മീ റ്റൂ ആരോപണവിധേയനായ എന്‍.എസ്.യു.ഐ അധ്യക്ഷന്‍ രാജിവച്ചു
ന്യൂഡല്‍ഹി: ലൈംഗികാരോപണങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ എന്‍.എസ്.യു.ഐ അധ്യക്ഷന്‍ ഫൈറൂസ് ഖാന് രാജിവച്ചു. തിങ്കളാഴ്ച്ച ഫൈറൂസ് സമര്‍പ്പിച്ച രാജിക്കത്ത് ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്വീകരിക്കുകയായിരുന്നുവെന്ന് എന്‍.എസ്.യു.ഐ ജനറല്‍ സെക്രട്ടറി സൈമന് ഫാറൂഖി അറിയിച്ചു. ഛത്തിസ്ഗഡ് സ്വദേശിനിയായ യുവതിയാണ് ഫൈറൂസിനെതിരേ വെളിപ്പെടുത്തല്‍ നടത്തിയത്. ഇതോടെ സംഭവം അന്വേഷിക്കാനായി മൂന്നംഗ സമിതിയെ നിയോഗിച്ചു.
അഖിലേന്ത്യ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിത ദേവ്, കോണ്‍ഗ്രസ് എം.പി ദീപേന്ദ്രര്‍ ഹൂഡ, പാര്‍ട്ടിയുടെ മീഡിയ പാനലിസ്റ്റ് രാഗിണി നായിക് എന്നിവരടങ്ങിയ മൂന്നംഗ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെയാണ് ഫൈറൂസിന്റെ രാജി.
രാഷ്ട്രീയ നിയമനങ്ങള്‍ക്കായി ഫൈറൂസ് സ്ത്രീകളെ ലൈംഗികമായി ഉപയോഗിച്ചെന്നും തന്റെ സഹോദരിയെയും മറ്റുചില സ്ത്രീകളെയും ഇത്തരത്തില്‍ ഉപയോഗിക്കാന്‍ ശ്രമിച്ചെന്നുമാണ് യുവതിയുടെ പരാതി. അതേസമയം ആരോപണങ്ങള്‍ വ്യാജമാണെന്നും തന്റെ നിരപരാധിത്വം ഫൈറൂസ് കോടതിയില്‍ തെളിയിക്കുമെന്നും സൈമന് ഫാറൂഖി പ്രതികരിച്ചു.
ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലിസ് സ്റ്റേഷനിലും ഫൈറൂസിനെതിരേ യുവതി പരാതി നല്‍കിയിരുന്നു. ജമ്മു കശ്മിരില്‍ നിന്നുള്ള ഫൈറൂസ് ഖാന് അടുത്തിടെയാണ് പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടനാ നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്.
ജൂണിലാണ് യുവതി പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയതെങ്കിലും സ്ത്രീകള്‍ക്കു നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തുറന്നുപറയുന്ന മീ റ്റൂ പ്രചാരണങ്ങള്‍ മാധ്യമങ്ങളില്‍ തുടര്‍ച്ചയായി വാര്‍ത്തയായതോടെയാണ് പരാതി പുറത്തായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."