മലയാളി യുവപണ്ഡിതന്റെ പ്രബന്ധം ഈജിപ്ത് സര്‍ക്കാര്‍ പുസ്തകമാക്കി
കാളികാവ്: മലയാളി യുവ പണ്ഡിതന്റെ ഗവേഷണ പ്രബന്ധം ഈജിപ്ത് സര്‍ക്കാര്‍ പുസ്തകമാക്കി പുറത്തിറക്കി. ഇസ്‌ലാം - ബുദ്ധ മതങ്ങളിലെ പരിത്യാഗ പ്രവണതകളെ പരിചയപ്പെടുത്തുന്ന പ്രബന്ധമാണ് ഈജിപ്ത് സര്‍ക്കാര്‍ പുസ്തകമാക്കിയത്. കാളികാവ് വാഫി കാംപസ് ഡീനും സി.ഐ.സി അസി.കോഡിനേറ്ററും മലപ്പുറം കോഡൂര്‍ പുളിയാട്ടുകുളം സ്വദേശിയുമായ ഡോ. ലുഖ്മാന്‍ വാഫി അല്‍ അസ്ഹരിയുടെ പി.എച്ച്.ഡി ഗവേഷണ പ്രബന്ധമാണ് കെയ്‌റോവില്‍നിന്ന് ഗ്രന്ഥരൂപത്തില്‍ പ്രസാധനം ചെയ്തത്.
ഈജിപ്തിലെ കെയ്‌റോ യൂനിവേഴ്‌സിറ്റിയില്‍ പി.എച്ച്.ഡിക്കായി സമര്‍പ്പിച്ച 'പരിത്യാഗം ബുദ്ധ മതത്തിലും സൂഫിസത്തിലും' എന്ന പഠനമാണ് പുസ്തകമാക്കിയിട്ടുള്ളത്.
'നുസ്അത്തു സുഹ്ദി ബൈനല്‍ ബുദിയത്തി വത്തസവ്വുഫുല്‍ ഇസ്‌ലാമിയ' എന്ന പേരില്‍ 400 പേജുകളിലായി ഈജിപ്ഷ്യന്‍ സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള ജനറല്‍ അതോറിറ്റി ഓഫ് ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ബുദ്ധമതത്തിലേയും ഇസ്‌ലാം മതത്തിലേയും പരിത്യാഗ പ്രവണതകളെ വിശദമായി പ്രതിപാദിക്കുന്നതാണ് പുസ്തകം. കൂടാതെ ഈ വിഷയത്തില്‍ ഇരു മതങ്ങളിലേയും സാമ്യ-വ്യത്യാസങ്ങളും പരാമര്‍ശിക്കുന്നുണ്ട്. ഇതിനു പുറമെ സരളമായ ഭാഷയിലുള്ള ഗ്രന്ഥകാരന്റെ അവതരണവും ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
വളാഞ്ചേരി മര്‍കസില്‍നിന്ന് വാഫി പി.ജി പൂര്‍ത്തിയാക്കിയ ലുഖ്മാന്‍ വാഫി പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍നിന്ന് ഫൈസി ബിരുദവും നേടിയിട്ടുണ്ട്. അതോടൊപ്പം കെയ്‌റോ യൂനിവേഴ്‌സിറ്റിയില്‍നിന്ന് ഇസ്‌ലാമിക് ഫിലോസഫിയില്‍ പി.എച്ച്.ഡിയും അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിയില്‍നിന്ന് തിയോളജിയില്‍ പ്രിലിമിനറി എം.എയും കരസ്ഥമാക്കിയിട്ടുണ്ട്.
മലപ്പുറം കോഡൂര്‍ പുളിയാട്ടുകുളം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍- ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ജുവൈരിയ സഹ്‌റവിയ്യ. മക്കള്‍: മുഹമ്മദ് നബ്ഹാന്‍, മുഹമ്മദ് നഈം, അനാഅ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."