ക്വാറികളുടെ നിയന്ത്രണം ആര് ഏറ്റെടുക്കും
പ്രത്യേക ലേഖകന്‍
പാലക്കാട്: നിയമങ്ങള്‍ കാറ്റില്‍പറത്തിയും ജനങ്ങളുടെ പ്രതിഷേധത്തെ ഗുണ്ടായിസത്തിലൂടെ നേരിട്ടും അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്ക് കടിഞ്ഞാണിടാന്‍ അധികൃതര്‍ക്ക് ഇപ്പോഴും വിമുഖത.
പ്രളയ പശ്ചാത്തലത്തില്‍ ദുരന്തത്തിന് ആക്കം കൂട്ടിയ ഉരുള്‍പൊട്ടലുകള്‍ക്ക് പ്രധാന കാരണം അശാസ്ത്രീയമായും അനധികൃതമായും പ്രവര്‍ത്തിക്കുന്ന ക്വാറികളാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടും ഇത്തരം ക്വാറികളെ നിയന്ത്രിക്കുന്നതിനെക്കുറിച്ച് അധികൃതര്‍ ചിന്തിക്കുന്നില്ലെന്ന് പരാതികളുയരുന്നു. മലബാര്‍ മേഖലയിലെ ക്വാറികളിലെ നിയന്ത്രണം ഏറ്റെടുക്കാന്‍ പ്രത്യേക നിയമ നിര്‍മാണത്തിന് റവന്യു വകുപ്പ് ശുപാര്‍ശ ചെയ്തുവെന്നതല്ലാതെ ഇക്കാര്യത്തില്‍ ക്രിയാത്മക നടപടികള്‍ക്കൊന്നും സര്‍ക്കാര്‍ തയാറായിട്ടില്ല.
കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ അജണ്ടയ്ക്ക് പുറത്തുള്ള ഇനമായി ഇതു കൊണ്ടുവന്നെങ്കിലും കൂടുതല്‍ പരിശോധനയ്ക്കായി അടുത്ത മന്ത്രിസഭാ യോഗത്തിലേക്കു മാറ്റിവച്ചതു തന്നെ ഇക്കാര്യത്തില്‍ മന്ത്രിസഭയിലെ അഭിപ്രായഭിന്നതകളാണെന്നാണ് സൂചന. മലബാര്‍ മേഖലയില്‍ സ്വന്തം ഭൂമിയില്‍ ക്വാറി നടത്തുന്നവരില്‍നിന്ന് റോയല്‍റ്റി ഈടാക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു.
പഴയ മദ്രാസ് പ്രസിഡന്‍സി ആക്ട് അനുസരിച്ച് ധാതുസമ്പത്തുകള്‍ ഖന നം ചെയ്യാന്‍ ഇവിടെ ഭൂവുടമകള്‍ക്ക് അവകാശമുണ്ടെന്നാണ് കോടതി കണ്ടെത്തിയത്. അതേസമയം തിരുവിതാംകൂറിലും കൊച്ചിയിലും ധാതുസമ്പത്തുകള്‍ 1800കളില്‍ തന്നെ പൊതുമേഖലയില്‍ നിക്ഷിപ്തമാക്കിയിരുന്നു. ഇതേനിലയില്‍ മലബാറിലെ ധാതുസമ്പത്തിലും സര്‍ക്കാരിന് അവകാശം സ്ഥാപിച്ചെടുക്കാനാണ് പുതിയ നിയമം കൊണ്ടുവരുന്നത്. പാറപൊട്ടിക്കുന്നതിന് ഒരുടണ്ണിന് 24 രൂപയാണ് നിലവിലുള്ള റോയല്‍റ്റി. സര്‍ക്കാരിന് റോയല്‍റ്റി ഈടാക്കാന്‍ കഴിയാതെ വന്നതോടെ ഇവിടങ്ങളില്‍ അനധികൃത പാറഖനനങ്ങള്‍ വര്‍ധിച്ചതായി കണ്ടെത്തിയിരുന്നു.
അതിവര്‍ഷവും വരള്‍ച്ചയും തുടര്‍ച്ചയായി അനുഭവിക്കേണ്ടിവരുന്ന കേരളത്തിന് ഓരോ വര്‍ഷവും ദുരന്തങ്ങളെക്കൂടി അഭിമുഖീകരിക്കേണ്ടിവരുന്ന സാഹചര്യമാണ് മുന്നിലുള്ളത്. മാധവ് ഗാഡ്ഗിലിനെപ്പോലുള്ള വിദഗ്ധരുടെ പഠന റിപ്പോര്‍ട്ടുകള്‍ ബന്ധപ്പെട്ടവരുടെ മുന്നില്‍ ഇപ്പോഴും ചര്‍ച്ചാവിഷയം പോലുമല്ലെന്നതാണ് വസ്തുത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."