ജിദ്ദ വിമാനത്താവളത്തില്‍ തിരക്ക് വര്‍ധിച്ചു
അബ്ദുസ്സലാം കൂടരഞ്ഞി
മക്ക: ഹജ്ജ് തീര്‍ഥാടനം കഴിഞ്ഞ് വിദേശ ഹാജിമാര്‍ തിരിച്ചുപോക്ക് തുടങ്ങിയതോടെ ജിദ്ദ വിമാനത്താവളത്തില്‍ തിരക്ക് വര്‍ധിച്ചു. വിവിധ രാജ്യക്കാരായ തീര്‍ഥാടകരുടെ യാത്ര ഇതിനകംതന്നെ തുടങ്ങിയിട്ടുണ്ട്.
ഏതാനും ആഴ്ചകള്‍ക്കുളില്‍ വിദേശ ഹാജിമാര്‍ പൂര്‍ണമായും പുണ്യ ഭൂമിയില്‍നിന്ന് വിടപറയുന്ന രീതിയിലാണ് മടക്കയാത്ര ക്രമീകരിച്ചിരിക്കുന്നത്.
ആദ്യയാഴ്ച തന്നെ ജിദ്ദ വിമാനത്താവളം വഴി മൂന്നുലക്ഷത്തോളം വിദേശികള്‍ സ്വന്തം നാടുകളിലേക്ക് മടങ്ങുമെന്നാണ് കരുതുന്നത്. വിദേശ ഹാജിമാരുടെ സുഗമമായ മടക്കയാത്രയുടെ ഭാഗമായി ജിദ്ദ വിമാനത്താവളത്തില്‍ സംവിധാനങ്ങള്‍ വിപുലീകരിച്ചിട്ടുണ്ട്.
228 പാസ്‌പോര്‍ട്ട് കൗണ്ടറുകളാണ് വിമാനത്താവളത്തില്‍ തയാറാക്കിയിട്ടുള്ളത്. കൂടാതെ, ജിദ്ദ ഹജ്ജ് ടെര്‍മിനലിലെ 15 ആഗമന ഹാളുകളും തിരിച്ചുപോകുന്നവര്‍ക്കായി ഒരുക്കിയിട്ടുണ്ട്. 26 വിമാനങ്ങള്‍ക്ക് ഒരേസമയം നിര്‍ത്തിയിടാനും യാത്രക്കാരെ കയറ്റാനുമുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. വിദേശ തീര്‍ഥാടകര്‍ മുഹറം പതിനഞ്ചിനുമുന്‍പ് സഊദി വിടണമെന്നാണ് കണക്ക്. സമയപരിധി കഴിയുന്നവര്‍ അനധികൃതരായി കണക്കാക്കി നിയമനടപടികള്‍ നേരിടേണ്ടി വരും.
അതേസമയം, വിദേശ ഹാജിമാരുടെ തിരിച്ചുപോക്ക് നടപടികള്‍ സുഗമമാക്കാന്‍ ഇയാബ് പദ്ധതി പ്രഖ്യാപിച്ചു. വിമാനത്താവളങ്ങളിലെത്തും മുന്‍പുതന്നെ യാത്രാനടപടികള്‍ പൂര്‍ത്തിയാക്കുന്ന പദ്ധതി രണ്ടുദിവസത്തിനകം ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
പരീക്ഷണ പദ്ധതിയില്‍ ഇന്ത്യന്‍ തീര്‍ഥാടകരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരും ഉള്‍പ്പെടും. വിമാനത്താവളങ്ങളിലെ സൗകര്യങ്ങള്‍ തീര്‍ഥാടകര്‍ക്ക് മികച്ചതാക്കാനുള്ള സംവിധാനത്തിന്റെ ഭാഗമായാണ് ഇയാബ് പദ്ധതി പ്രഖ്യാപിച്ചതെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി മേധാവി അബ്ദുല്‍ ഹാദി ബിന്‍ അഹമ്മദ് അല്‍ മന്‍സൂരി പറഞ്ഞു.
ആദ്യഘട്ടത്തില്‍ മുപ്പതിനായിരം തീര്‍ഥാടകര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. തുടര്‍ന്നു മുഴുവന്‍ ഹാജിമാര്‍ക്കും ഇത് നടപ്പാക്കും.
ഇതോടെ വിമാനത്താവളത്തില്‍ കൂടുതല്‍ സമയം കാത്തിരിക്കാതെ തന്നെ യാത്ര ചെയ്യാന്‍ കഴിയും.
പുതിയ പദ്ധതിക്കായി യാത്രക്കാരുടെ യാത്രാനടപടികള്‍ കംപ്യൂട്ടറില്‍ രേഖപ്പെടുത്തുന്നതിനായി പുതിയ ഇ-ട്രാക്ക് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
അതേസമയം, അടുത്ത വര്‍ഷത്തേക്കുള്ള ഹജ്ജിനുള്ള ഒരുക്കങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് സഊദി ഹജ്ജ് ഉംറ മന്ത്രി ഡോ.മുഹമ്മദ് സ്വാലിഹ് ബിന്‍തന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."