ഫ്രാങ്കോ മുളയ്ക്കല്‍ ജയില്‍ മോചിതനായി
പാലാ: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ പാലാ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ജലന്തര്‍ രൂപത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ജയില്‍ മോചിതനായി. 22 ദിവസത്തെ ജയില്‍ വാസത്തിനു ശേഷം ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് ബിഷപ്പ് ജയിലിന് പുറത്തിറങ്ങിയത്. പ്രതികരണം തേടി പുറത്ത് കാത്തു നിന്ന മാധ്യമപ്പടക്ക് പിടികൊടുക്കാതെ, ജയില്‍ കവാടത്തിനടുത്ത് കാത്തുകിടന്ന ഇന്നോവ കാറില്‍ പൊലിസ് സഹായത്തോടെ കയറി അതിവേഗം ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥലംവിട്ടു.
പി.സി ജോര്‍ജ് എം.എല്‍.എ, മകന്‍ ഷോണ്‍ ജോര്‍ജ്, മിഷനറീസ് ഓഫ് ജീസസ് സന്യാസിനീ സമൂഹത്തിലെ ഏതാനും കന്യാസ്ത്രീകള്‍ എന്നിവര്‍ ജയില്‍ കവാടത്തില്‍ എത്തിയിരുന്നു. ബിഷപ്പിന് പിന്തുണയുമായി ഏതാനും വിശ്വാസികള്‍ കൊന്തയുമേന്തി ജയിലിന് പുറത്ത് പ്രാര്‍ഥനയോടെ നിലയുറപ്പിച്ചിരുന്നു. ജയിലില്‍ നിന്നിറങ്ങുന്ന ബിഷപ്പിനെ കാണാന്‍ ജനങ്ങളും കാത്തുനിന്നു. രാജ്യത്ത് ആദ്യമായാണ് ഒരു ബിഷപ്പ് ബലാത്സംഗക്കേസില്‍ ജയിലില്‍ കഴിയുന്നത്.
തിങ്കളാഴ്ച ഉച്ചക്ക് മുന്‍പ് ഹൈക്കോടതി ബിഷപ്പിന് ജാമ്യം അനുവദിച്ചെങ്കിലും ഉത്തരവ് പാലാ മജിസ്ട്രറ്റ് കോടതിയില്‍ കിട്ടാന്‍ വൈകിയതിനാല്‍ മോചന ഉത്തരവ് നല്‍കാന്‍ കഴിഞ്ഞില്ല. ഇന്നലെ രാവിലെ ഹൈക്കോടതി ഉത്തരവ് പരിഗണിച്ച കോടതി ബിഷപ്പിന്റെ ജയില്‍ മോചന ഉത്തരവ് നല്‍കി.
ഒരു മണിയോടെ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിന്റെ പകര്‍പ്പ് ബിഷപ്പിന്റെ അഭിഭാഷകര്‍ സബ് ജയിലിലെത്തിച്ചു. കര്‍ശന ഉപാധികളോടെയാണ് ബിഷപ്പിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സെപ്റ്റംബര്‍ 24നാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ റിമാന്‍ഡ് തടവുകാരനായി പാലാ സബ് ജയിലില്‍ എത്തുന്നത്.
ജലന്തര്‍ രൂപതയുടെ കീഴിലുള്ള മിഷനറീസ് ഓഫ് ജീസസ് സന്യാസിനീ സമൂഹത്തില്‍പ്പെട്ട കുറവിലങ്ങാട് മണ്ണയ്ക്കനാട്ട് മഠത്തിലെ ഒരു കന്യാസ്ത്രീയുടെ പരാതിയിലാണ് പാലാ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ റിമാന്‍ഡു ചെയ്തത്. 21ന് പൊലിസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ ഫ്രാങ്കോ മുളയ്ക്കലിനെ രണ്ട് ദിവസം പൊലിസ് കസ്റ്റഡിയില്‍ വിട്ട ശേഷം 24 നാണ് ബിഷപ്പിന്റെ ജാമ്യ ഹരജി തള്ളിക്കൊണ്ട് കോടതി റിമാന്‍ഡ് ഉത്തരവായത്. ഇതിനിടെ രണ്ട് തവണ ബിഷപ്പിന് വേണ്ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യ ഹരജി കോടതി തള്ളിയിരുന്നു. പാലാ സബ് ജയിലിലെ മൂന്നാം നമ്പര്‍ സെല്ലില്‍ 5968 നമ്പര്‍ തടവുകാരനായിരുന്നു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."