ധാര്‍ഷ്ട്യത്തോടെ പെരുമാറുന്നുവെന്ന പരാതി വ്യാപകം, ജനങ്ങളോടുള്ള നേതാക്കളുടെ സമീപനം മാന്യമാവണം; വിമര്‍ശനാത്മക വിലയിരുത്തലുമായി സി.പി.എം
തിരുവനന്തപുരം: നേതാക്കളുടെ ധാര്‍ഷ്ട്യം നിറഞ്ഞ സ്വഭാവം സംബന്ധിച്ച് വ്യാപക പരാതികള്‍ ലഭിച്ചതായും ജനങ്ങളോടുള്ള നേതാക്കളുടെ സമീപനം മാന്യമാവണമെന്നും തിരുവനന്തപുരത്ത് ആരംഭിച്ച സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിന്റെ വിലയിരുത്തല്‍.
തെരഞ്ഞെടുപ്പിന് ശേഷം നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ പലരുടെയും ജനങ്ങളോടുള്ള സമീപനം കൊണ്ട് പലരും പാര്‍ട്ടിയില്‍ നിന്ന് അകലുന്ന അവസ്ഥയുണ്ടെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. കൊല്‍ക്കത്ത പ്ലീനത്തില്‍ തീരുമാനിച്ച കാര്യങ്ങള്‍ നടപ്പിലാക്കാന്‍ പൂര്‍ണമായും സാധിച്ചിട്ടില്ലെന്നും സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച റിപ്പാര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. മാന്യമായ പെരുമാറ്റം കൂടാതെ ജനബന്ധം മെച്ചപ്പെടുത്താനാവില്ല.
പോഷക സംഘടനകളെയും വര്‍ഗ ബഹുജന സംഘടനകളെയും കൂടുതല്‍ സജീവമാക്കണമെന്ന നിര്‍ദേശം നടപ്പിലായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആറ് ദിവസം നീളുന്ന സി.പി.എമ്മിന്റെ നേതൃയോഗങ്ങള്‍ക്ക് മുന്നോടിയായാണ് സംസ്ഥാന സെക്രട്ടറിയറ്റ് യോഗം നടന്നത്. ഇന്ന് അവതരിപ്പിച്ച റിപ്പോര്‍ട്ടിന്‍മേല്‍ നാളെ മുതല്‍ ചര്‍ച്ച നടക്കും.
അതേസമയം ചേര്‍ത്തലയിലെ വിവാദമുണ്ടായ ക്യാംപില്‍ നേരിട്ടെത്തിയ മന്ത്രി ജി. സുധാകരന്‍ ക്യാംപിലെ അംഗങ്ങളോടും പാര്‍ട്ടി പ്രവര്‍ത്തകരോടും കയര്‍ത്തു സംസാരിച്ചത് പാര്‍ട്ടി അണികള്‍ക്കിടയില്‍ തന്നെ വലിയ പ്രതിഷേധത്തിന് വഴിതെളിച്ചിരുന്നു. മാധ്യമവാര്‍ത്തകള്‍ക്ക് പിന്നാലെ ഓമനക്കുട്ടനെ സസ്‌പെന്‍ഡ് ചെയ്ത തീരുമാനവും വിവാദത്തിനിടയാക്കി. ഇതിനെല്ലാം പിന്നാലെയാണ് നേതാക്കളുടെ പെരുമാറ്റം സംബന്ധിച്ച വിമര്‍ശനാത്മക റിപ്പോര്‍ട്ട് സെക്രട്ടറിയറ്റില്‍ അവതരിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."