അതിതീവ്ര മഴയ്ക്ക് കാരണം കടലിലെ അസാധാരണ താപവും
അഷ്‌റഫ് ചേരാപുരം
കോഴിക്കോട്: കേരളത്തിലെ അതിതീവ്രമഴയ്ക്ക് കാരണം അസാധാരണമാം വിധം കടല്‍ ചൂടായതുകൊണ്ടെന്നു കൂടി നിഗമനം. ജൂലൈ യില്‍ ഇന്ത്യന്‍ സമുദ്രത്തിലെയും അറബിക്കടലിലെയും ചൂട് അത്യധികം വര്‍ധിച്ചത് അതിതീവ്ര മഴയ്ക്ക് കാരണമായെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. അമേരിക്കന്‍ കലാവസ്ഥാ ഏജന്‍സിയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നിഗമനം. അമേരിക്കന്‍ ഏജന്‍സിയായ നാഷനല്‍ സെന്റര്‍ ഫോര്‍ എണ്‍വയണ്‍മെന്റല്‍ ഇന്‍ഫര്‍മേഷന്‍ ( എന്‍.ഒ.എ.എ) യാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. കഴിഞ്ഞ 140 വര്‍ഷത്തിനിടയില്‍ ഇക്കഴിഞ്ഞ ജൂലൈയില്‍ ആഗോള താപനില ഏറ്റവും കൂടുതലായാണ് അനുഭവപ്പെട്ടതെന്ന് എന്‍.ഒ.എ.എ ശാസ്ത്രജ്ഞര്‍ പറയുന്നു. 1.71 ഡിഗ്രി ഫാറന്‍ഹീറ്റായിരുന്നു ജൂലൈയില്‍ അനുഭവപ്പെട്ട ചൂട്. 2016 ജൂലൈയിലായിരുന്നു നേരത്തെ കടുത്ത ചൂട് ഉണ്ടായത്. ഉത്തര ദക്ഷിണ അമേരിക്കകള്‍, ഏഷ്യ, ആസ്‌ത്രേലിയ, ന്യൂസിലന്‍ഡ്, ആഫ്രിക്കയുടെ ദക്ഷിണാര്‍ധം, ഇന്ത്യന്‍ സമുദ്രം, അത്‌ലാന്റിക് സമുദ്രം എന്നിവിടങ്ങളിലെല്ലാം ഈ അതിതാപത്തിന്റെ പ്രതിഫലനങ്ങളുണ്ടായി. ആര്‍ട്ടിക്കിലെയും അന്റാര്‍ട്ടിക്കിലെയും ഹിമം അസാധാരണമാംവിധം ഉരുകുന്ന അവസ്ഥയും ഇത്തവണയുണ്ടായി. ബംഗാള്‍ ഉള്‍ക്കടല്‍ ചൂടുപിടിച്ചത് തുടര്‍ച്ചയായ ന്യൂനമര്‍ദങ്ങള്‍ രൂപപ്പെടാന്‍ കാരണമായെന്നാണ് നിഗമനം. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്ന സീസണ്‍ ആവുകയും അതോടൊപ്പം അമിത താപം അറബിക്കടലില്‍ ഉള്‍പ്പെടെ കടല്‍ ബാഷ്പീകരണ തോത് കൂട്ടുകയും ചെയ്തു. ഇത് വന്‍തോതില്‍ മേഘങ്ങള്‍ രൂപപെടാന്‍ ഇടയാക്കിയിട്ടുണ്ടാകുമെന്നും കാറ്റ് യോജിച്ച് വന്നതോടെ അതി തീവ്രമഴയായി പെയ്തുവെന്നുമുള്ള അനുമാനത്തിലാണ് കാലാവസ്ഥാ നിരീക്ഷകര്‍. കാറ്റിന്റെ ദിശ കേരളത്തിനു ലംബമായി വരികയും കാറ്റ് തുടരെ കൊണ്ടുവന്ന മേഘങ്ങളെ പശ്ചിമഘട്ടം തടഞ്ഞു നിര്‍ത്തി അതിന്റെ താഴ്‌വാരങ്ങളില്‍ കനത്തു പെയ്യുകയുമായിരുന്നു. ചില മേഖലകളില്‍ ഉരുള്‍പൊട്ടലുണ്ടാക്കിയതും ഇത്തരം അതിതീവ്ര മഴയാണെന്നാണ് കരുതുന്നത്. സൊമാലിയന്‍ ജെറ്റിന്റെ സ്വാധീനം മേഘങ്ങളെ കേരളാ തീരത്ത് കേന്ദ്രീകരിച്ചതും തീവ്ര മഴക്ക് കാരണമായിട്ടുണ്ടാകുമെന്നും നിരീക്ഷകര്‍ കരുതുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."