പ്രളയദുരിതം തീരാതെ; വീട് നഷ്ടപ്പെട്ട വൃദ്ധസഹോദരങ്ങള്‍ അനാഥാലയത്തില്‍
വരന്തരപ്പിള്ളി: നന്തിപുലം നടത്തോടന്‍ വീട്ടില്‍ വൃദ്ധരായ രാമുവും രണ്ട് സഹോദരിമാരുമാണ് പ്രളയത്തില്‍ വീട് തകര്‍ന്നതോടെ തല ചായ്ക്കാന്‍ ഇടമില്ലാതെ അനാഥാലയത്തില്‍ അഭയം തേടിയത്.
സര്‍ക്കാരും ഉറ്റവരും കൈയൊഴിഞ്ഞതോടെയാണു ഇവര്‍ തീര്‍ത്തും അനാഥരായത്. രാമുവും (82) സഹോദരിമാരായ തങ്ക (79), അമ്മിണി (64) ഇവര്‍ മൂന്നു പേരും അവിവാഹിതരാണ്. പ്രായാധിക്യത്താലുള്ള അസുഖങ്ങളാല്‍ വലയുന്ന മൂവര്‍ക്കും പരസഹായമില്ലാതെ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഓര്‍മകുറവുള്ള രാമുവിനും സംസാരശേഷിയില്ലാത്ത അമ്മിണിക്കും ഏക തുണ അവശയായ തങ്കയാണ്. മൂന്നു പേരും ജനിച്ചുവളര്‍ന്ന ഓടിട്ട വീടാണു പ്രളയത്തില്‍ പൂര്‍ണമായും തകര്‍ന്നു വീണത്. കാലങ്ങളായി ഇവര്‍ സ്വരുകൂട്ടിവെച്ചതെല്ലാം പ്രളയം കവര്‍ന്നു. ദുരിതാശ്വാസ ക്യാംപുകളില്‍ മാറി മാറി കഴിഞ്ഞിരുന്ന ഇവര്‍ ക്യാംപുകള്‍ പിരിച്ചുവിട്ടതോടെ അനാഥരാകുകയായിരുന്നു.
പുനരധിവസിപ്പിക്കാന്‍ ബാധ്യസ്ഥരായ സര്‍ക്കാരും സംരക്ഷിക്കാന്‍ തയാറാകാത്ത ബന്ധുക്കളും ഇവര്‍ക്കുനേരെ കണ്ണടച്ചപ്പോള്‍ സമീപത്തെ വായനശാല പ്രവര്‍ത്തകരാണ് ഇവര്‍ക്കു തുണയായത്. നന്തിപുലം വില്ലേജ് ഓഫിസറുടെ സഹായത്തോടെ വായനശാല പ്രവര്‍ത്തകര്‍ ഇവരെ രാമവര്‍മ്മപുരത്തുള്ള അഗതിമന്ദിരത്തിലേക്കു മാറ്റുകയായിരുന്നു. ഇനിയെന്നു മടങ്ങിയെത്താന്‍ കഴിയുമെന്ന ആശങ്ക നിറഞ്ഞ മനസുമായാണ് ഇവര്‍ അഗതിമന്ദിരത്തിലേക്കു യാത്രതിരിച്ചത്. പുതിയ വീട് നിര്‍മിച്ച് ഇവരെ പുനരധിവസിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് നന്തിപുലം ഗ്രാമീണ വായനശാല പ്രവര്‍ത്തകര്‍. തകര്‍ന്നുവീണ വീടിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്തു പരിസരം വൃത്തിയാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇവര്‍ ആദ്യം ചെയ്തത്. ഇവര്‍ക്കു വീട് നിര്‍മിക്കാന്‍ സര്‍ക്കാര്‍ സഹായം വൈകുന്ന സാഹചര്യത്തില്‍ സുമനസുകളുടെ കാരുണ്യമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വായനശാല പ്രവര്‍ത്തകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."