിരേയാണ് ഞാന്‍ പോരാടുന്നത്. അതിനാല്‍ നിബന്ധനകള്‍ക്ക് വിധേയമായി തല്‍ക്കാലം വെസ്റ്റ്ബാങ്ക് സന്ദര്‍ശിക്കുന്നില്ല എന്ന് അവര്‍ ട്വിറ്ററില്‍ കുറിച്ചു.
യു.എസ് കോണ്‍ഗ്രസ് പ്രതിനിധികളായ ഇല്‍ഹാന്‍ ഉമറും റാഷിദ താലിബും ഇസ്‌റാഈല്‍ അധിനിവേശം നടത്തിയ കിഴക്കന്‍ ജറൂസലം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇരുവര്‍ക്കുമുള്ള സന്ദര്‍ശനാനുമതി ഇസ്‌റാഈല്‍ നിഷേധിക്കുകയായിരുന്നു. ഈ നടപടി വിവാദമായതോടെ ഇസ്‌റാഈലിനെ ബഹിഷ്‌കരിക്കുന്നതടക്കമുള്ള കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കില്ലെന്ന് ഉറപ്പുനല്‍കിയാല്‍ ബന്ധുക്കളെ സന്ദര്‍ശിക്കാനുള്ള താലിബിന്റെ മാനുഷികമായ അഭ്യര്‍ഥന പരിഗണിക്കുമെന്ന് ഇസ്‌റാഈല്‍ പറഞ്ഞിരുന്നു.
സ്വകാര്യ സന്ദര്‍ശനത്തിനായി താലിബ് പിന്നീട് അപേക്ഷ നല്‍കിയെന്നും അത് വെള്ളിയാഴ്ച രാവിലെ അംഗീകരിച്ചുവെന്നും ഇസ്‌റാഈല്‍ ആഭ്യന്തര മന്ത്രാലയം പറയുന്നു. മുത്തശ്ശിയോടുള്ള അവരുടെ സ്‌നേഹത്തെക്കാള്‍ വലുതാണ് ഇസ്‌റാഈലിനോടുള്ള അവരുടെ വെറുപ്പെന്ന് വ്യക്തമായതായി ഇസ്‌റാഈല്‍ ആഭ്യന്തരമന്ത്രി അരിയ ദര്‍ഇ സന്ദര്‍ശന വാഗ്ദാനം തള്ളിയതിനോടു പ്രതികരിച്ചു.
വെളുത്ത വര്‍ഗക്കാര്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നതും കുടിയേറ്റ വിരുദ്ധവുമായ ഡൊണാള്‍ഡ് ട്രംപിന്റെ നീക്കങ്ങള്‍ക്കെതിരേ ശക്തമായ പ്രചാരണം നടത്തുന്നവരില്‍ മുന്‍നിരക്കാരാണ് ഇല്‍ഹാനും റാഷിദയും.
യു.എസ് കോണ്‍ഗ്രസിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട മുസ്‌ലിം വനിതകളായ ഇവരടക്കമുള്ള ഡെമോക്രാറ്റ് പാര്‍ട്ടി പ്രതിനിധികള്‍ക്കെതിരേ ട്രംപ് നടത്തുന്ന വംശീയാധിക്ഷേപങ്ങള്‍ സമീപ കാലത്ത് ഏറെ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്.
ഇല്‍ഹാനെയും റാഷിദ താലിബിനെയും വെസ്റ്റ് ബാങ്ക് സന്ദര്‍ശിക്കാന്‍ ഇസ്‌റാഈല്‍ അനുവദിച്ചാല്‍ അത് വലിയ ദൗര്‍ബല്യമായിരിക്കും. അവര്‍ ഇസ്‌റാഈലിനെയും ജൂതജനതയെയും വെറുക്കുന്നവരാണ്. അവരുടെ മനസു മാറ്റാന്‍ ഒന്നുകൊണ്ടും കഴിയില്ല. അവരെ തെരഞ്ഞെടുത്തതിനു ശേഷം മിനസോട്ടക്കും മിഷിഗണിനും കഷ്ടകാലമാണ്. അവര്‍ക്ക് മാനക്കേടാണ് എന്ന് ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. അതിന്റെ ചുവടു പിടിച്ചാണ് ഇരുവര്‍ക്കും നെതന്യാഹു അനുമതി നിഷേധിച്ചത്.
ഫലസ്തീന്‍ വംശജരായ ഇല്‍ഹാന്‍ ഉമറിനും റാഷിദ താലിബിനും ഇസ്‌റാഈലിലൂടെയല്ലാതെ വെസ്റ്റ്ബാങ്കില്‍ എത്താന്‍ കഴിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."