ജി.പി.ആര്‍ തെരച്ചില്‍ ആരംഭിച്ചു; കവളപ്പാറയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു, ആകെ 41 ആയി
നിലമ്പൂര്‍: ഉരുള്‍പൊട്ടലില്‍ നിരവധി പേരെ കാണാതായ കവളപ്പാറയില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇത് ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇതോടെ കവളപ്പാറയില്‍ നിന്ന് മരിച്ച നിലയില്‍ കണ്ടെത്തിയവരുടെ എണ്ണം 41 ആയി. 18 പേരെ കൂടി ഇനി കണ്ടെത്താനുണ്ട്.
തെരച്ചില്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ജി.പി.ആര്‍ (ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാര്‍) ഉപയോഗിച്ചാണ് ഇന്നത്തെ തെരച്ചില്‍ നടക്കുന്നത്. ഇതിന് ഹൈദരാബാദ് നാഷണല്‍ ജിയോഫിസിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള വിദഗ്ധ സംഘമാണ് നേതൃത്വം നല്‍കുന്നത്. രണ്ടു ശാസ്ത്രജ്ഞന്മാരും ഒരു ടെക്‌നിക്കല്‍ അസിസ്റ്റന്റും മൂന്നു ഗവേഷകരും ഉള്‍പ്പെട്ടതാണ് സംഘം.
ദിവസം കൂടുന്തോറും മൃതദേഹങ്ങള്‍ അഴുകന്നതും മറ്റും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു. ഇതോടെ വയനാട് എം.പി രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ കാരണമാണ് ജി.പി.ആര്‍ സംവിധാനത്തില്‍ തെരച്ചില്‍ നടത്താന്‍ സഹായകരമായത്. നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സ് ഡയരക്ടര്‍ ജനറല്‍ എസ്.എന്‍ പ്രധാനുമായി രാഹുല്‍ ഗാന്ധി ഫോണില്‍ സംസാരിക്കുകയും ഉപകരണങ്ങള്‍ ഉടന്‍ ലഭ്യമാക്കുമെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തിരുന്നു. ഇതനുസരിച്ചാണ് ആറംഗ സംഘം ഹൈദരാബാദില്‍ നിന്നെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."