ഒഡിഷയില്‍ മാവോവാദി ആക്രമണത്തില്‍ ജവാന് മരിച്ചു. 10 പേര്‍ക്ക് പരുക്ക്
ഭുവനേശ്വര്‍: ഒഡിഷയില്‍ മാവോവാദികളുടെ പതിയിരുന്നുള്ള ആക്രമണത്തില്‍ മാവോവാദി വേട്ടക്കായി നിയോഗിക്കപ്പെട്ട പ്രത്യേക ഓപ്പറേഷന് ഗ്രൂപ്പ്(എസ്.ഒ.ജി) ജവാന് വീരമൃത്യു. സംയുക്ത തെരച്ചിലിനുശേഷം ക്യാംപിലേക്ക് മടങ്ങുന്ന ജവാന്മാര്ക്കു നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ പത്തുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
കന്ധമാല്‍ ജില്ലയിലെ ഖമന്ഖോളിനടുത്തുള്ള വനമേഖലയില്‍ വച്ചായിരുന്നു ആക്രമണം. 2004ല്‍ മാവോവാദി ആക്രമണം തടയാനായി ഒഡിഷ സര്‍ക്കാര്‍ രൂപീകരിച്ചതാണ് പ്രത്യേക ഓപറേഷന് ഗ്രൂപ്പ്.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ദൗത്യസംഘം തെരച്ചില്‍ നടത്തിയെങ്കിലും മാവോവാദികളെ കണ്ടെത്താനായില്ല. കഴിഞ്ഞ ഏപ്രിലില്‍ ഛത്തിസ്ഗഢിലെ സുക്മയില്‍ സി.ആര്.പി.എഫ് ജവാന്മാര്ക്കു നേരെയുണ്ടായ ആക്രമണത്തില്‍ 25 പേരായിരുന്നു വീരമൃത്യു വരിച്ചിരുന്നത്.
തുടര്‍ന്ന് മാവോവാദികളുടെ ആക്രമണത്തെ ശക്തമായി നേരിടാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഛത്തിസ്ഗഢില്‍ പ്രത്യേക ദൗത്യസേനയുടെ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഇതിനിടയിലാണ് ഒഡിഷയിലും ആക്രമണം ഉണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."