ദുരിതാശ്വാസ ക്യാംപില്‍ വിവാഹ പന്തലൊരുങ്ങി; റാബിയയും ഷാഫിയും ഡബ്ള്‍ ഹാപ്പി
കല്‍പറ്റ: മേപ്പാടി ചൂരല്‍മല സ്വദേശി റാബിയക്കും പേരാമ്പ്ര സ്വദേശി മുഹമ്മദ് ഷാഫിക്കും ദുരിതാശ്വാസക്യാംപില്‍ വിവാഹം. ആശംസകളുമായി ജില്ലാ കലക്ടറും മുതിര്‍ന്ന ഉദ്യോഗസ്ഥരും എത്തിയപ്പോള്‍ സന്തോഷം ഇരട്ടിയായി.
ഉരുള്‍പൊട്ടലുണ്ടായ മേപ്പാടി പുത്തുമലയ്ക്ക് സമീപത്തെ ചൂരല്‍മല സ്വദേശി ജുമൈലത്തിന്റെ മകളാണ് റാബിയ. ഒരു നാടിനെ ഒന്നാകെ ഇല്ലാതാക്കിയ ഉരുള്‍പൊട്ടലിലും പ്രളയത്തിലും ജുമൈലത്തിന്റെ വീടിനും നാശനഷ്ടമുണ്ടായി. പേമാരിയിലും വെള്ളപ്പൊക്കത്തിലും മകളുടെ വിവാഹത്തിനായി സ്വരുക്കൂട്ടിവച്ച പുതുവസ്ത്രങ്ങളും പണവുമെല്ലാം നശിച്ചു. വെറുംകൈയോടെ വീട് വിട്ടിറങ്ങി മേപ്പാടി സെന്റ് ജോസഫ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപിലെത്തിയപ്പോള്‍ മകള്‍ റാബിയയുടെ വിവാഹം എങ്ങനെ നടത്തുമെന്നായിരുന്നു ജുമൈലത്തിന്റെ ആശങ്ക.
ഓഗസ്റ്റ് 18നാണ് വിവാഹചടങ്ങുകള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ വിവാഹത്തിനായി മാറ്റിവെച്ചതെല്ലാം പ്രളയത്തില്‍ നഷ്ട്ടപ്പെട്ടതോടെ ജുമൈലത്തും മകളും നിരാശയിലായി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവ് മരണപ്പെട്ടതോടെ കൂലിപ്പണിയെടുത്താണ് ജുമൈലത്ത് കുടുംബം പുലര്‍ത്തിയിരുന്നത്. ഇതിനിടെയാണ് മകളുടെ വിവാഹം തീരുമാനിച്ചത്. എന്നാല്‍ എന്തുവന്നാലും ഓഗസ്റ്റ് 18ന് തന്നെ വിവാഹം നടക്കുമെന്ന് വരന്‍ മുഹമ്മദ് ഷാഫി ഇവര്‍ക്ക് ഉറപ്പുനല്‍കിയിരുന്നു.
ഇങ്ങനെയാണ് നമ്മള്‍ അതിജീവിക്കുന്നതെന്നും ഏതൊരു ദുരന്തത്തിനും തകര്‍ക്കാന്‍ കഴിയാത്ത ശക്തിയാണിതെന്നും നവദമ്പതികളുടെ ചിത്രം പങ്കുവെച്ച് വയനാട് ജില്ലാ ഭരണകൂടം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഫോസ്ബുക്ക് പോസ്റ്റ്..
https://www.facebook.com/wayanadWE/posts/680142605783066
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."