അത്ലറ്റിക്കോയ്ക്ക് ആശ്വസിക്കാം; ഗ്രിസ്മാന് എങ്ങോട്ടുമില്ല
മാഡ്രിഡ്: അത്ലറ്റിക്കോ മാഡ്രിഡിന് ആശ്വാസം. അവരുടെ സൂപ്പര്‍ താരം അന്റോയിന്‍ ഗ്രിസ്മാന് അടുത്ത സീസണിലും ടീമിനൊപ്പമുണ്ടാകും. സീസണ് അവസാനത്തോടെ മോഹ വില സ്വന്തമാക്കി ഗ്രിസ്മാന് ഇംഗ്ലീഷ് കരുത്തരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് കൂടുമാറുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരമമിട്ട് താന്‍ എങ്ങോട്ടുമില്ലെന്ന് ഫ്രഞ്ച് താരം വ്യക്തമാക്കി. ഒപ്പം ക്ലബുമായി പുതിയ കരാര്‍ ഒപ്പ് വയ്ക്കാനും ധാരണയായി.
കളിക്കാരുടെ കൈമാറ്റവുമായി ബന്ധപ്പെട്ട് അത്ലറ്റിക്കോ മാഡ്രിഡ് നേരിടുന്ന കോടതി വിലക്കിനെ തുടര്‍ന്നാണ് താരത്തിന്റെ മനംമാറ്റം. താരങ്ങളെ കൈമാറുന്നതിന് ഉണ്ടായിരുന്ന വിലക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് അത്ലറ്റിക്കോ സമര്‍പ്പിച്ച ഹരജി തള്ളി വിലക്കിന്റെ കാലാവധി അടുത്ത വര്‍ഷം വരെ നീട്ടി കഴിഞ്ഞ ദിവസം സി.എ.എസ് (കോര്‍ട്ട് ഓഫ് ആര്ബിട്ട്രേഷന് ഫോര്‍ സ്പോട്സ്) ഉത്തരവിറക്കിയിരുന്നു.
ഈ ഘട്ടത്തില്‍ ഗ്രിസ്മാന് അത്ലറ്റിക്കോ വിട്ടാലും പകരം ഒരു സ്ട്രൈക്കറെ സ്വന്തമാക്കാന്‍ 2018 വരെ ക്ലബ് കാത്തിരിക്കേണ്ടി വരും. കഠിനമായ പരീക്ഷണ ഘട്ടത്തെയാണ് ക്ലബ് ഇപ്പോള്‍ നേരിടുന്നത്. ഈ ഘട്ടത്തില്‍ ടീമില്‍ നിന്ന് പോകുന്നത് ക്ലബിനും സഹ താരങ്ങള്‍ക്കും വേവലാതി ഉണ്ടാക്കുമെന്നതിനാല്‍ വരുന്ന സീസണിലും ടീമില്‍ കളിക്കാനാണ് തീരുമാനമെന്ന് 26കാരനായ ഗ്രിസ്മാന് വ്യക്തമാക്കി.
നേരത്തെ ഗ്രിസ്മാനെ ടീമിലെത്തിക്കാന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനൊപ്പം റയല്‍ മാഡ്രിഡും ബാഴ്സലോണയും ശ്രമങ്ങള്‍ നടത്തിയിരുന്നു. സീസണില്‍ അത്ലറ്റിക്കോയ്ക്കായി 29 ഗോളുകള്‍ നേടാനും 11 ഗോളുകള്‍ക്ക് വഴിയൊരുക്കാന്‍ ഫ്രഞ്ച് സ്ട്രൈക്കര്‍ക്ക് സാധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."