വീണ്ടും മഴയെത്തി; കാരണമായത് ചക്രവാതച്ചുഴികള്‍
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും മഴ സജീവമായി. ഇന്നലെ വിവിധ ജില്ലകളില്‍ ശക്തമായ മഴ രേഖപ്പെടുത്തി. കഴിഞ്ഞ മൂന്നുദിവസമായി സംസ്ഥാനത്ത് പലയിടങ്ങളിലായി ഒറ്റപ്പെട്ട കനത്ത മഴ പെയ്തിരുന്നു. ഇന്നലെ രാവിലെ 8.30 വരെയുള്ള 24 മണിക്കൂറില്‍ കോഴിക്കോട് 3.8, കോട്ടയം 1.9, കരിപ്പൂര്‍ 1.4, പുനലൂര്‍ 0.9 സെ.മി മഴ രേഖപ്പെടുത്തി.
തീരദേശ കര്‍ണാടകയ്ക്കു മുകളിലും തെക്കന്‍ തമിഴ്‌നാട്ടിലും രൂപപ്പെട്ട ചക്രവാതച്ചുഴികളാണ് കേരളത്തില്‍ മഴക്ക് കാരണമായത്. ഇന്നലെ രാവിലെ കേരളത്തിലെ കാറ്റിന്റെ വ്യതിയാനമാണ് പെട്ടെന്നുണ്ടായ മഴക്ക് ഇടയാക്കിയതെന്നാണ് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. രാവിലെ വടക്കന്‍ ജില്ലകളില്‍ കനത്തമഴയായിരുന്നു. മംഗലാപുരത്തിന് വടക്ക് രൂപപ്പെട്ട ചക്രവാതച്ചുഴിയിലേക്ക് പൊന്നാനി മുതലുള്ള പടിഞ്ഞാറന്‍ കാറ്റ് ആകര്‍ഷിക്കപ്പെട്ടതാണ് കാരണമെന്ന് ഇവര്‍ പറയുന്നു. ലക്ഷദ്വീപില്‍നിന്ന് കിഴക്കുദിശയില്‍ സഞ്ചരിച്ച കാറ്റിനെയാണ് കേരളത്തിനു മുകളില്‍വച്ച് വടക്കോട്ട് ആകര്‍ഷിക്കപ്പെട്ടത്. ഇത് വടക്കന്‍ കേരളത്തിലെ ചിലയിടങ്ങളില്‍ കനത്തമഴക്ക് കാരണമായി.
തെക്കന്‍ ജില്ലകളില്‍ തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലെ കിഴക്കന്‍ മേഖലകളില്‍ രാവിലെ മഴലഭിച്ചു. ഉച്ചയ്ക്കുശേഷം മറ്റുജില്ലകളിലും മഴ സജീവമായി. തെക്കന്‍ തമിഴ്‌നാട്ടിലെ ചക്രവാതച്ചുഴിയാണ് മധ്യ, തെക്കന്‍ ജില്ലകളിലെ മഴക്ക് കാരണമായത്. മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ അന്തരീക്ഷ താപനില കുറഞ്ഞു. ഇന്നുകൂടി മഴ തുടര്‍ന്നശേഷം ചക്രവാതച്ചുഴികള്‍ ദുര്‍ബലമാകുന്നതോടെ മഴ കുറയുമെന്നാണ് നിരീക്ഷണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."