സപ്ലൈകോയെ കാര്യക്ഷമമാക്കാന്‍ കൂടുതല്‍ തുകയ്ക്ക് ശുപാര്‍ശ ചെയ്യും: നിയമസഭാസമിതി
കൊച്ചി: കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് കൂടുതല്‍ തുക അനുവദിക്കാന്‍ ശുപാര്‍ശ ചെയ്യുമെന്ന് കേരള നിയമസഭയുടെ പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച സമിതി. പുതിയ പദ്ധതികള്‍ ഏറ്റെടുക്കുന്നതിനും ഔട്ട്‌ലെറ്റുകള്‍ ആധുനികവല്‍കരിക്കുന്നതിനും സബ്‌സിഡി നല്‍കുന്നതിനും ബജറ്റില്‍ കൂടുതല്‍ തുക അനുവദിക്കണമെന്ന ശുപാര്‍ശയടങ്ങിയ റിപ്പോര്‍ട്ട് നിയമസഭയില്‍ അവതരിപ്പിക്കുമെന്നും സമിതി ചെയര്‍മാനായ സി. ദിവാകരന്‍ എം.എല്‍.എ പറഞ്ഞു. എറണാകുളം സപ്ലൈകോ ഹെഡ് ഓഫിസിലാണ് കേരള നിയമസഭയുടെ പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച സമിതിയോഗം ചേര്‍ന്നത്.
സപ്ലൈകോയിലെ അഴിമതികള്‍ പരിഹരിക്കാന്‍ കര്‍ശന നടപടിയെടുക്കാന്‍ ശുപാര്‍ശ ചെയ്യുമെന്നും സമിതി പറഞ്ഞു. ക്രമക്കേടുകള്‍വച്ചു പൊറുപ്പിക്കില്ലെന്നും ഉത്തരവാദികള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും സമിതി ചെയര്‍മാന്‍ പറഞ്ഞു.
സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ ഉദ്യോഗസ്ഥ വിന്യാസം സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു. ഡെപ്യൂട്ടേഷന്‍ സംവിധാനം കുറച്ച് കൊണ്ടുവരണം. സ്റ്റാഫ് പാറ്റേണ്‍ യുക്തിസഹമായി പുനഃക്രമീകരിക്കാനും സമിതി എം.ഡിയോടാവശ്യപ്പെട്ടു.
ഓഗസ്റ്റില്‍ സബ്‌സിഡി സാധനങ്ങളുടെ വിതരണത്തിന് ഓണ്‍ലൈന്‍ സംവിധാനമേര്‍പ്പെടുത്തിയതോടെ ക്രമക്കേടുകള്‍ കുറഞ്ഞെന്ന് ഉദ്യോഗസ്ഥര്‍ കണക്കുകള്‍ സഹിതം അവതരിപ്പിച്ചു. 2017 ഓഗസ്റ്റില്‍ സബ്‌സിഡി സാധനങ്ങളുടെ വില്പന 117.76 കോടിയായിരുന്നത് ഓണ്‍ലൈന്‍ സംവിധാനം വന്നതോടെ ഈ ഓഗസ്റ്റില്‍ 88.56 കോടി രൂപയായി കുറഞ്ഞു. ഒരേ റേഷന്‍ കാര്‍ഡ് ഉപയോഗിച്ച് പല സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ നിന്നും സബ്‌സിഡി സാധനങ്ങള്‍ കൈപ്പറ്റുന്നത് തടയാനായി എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് സപ്ലൈകോ ചെയര്‍മാനും മാനേജിങ് ഡയരക്ടരുമായ എം.എസ് ജയ പറഞ്ഞു.
എം.എല്‍.എമാരായ എസ്. രാജേന്ദ്രന്‍, സണ്ണിജോസഫ്, പി.ടി.എ റഹിം, സി.എഫ് തോമസ്, ടി.എ അഹമ്മദ് കബീര്‍, ഹൈബി ഈഡന്‍, സപ്ലൈകോ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. തുടര്‍ന്ന് കടവന്ത്ര ഗാന്ധി നഗറിലെയും പനമ്പിള്ളി നഗറിലെയും ഔട്ട്‌ലെറ്റുകള്‍ സമിതിയംഗങ്ങള്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."