ഒറ്റലാപ്പിലെ ഇന്ത്യന്‍ രാജകുമാരന്‍
യു.എച്ച് സിദ്ദീഖ്
ആലപ്പുഴ: 'മഹാപ്രളയത്തിലൂടെ കഷ്ടത അനുഭവിക്കുന്ന കേരള ജനത അതിജീവനത്തിന്റെ പാതയില്‍ ആണ്... അവരോടൊപ്പം അര്‍ജുന പുരസ്‌കാരം പങ്കുവെയ്ക്കുന്നു. ഒപ്പം വലിയ നേട്ടത്തിലേക്ക് പ്രാപ്തരാക്കിയ പരിശീലകര്‍ക്ക്. എന്റെ ഉമ്മക്കും അനുജനും കുടുംബാഗംങ്ങള്‍ക്കും നിലമേല്‍ നിവാസികള്‍ക്കും രാജ്യത്തെ കായിക പ്രേമികള്‍ക്കും നേട്ടം സമര്‍പ്പിക്കുന്നു'. അര്‍ജുന പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്യപ്പെട്ടതിന്റെ പ്രതികരണം തേടി വിളിച്ചപ്പോള്‍ സന്തോഷം പ്രകടിപ്പിച്ച അനസ് തന്റെ നേട്ടം സമര്‍പ്പിച്ചത് ഇങ്ങനെയായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ കായിക പുരസ്‌കാരങ്ങളില്‍ ഒന്നായ അര്‍ജുനക്ക് ശുപാര്‍ശ ചെയ്ത വാര്‍ത്ത പുറത്തു വരുമ്പോള്‍ മുഹമ്മദ് അനസ് ചെക്ക് റിപ്പബ്ലിക്കില്‍ പരിശീലന മത്സരത്തില്‍ പങ്കെടുക്കാനുള്ള യാത്രയിലായിരുന്നു. ഒറ്റലാപ്പിന്റെ ട്രാക്കില്‍ രണ്ടുതവണ ദേശീയ റെക്കോര്‍ഡ് തകര്‍ത്ത താരമാണ് നിലമേല്‍ എക്‌സ്പ്രസ്. റഷ്യക്കാരി ഗലീന ബുഖറിനയുടെ ശിക്ഷണത്തില്‍ അനസും സംഘവും കഴിഞ്ഞ മൂന്നു മാസമായി ചെക്ക് റിപ്പബ്ലിക്കില്‍ പരിശീലനത്തിലാണ്. ഇതിനിടെ തന്നെ വിദേശ ട്രാക്കുകളിലെ നിരവധി രാജ്യാന്തര ഗ്രാന്റ് പ്രീകളില്‍ 400 മീറ്ററുകളില്‍ അനസ് മെഡലുകള്‍ വാരിക്കൂട്ടി. ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പും ടോക്യോ ഒളിംപിക്‌സും ലക്ഷ്യമിട്ടു വിദേശ പരിശീലനം തുടരുന്ന അനസിന്റെ ഓരോ നേട്ടത്തിനും കഠിനധ്വാനത്തിന്റെ കഥകളുണ്ട്. നല്ലൊരു മൈതാനം പോലുമില്ലാത്ത നിലമേല്‍ എന്ന കൊച്ചു ഗ്രാമത്തില്‍ നിന്നും ലോകോത്തര ട്രാക്കിലേക്ക് ഓടിക്കയറിയതാണ് അനസ്. രണ്ടു തവണ 400 മീറ്ററിലെ ദേശീയ റെക്കോര്‍ഡ് തകര്‍ത്ത പോരാട്ടവീര്യം. റിയോ ഒളിംപിക്‌സില്‍ ഓടിയപ്പോള്‍ മില്‍ഖ സിങിനും കെ.എം ബിനുവിനും ശേഷം 400 മീറ്ററില്‍ യോഗ്യത നേടിയ ഇന്ത്യയിലെ മൂന്നാമന്‍. ജക്കാര്‍ത്ത എഷ്യന്‍ഗെയിംസില്‍ 400 മീറ്ററില്‍ വെള്ളിയും 4-400 മിക്‌സഡ് റിലേയില്‍ സ്വര്‍ണവും പുരുഷവിഭാഗത്തില്‍ വെള്ളിയും സമ്മാനിച്ച കുതിപ്പിലും പങ്കാളി. സ്വര്‍ണം നേടിയ ടീം മരുന്നടിയില്‍ കുടുങ്ങിയതോടെയാണ് മിക്‌സഡ് റിലേയില്‍ അനസ് നയിച്ച സംഘത്തിന് സ്വര്‍ണം കിട്ടിയത്. കൊല്ലം നിലമേല്‍ വളയിടം സ്വദേശിയായ മുഹമ്മദ് അനസ് സ്‌കൂള്‍ കായിക മേളകളിലൂടെയാണ് ഒറ്റലാപ്പിലെ മിന്നുന്ന താരമായി മാറിയത്. നിലമേല്‍ സ്‌റ്റൈല്‍ സ്‌പോര്‍ട്‌സ് അക്കാദമിയിലൂടെയായിരുന്നു അനസിന്റെ കായിക രംഗത്തേക്കുള്ള ചുവടുവെയ്പ്പ്. 400 മീറ്ററിന് പുറമേ ലോംങ്ജംപിലും മുഹമ്മദ് അനസ് മത്സരിച്ചു. കായികാധ്യാപകനായ ബി. അന്‍സര്‍ ആണ് അനസിലെ കായികതാരത്തെ കണ്ടെത്തിയത്.
പ്ലസ് ടുവിന് പഠിക്കുമ്പോള്‍ കോതമംഗലം മാര്‍ ബേസിലും അവിടെ നിന്നും ബിരുദ പഠനത്തിന് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജിലും എത്തിയതോടെ അനസിന്റെ വഴി ഒറ്റലാപ്പിന്റെ ട്രാക്കില്‍ മാത്രമായി. അനസ് 2013 ല്‍ നാവികസേനയുടെ ഭാഗമായി. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ തിരുവനന്തപുരം എലൈറ്റ് അക്കാദമിയിലും എത്തി.
പി.ബി ജയകുമാറിന്റെ കീഴിലെ പരിശീലനമാണ് അനസിനെ രാജ്യാന്തര ട്രാക്കിലേക്ക് വളര്‍ത്തിയത്. ശിഷ്യന്റെ നേട്ടങ്ങളിലേക്കുള്ള കുതിപ്പില്‍ പരിശീലകരെല്ലാം സന്തോഷത്തിലാണ്. പരേതനായ യഹ്യയാണ് പിതാവ്. മാതാവ് സീന. അന്തര്‍സര്‍വകലാശാല ലോങ്ജംപ് റെക്കോര്‍ഡ് ജേതാവ് മുഹമ്മദ് അനീസ് ഏകസഹോദരനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."