അപൂര്‍വയിനം വിദേശ കുരങ്ങുമായി നാലുപേര്‍ പിടിയില്‍
തൊടുപുഴ: വിദേശരാജ്യങ്ങളില്‍ മാത്രം കാണപ്പെടുന്ന അപൂര്‍വ ഇനത്തില്‍പ്പെട്ട (എച്ച്-1) കോട്ടണ്‍ ടോപ്പ് ടാമറിന്‍ എന്ന ഇനം കുരങ്ങിന്‍ കുഞ്ഞുമായി നാലുപേരെ കുമളി എക്‌സൈസ് ചെക്കുപോസ്റ്റിന് സമീപത്തുനിന്ന് പിടികൂടി. കുരങ്ങുമായി വന്ന ആലപ്പുഴ, സ്വദേശികളായ, മാത്തപ്പറമ്പില്‍ ഭാവിനേഷ് (26), മര്‍ത്ഥചിക്കല്‍ സുജിത് (25) എന്നിവരും കുരങ്ങിനെ കൈമാറ്റം ചെയ്തു വാങ്ങുന്നതിലേക്കായി വന്ന തമിഴ്‌നാട്, ഡിണ്ടിക്കല്‍ സ്വദേശികളായ പാര്‍ത്ഥസാരഥി ശങ്കര്‍ (34), സുന്ദര്‍ (26) എന്നിവരെയാണ് എക്‌സൈസ് സംഘം പിടികൂടിയത്.
ഇടുക്കി എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയുടെ രഹസ്യവിവരത്തെ തുടര്‍ന്ന് ചെക്‌പോസ്റ്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.എസ് ജനീഷിന്റെ നേതൃത്വത്തില്‍ ഇന്നലെ വൈകിട്ടായിരുന്നു പരിശോധന നടത്തിയത്. കുമളി റേഞ്ച് ഓഫിസര്‍ രതീഷ് കെ.വിയുടെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘത്തിന് കുരങ്ങിനെ കൈമാറി. അപൂര്‍വ ഇനത്തില്‍പ്പെട്ടതാണെങ്കിലും ഇന്ത്യന്‍ വനങ്ങളില്‍ കാണപ്പെടുന്ന ഇനമല്ലാത്തതിനാല്‍ ഇന്ത്യന്‍ നിയമങ്ങള്‍ ബാധകമാകുമോയെന്ന് പരിശോധിച്ചശേഷമായിരിക്കും കേസെടുക്കുക.
സൗത്ത് ആഫ്രിക്ക ഉള്‍പ്പെടെയുള്ള വനങ്ങളില്‍ മാത്രം കാണപ്പെടുന്ന ഇത്തരം ഇനത്തില്‍പ്പെട്ട കുരങ്ങുകള്‍ക്ക് അരകിലോയില്‍ താഴെ മാത്രമേ ഭാരം ഉണ്ടാവുകയുള്ളുവെന്നും അധികൃതര്‍ പറയുന്നു. പഴങ്ങളും മറ്റു ഷഡ്പദങ്ങളുമാണ് പ്രധാനമായും ഇവയുടെ ആഹാരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."