എറണാകുളത്ത് സി.പി.ഐ നേതാക്കള്‍ക്ക് മര്‍ദനമേറ്റ സംഭവം; പൊലിസുകാര്‍ക്കെതിരേ നടപടി വേണ്ടെന്ന് ഡി.ജി.പി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: എറണാകുളത്ത് സി.പി.ഐ നടത്തിയ ഐ.ജി ഓഫിസ് മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ് നടത്തിയ പൊലിസുകാര്‍ക്കെതിരേ നടപടി വേണ്ടെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. ജില്ലാ കലക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പൊലിസുകാരുടെ പിഴവ് എടുത്തുപറയാത്തതിനാല്‍ നടപടിയെടുക്കാനാവില്ലെന്നും ആഭ്യന്തര സെക്രട്ടറി സുബ്രതാ ബിശ്വാസിനെ ഡി.ജി.പി അറിയിച്ചു.
ലാത്തിച്ചാര്‍ജില്‍ മുവാറ്റുപുഴ എം.എല്‍.എ എല്‍ദോ എബ്രഹാം, സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു തുടങ്ങിയവര്‍ക്ക് പരുക്കേറ്റിരുന്നു.
വൈപ്പിന്‍ കോളജിലെ അക്രമവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരേ നടപടിയെടുക്കാതെ ഒത്താശ ചെയ്ത ഞാറയ്ക്കല്‍ സി.ഐയെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു സി.പി.ഐ മാര്‍ച്ച് നടത്തിയത്. ലാത്തിച്ചാര്‍ജില്‍ സി.പി.ഐ നേതൃത്വം മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചിരുന്നു. കുറ്റക്കാരായ പൊലിസുകാര്‍ക്കെതിരേ നടപടി വേണമെന്ന് സി.പി.ഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ ആവശ്യമുന്നയിച്ചതോടെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടറോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു. കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിയോട് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡി.ജി.പിയോട് അഭിപ്രായം തേടിയത്.
ലാത്തിച്ചാര്‍ജില്‍ ഐ.ജി വിജയ്‌സാക്കറെ ഡി.ജി.പിക്ക് നല്‍കിയിരുന്ന പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡി.ജി.പി ആഭ്യന്തര സെക്രട്ടറിക്ക് പൊലിസിന് ക്ലീന്‍ചിറ്റ് നല്‍കി റിപ്പോര്‍ട്ട് നല്‍കിയതെന്നാണ് സൂചന.
പൊലിസിനെ വിമര്‍ശിച്ചുകൊണ്ടും നടപടി ശുപാര്‍ശ ചെയ്തുമാണ് കലക്ടറുടെ റിപ്പോര്‍ട്ട്. കലക്ടറുടെ റിപ്പോര്‍ട്ട് എതിരാകുമെന്ന ആശങ്കയിലാണ് ഡി.ജി.പിയുടെ മുന്‍കൂര്‍ നീക്കമെന്നാണ് അറിയുന്നത്. ലാത്തിച്ചാര്‍ജില്‍ കൊച്ചി അസിസ്റ്റന്റ് കമ്മിഷണര്‍ ലാല്‍ജി, എസ്.ഐ വിപിന്‍ ദാസ് എന്നിവര്‍ക്കെതിരേ നടപടി വേണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."