കശ്മിര് അടഞ്ഞ അധ്യായമെന്ന് ഇന്ത്യ
ന്യൂഡല്‍ഹി: കശ്മിരിന് നല്‍കിയിരുന്ന പ്രത്യേക അധികാരം റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതോടെ കശ്മിര് പ്രശ്നം അവസാനിച്ചതായി കേന്ദ്ര സര്‍ക്കാര്‍.
എന്നാല്‍ ഇപ്പോള്‍ രാജ്യം നേരിടുന്ന പ്രശ്നം അതിര്‍ത്തി കടന്നുള്ള ഭീകരതയാണ്. ഇത് അവസാനിപ്പിക്കാന്‍ വേണമെങ്കില്‍ ചര്‍ച്ചയാകാമെന്നും സര്‍ക്കാര്‍ അറിയിച്ചു.
1997ല്‍ മാലദ്വീപില്‍ നടന്ന സാര്‍ക്ക് ഉച്ചകോടിയില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഐ.കെ ഗുജ്റാളും പാക് പ്രധാനമന്ത്രി നവാസ് ശരീഫും തമ്മിലായിരുന്നു ചര്‍ച്ച നടത്തിയിരുന്നത്. അന്ന് കശ്മിര് പ്രശ്നം ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്തിരുന്നു.
എന്നാല്‍ ഇപ്പോള്‍ കശ്മിര് വിഭജിച്ച് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റിയതോടെ നിലവിലുള്ള പ്രശ്നങ്ങളെല്ലാം അവസാനിച്ചു. ഇതേചൊല്ലിയുള്ള ചര്‍ച്ച ഇനി ആവശ്യമില്ലെന്നും കശ്മിര് വിഷയം എന്ന അധ്യായം അവസാനിച്ചുവെന്നും വിദേശ കാര്യമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു.
അതേസമയം, രാജ്യവുമായി എന്തെങ്കിലും ചര്‍ച്ച ചെയ്യണമെന്നുണ്ടെങ്കില്‍ അക്കാര്യത്തില്‍ പുതിയൊരു കാര്യമാകാം. എന്നാല്‍ അവസാനിച്ച ഒരു കാര്യത്തെ വീണ്ടും അടച്ചിട്ടമുറിയില്‍ ചര്‍ച്ച നടത്തേണ്ട കാര്യമില്ല.
സമാധാനത്തിലും ശക്തമായതുമായ ഒരു ബന്ധമാണ് അയല്‍ രാജ്യവുമായി സ്ഥാപിക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."