ദീപാ മാലിക്കിനും ബജ്റംഗ് പൂനിയക്കും രാജീവ് ഗാന്ധി ഖേല്‍രത്ന
ന്യൂ ഡല്‍ഹി: പാരാലിംപിക്സ് മെഡല്‍ ജേതാവ് ദീപാ മാലിക്കിനും ഗുസ്തി താരം ബജ്റംഗ് പൂനിയക്കും കായികരംഗത്തെ പരമോന്നത ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരം. മലയാളി അത്ലറ്റ് ഒളിംപ്യന്‍ മുഹമ്മദ് അനസ് അടക്കം 19 കായിക താരങ്ങളെ അര്‍ജുന അവാര്‍ഡിനും ബാഡ്മിന്റണ്‍ പരിശീലകന് വിമല്‍കുമാറിന് ദ്രോണാചാര്യ പുരസ്കാരത്തിനും പുരസ്കാര നിര്‍ണയ സമിതി കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശ ചെയ്തു. ഒളിംപിക്സില്‍ മെഡല്‍ നേടിയ ഏക മലയാളിയായ ഹോക്കി താരം മാനുവല്‍ ഫ്രെഡറിക്കിന് ധ്യാന്‍ചന്ദ് പുരസ്കാരത്തിനാണ് ശുപാര്‍ശ ചെയ്തത്. 2016 ലെ പാരാലിംപിക്സില്‍ ഇന്ത്യക്കായി വെള്ളി നേടിയ ആദ്യ ഇന്ത്യന്‍ വനിതാതാരമാണ് ഷോട്ട്പുട്ടില്‍ മത്സരിച്ച ദീപ.
കഴിഞ്ഞ രണ്ടുവര്‍ഷമായി പുറത്തെടുത്ത സ്ഥിരതയുള്ള പ്രകടനമാണ് ബജ്റംഗ് പൂനിയക്ക് ഖേല്‍രത്ന പുരസ്കാരത്തിന് വഴിതെളിച്ചത്. ഗുസ്തിയില്‍ 65 കിലോഗ്രാം വിഭാഗത്തില്‍ നിലവിലെ ലോക ഒന്നാം നമ്പര്‍ താരമാണ് ബജ്റംഗ്. കഴിഞ്ഞ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസ് ഗുസ്തിയില്‍ 65 കിലോ ഫ്രീ സ്റ്റൈല്‍ വിഭാഗത്തില്‍ ഇന്ത്യക്കായി ബജ്റംഗ് സ്വര്‍ണം നേടിയിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഗോള്‍ഡ് കോസ്റ്റിലും സ്വര്‍ണം നേടി.
മുഹമ്മദ് അനസ് ഉള്‍പ്പെടെ 19 കായികതാരങ്ങളാണ് അര്‍ജുന പുരസ്കാരത്തിന് ശുപാര്‍ശ ചെയ്യപ്പെട്ടത്. 400 മീറ്ററിലെ ദേശീയ റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെയാണ് രാജ്യത്തിന്റെ അംഗീകാരം അനസിനെ തേടി എത്തുന്നത്. നീന്തലില്‍ പുരസ്കാരത്തിന് പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷിച്ച സാജന് പ്രകാശും ദ്രോണാചാര്യ പുരസ്കാരത്തിന് പരിഗണിക്കപ്പെട്ട പരിശീലകന് ടി.പി ഔസേഫും ഇത്തവണയും തഴയപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."