മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് ഹരജി 259 വോട്ടര്‍മാര്‍ക്ക് സമന്‍സ് അയക്കാന്‍ നിര്‍ദേശം
കൊച്ചി: മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുല്‍ റസാഖിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എതിര്‍സ്ഥാനാര്‍ഥിയായിരുന്ന ബി.ജെ.പിയിലെ കെ.സുരേന്ദ്രന് സമര്‍പ്പിച്ച ഹരജിയില്‍ 259 വോട്ടര്‍മാര്‍ക്ക് സമന്‍സ് അയക്കാന്‍ ഹൈക്കോടതി നിര്‍ദേശം.
മരിച്ചുപോയവരുടെയും വിദേശത്തുള്ളവരുടെയും പേരില്‍ വ്യാപകമായി കള്ളവോട്ടു നടന്നിട്ടുണ്ടെന്ന് ഹരജിക്കാരന് ചൂണ്ടിക്കാട്ടിയത് കണക്കിലെടുത്താണ് ഹൈക്കോടതി ഉത്തരവ്. ഇവര്‍ വോട്ട് രേഖപ്പെടുത്തിയോയെന്ന് പരിശോധിക്കാന്‍ ജൂണ്‍ എട്ട്, ഒന്‍പത് തിയതികളിലും തുടര്‍ന്നുള്ള ദിവസങ്ങളിലും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സമന്‍സ് അയക്കാനാണ് നിര്‍ദേശം. വിദേശത്തുള്ളവരുടെ വോട്ട് മാറ്റാരെങ്കിലും ചെയ്തിട്ടുണ്ടോയെന്നറിയാന്‍ എമിഗ്രേഷന്‍ രേഖകള്‍ പരിശോധിക്കാന്‍ നിര്‍ദേശിക്കണമെന്നും ഹരജിക്കാരന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതും കോടതി പരിഗണിക്കുന്നുണ്ട്. ഹരജിയില്‍ മഞ്ചേശ്വരത്തെ 24 ബൂത്ത്ലെവല്‍ ഉദ്യോഗസ്ഥരുടെയും 43 പ്രിസൈഡിങ് ഓഫിസര്‍മാരുടെയും തെളിവെടുപ്പ് ഹൈക്കോടതി നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു.
ആരോപണവിധേയമായ ബൂത്തുകളിലെ വോട്ടിങ് യന്ത്രങ്ങള്‍ ഹൈക്കോടതി നിര്‍ദേശമനുസരിച്ച് എറണാകുളം കലക്ടറേറ്റില്‍ സൂക്ഷിച്ചിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."