പ്രളയത്തിനു ശേഷം വിലക്കയറ്റം പിടിച്ചുനിര്‍ത്താനായത് സര്‍ക്കാരിന്റെ വലിയ നേട്ടം: മന്ത്രി പി. തിലോത്തമന്‍
തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിനു ശേഷം സംസ്ഥാനത്ത് ഭക്ഷ്യ സാധനങ്ങള്‍ക്ക് ഒരു വിധത്തിലുമുള്ള വിലക്കയറ്റമുണ്ടാകാതെ നിയന്ത്രിക്കാന്‍ കഴിഞ്ഞത് സര്‍ക്കാരിന്റെ വലിയ നേട്ടമാണെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി പി. തിലോത്തമന്‍.
പൊതുവിതരണ കേന്ദ്രങ്ങളില്‍നിന്ന് അര്‍ഹമായ സാധനങ്ങള്‍ കൃത്യമായ അളവിലും തൂക്കത്തിലും ലഭിക്കുന്നതിന് നൂതന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. വര്‍ക്കലയില്‍ ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിലക്കുറവിന്റെ കാലം പ്രളയശേഷവും കേരളത്തില്‍ തുടരുകയാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി.
പൊതുവിതരണ രംഗത്തും വിപണിയിലും സര്‍ക്കാരിന്റെ ശക്തമായ ഇടപെടലുകളാണ് വിലക്കയറ്റത്തിനു തടയിട്ടത്. റേഷന്‍ കടകള്‍വഴി അര്‍ഹമായ എല്ലാ ഉത്പന്നങ്ങളും ജനങ്ങളിലെത്തുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനുള്ള നവീന പദ്ധതികള്‍ ഓരോന്നായി നടപ്പാക്കുകയാണ്. പൊതുവിതരണ കേന്ദ്രങ്ങളില്‍ ഇപോസ് മെഷീനുകളും അളവു തൂക്ക മെഷീനും തമ്മില്‍ ബന്ധിപ്പിക്കാന്‍ തീരുമാനിച്ചുകഴിഞ്ഞു.
ഇതു വരുന്നതോടെ ഗുണഭോക്താവിന് കൃത്യമായ അളവില്‍ സാധനങ്ങള്‍ നല്‍കിയാലേ ബില്ല് നല്‍കാനാവൂ. അളവിലും തൂക്കത്തിലും യാതൊരു തരത്തിലുമുള്ള കൃത്രിമത്വവും നടത്തുന്നില്ല എന്ന് ഇതിലൂടെ ഉറപ്പുവരുത്താനാകുമെന്നും മന്ത്രി പറഞ്ഞു. ലീഗല്‍ മെട്രോളജി ഓഫിസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ അഡ്വ. വി. ജോയി എം.എല്‍.എ അധ്യക്ഷനായി.
അഡ്വ. ബി. സത്യന്‍ എം.എല്‍.എ, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്ദു ഹരിദാസ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം വി. രഞ്ജിത്ത്, താലൂക്കിലെ വിവിധ തദ്ദേശ സ്ഥാപനങ്ങ മേധാവികള്‍, ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."