കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ക്കെതിരേ അവിശ്വാസം, ഇടതുഭരണം വീണു
കണ്ണൂര്‍: ഒടുവില്‍ കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം യു.ഡി.എഫിന്. യു.ഡി.എഫിന്റെ അവിശ്വാസ പ്രമേയത്തിന്മേല്‍ നടന്ന വോട്ടെടുപ്പില്‍ അവര്‍ക്കു 28 വോട്ടും എല്‍.ഡി.എഫിനു 26 വോട്ടും ലഭിച്ചു. കോണ്‍ഗ്രസ് വിമതന്‍ പി.കെ രാഗേഷ് യു.ഡി.എഫിനെ പിന്തുണച്ചു.
മേയര്‍ ഇ.പി ലതയ്‌ക്കെതിരായ അവിശ്വാസപ്രമേയം പാസായതോടെ പി.കെ രാഗേഷിന്റെ പിന്തുണയോടെ മൂന്നേമുക്കാല്‍ വര്‍ഷമായി തുടരുന്ന എല്‍.ഡി.എഫ് ഭരണം താഴെവീണു. പുതിയ മേയറായി കോണ്‍ഗ്രസിലെ സുമാ ബാലകൃഷ്ണനെ തെരഞ്ഞെടുത്തേക്കും. അതുവരെ ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷിനാണ് മേയറുടെ താല്‍ക്കാലിക ചുമതല. ബാക്കിയുള്ള കോര്‍പറേഷന്‍ കൗണ്‍സിലിന്റെ 15 മാസത്തെ കാലാവധിയില്‍ ആദ്യപകുതി മേയര്‍സ്ഥാനം കോണ്‍ഗ്രസിനും ശേഷം മുസ്‌ലിംലീഗിനും നല്‍കാനാണു യു.ഡി.എഫിലെ ധാരണ. രണ്ടാംപകുതിയില്‍ സി. സീനത്തിനാണ് ലീഗില്‍ മുന്‍തൂക്കം. ഡെപ്യൂട്ടി മേയറായി പി.കെ രാഗേഷ് തുടരും. അവിശ്വാസം പാസായാല്‍ മൂന്നാഴ്ചയ്ക്കകം മേയറെ തെരഞ്ഞെടുക്കണമെന്നാണ് ചട്ടം.
കോര്‍പറേഷനിലെ ഭരണ സ്തംഭനവും സ്റ്റാന്‍ഡിങ് കമ്മിറ്റിയെ നോക്കുകുത്തിയാക്കി ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നതിലും ഭരണ കെടുകാര്യസ്ഥതയും ചൂണ്ടിക്കാട്ടിയായിരുന്നു യു.ഡി.എഫ് മേയര്‍ക്കെതിരേ അവിശ്വാസ പ്രമേയം. വരണാധികാരിയായ കലക്ടര്‍ ടി.വി സുഭാഷിന്റെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ചയും വോട്ടെടുപ്പും. രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ ചര്‍ച്ച നീണ്ടു. പിന്നീട് രഹസ്യ ബാലറ്റിലൂടെ നടന്ന വോട്ടെടുപ്പിനുശേഷം അവിശ്വാസം പാസായതായി കലക്ടര്‍ അറിയിച്ചു.
55 അംഗ കൗണ്‍സിലില്‍ 27 വീതം കൗണ്‍സിലര്‍മാരാണു യു.ഡി.എഫിനും എല്‍.ഡി.എഫിനും ഉണ്ടായിരുന്നത്. കോണ്‍ഗ്രസ് വിമതന്‍ പി.കെ രാഗേഷിന്റെ പിന്തുണയോടെയാണ് എല്‍.ഡി.എഫ് ഭരണം.
എടക്കാട് ഡിവിഷനിലെ സി.പി.എം അംഗം പി.എം കുട്ടികൃഷ്ണന്‍ അടുത്തിടെ മരിച്ചു. എന്നാല്‍ രാഗേഷിന്റെ പിന്തുണയോടെ കോര്‍പറേഷനിലെ എട്ടില്‍ ഏഴു സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ അധ്യക്ഷരായി യു.ഡി.എഫ് അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി മാത്രമാണ് എല്‍.ഡി.എഫിന്.
ലോക്‌സഭാ തെരഞ്ഞെടുപ്പിനു പിന്നാലെ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനുമായി നടന്ന ചര്‍ച്ചയിലാണ് രാഗേഷിന്റെ അകല്‍ച്ച മാറിയത്. തുടര്‍ന്നാണ് മേയര്‍ക്കെതിരേ അവിശ്വാസത്തിനു യു.ഡി.എഫ് നോട്ടിസ് നല്‍കിയത്. അവിശ്വാസ വോട്ടെടുപ്പില്‍ യു.ഡി.എഫിനു പിന്തുണ നല്‍കിയ പി.കെ രാഗേഷിനെ പ്രവര്‍ത്തകര്‍ തോളിലേറ്റി ആഹ്ലാദം പങ്കിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."