പ്രവാസി ചിട്ടിക്ക് ഈ മാസം 25 മുതല്‍ വരിസംഖ്യ സ്വീകരിക്കും: ധനമന്ത്രി
തിരുവനന്തപുരം: പ്രവാസി ചിട്ടിയില്‍ ചേരുന്നതിന് രജിസ്റ്റര്‍ ചെയ്തിട്ടുളളവര്‍ക്ക് ഈ മാസം 25ന് വരിസംഖ്യ അടച്ചു തുടങ്ങാനാകുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. തുടര്‍ന്ന് ഒരു മാസത്തിനകം ആദ്യലേലം നടക്കും. പ്രതിമാസം 2500 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ അടവു വരുന്ന ചിട്ടികളാണ് പ്രവാസി ചിട്ടിയിലുളളത്. 25, 30, 40, 50 മാസങ്ങളായിരിക്കും കാലാവധി. ഏതു ചിട്ടിയാണ് അനുയോജ്യമായതെന്ന് നിര്‍ദേശിക്കാന്‍ വെബ്‌സൈറ്റില്‍ സൗകര്യമൊരുക്കും.
തുടക്കത്തില്‍ യു.എ.ഇ യില്‍ ഉളളവര്‍ക്കായിരുന്നു രജിസ്റ്റര്‍ ചെയ്യാന്‍ അവസരം. ഈ മാസം 25 മുതല്‍ മറ്റ് ജി.സി.സി രാജ്യങ്ങളിലുളളവര്‍ക്കും കസ്റ്റമര്‍ രജിസ്‌ട്രേഷന് സൗകര്യം ലഭിക്കും. കസ്റ്റമര്‍ രജിസ്‌ട്രേഷന്‍ നടത്തുന്നവര്‍ക്കാണ് തുടര്‍ന്ന് പണമടച്ച് ചിട്ടിയില്‍ ചേരാനാകുക.
കെ.വൈ.സി പ്രക്രിയ പൂര്‍ത്തിയാക്കാനാണ് മുന്‍കൂട്ടി കസ്റ്റമര്‍ രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തിയത്. ഇതുവരെ 12,271 പേര്‍ യു.എ.ഇയില്‍ നിന്നു മാത്രം ചിട്ടിയില്‍ ചേരാനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 72,000ല്‍ പരം പേര്‍ താല്‍പര്യം പ്രകടിപ്പിച്ചുവെന്നും മന്ത്രി അറിയിച്ചു.
പ്രവാസി ചിട്ടിക്കായി പ്രത്യേകം ഓഫിസുകള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഒരുക്കുന്നില്ല. മൊബൈല്‍ ആപ്പിലൂടെ ചിട്ടിയില്‍ ചേരാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് എക്‌സ്‌ചേഞ്ച് ഹൗസുകള്‍ മുഖേനയും വിവിധ ബാങ്കുകള്‍ വഴിയും പണമടയ്ക്കാന്‍ സൗകര്യമുണ്ടാകും. വിദേശ മലയാളികള്‍ നാട്ടില്‍ വരുന്ന അവസരങ്ങളില്‍ കെ.എസ്.എഫ്.ഇയുടെ 600 ഓളം ശാഖകളിലൂടെയും സംരംഭത്തില്‍ പങ്കുചേരാനാവുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."