ലൈഫ് പദ്ധതിയില്‍ നിന്ന് പുറത്തായ അപേക്ഷകരെയും പരിഗണിക്കും
കരുനാഗപ്പള്ളി: ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നല്‍കാമെന്ന് ഉറപ്പു നല്‍കിയ ശേഷം ആലപ്പാട് പഞ്ചായത്ത് അധികൃതര്‍ പദ്ധതിയില്‍ നിന്നും ഒഴിവാക്കിയ ജന്മനാ മൂകനും ബധിരനുമായ സെബാസ്റ്റ്യന്‍ എന്ന മത്സ്യത്തൊഴിലാളിക്ക് വീട് അനുവദിക്കാമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചതായി കെ.സി വേണുഗോപാല്‍ എം.പി അറിയിച്ചു.
ഓലക്കുടിലില്‍ കഴിഞ്ഞിരുന്ന സെബാസ്റ്റ്യന്റെ കുടുംബത്തിന് ലൈഫ് പദ്ധതിയില്‍ വീടനുവദിക്കാമെന്ന് ഉറപ്പുനല്‍കിയതോടെയായിരുന്നു ഉണ്ടായിരുന്ന കുടിലും പൊളിച്ചുകളഞ്ഞത്. വീടനുവദിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് വലിയ ജനകീയ പ്രതിഷേധം ഉണ്ടായ ഘട്ടത്തിലാണ് സര്‍ക്കാര്‍ നിലപാട് മാറ്റിയത്. നിര്‍ധന കുടുംബത്തെ പദ്ധതിയില്‍ നിന്നും ഒഴിവാക്കിയതറിഞ്ഞതിനെ തുടര്‍ന്ന് അന്വേഷണം ആവശ്യപ്പെട്ടു കെ.സി വേണുഗോപാല്‍ എം.പി നേരത്തെ മുഖ്യമന്ത്രിക്ക് കത്ത് നല്‍കുകയും ജില്ലാ കലക്ടറോട് നടപടി പുനഃപരിശോധിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇതേ തുടര്‍ന്ന് സി.ആര്‍.ഇസഡ് ജില്ലാതലസമിതി ഈക്കാര്യം പുനഃപരിശോധിക്കുകയും മാനദണ്ഡങ്ങള്‍ പാലിച്ചുതന്നെ വീടനുവദിക്കാമെന്ന നിലപാടില്‍ എത്തുകയുമായിരുന്നു.
സി.ആര്‍.ഇസഡ് ജില്ലാതല സമിതി മാനദണ്ഡങ്ങളില്‍ മാറ്റംവരുത്തുന്നതോടുകൂടി മറ്റ് നിരവധി അപേക്ഷകര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. 1996ല്‍ നിശ്ചയിച്ചിരുന്ന റഫറല്‍ പോയിന്റുകളില്‍ നിന്നാണ് കടലില്‍ നിന്നുള്ള ദൂരപരിധിയായ 100 മീറ്റര്‍ കണക്കാക്കിയിരുന്നത്. എന്നാല്‍ ആലപ്പാട് പഞ്ചായത്തിലെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകള്‍ കൂടി പരിഗണിച്ച് കടല്‍ ഭിത്തിയില്‍ നിന്നും 100മീറ്റര്‍ ദൂരമളക്കാമെന്ന തീരുമാനത്തെ തുടര്‍ന്നാണ് സെബാസ്റ്റ്യനടക്കമുള്ളവര്‍ക്ക് വീട് വയ്ക്കാനുള്ള തടസം നീങ്ങി കിട്ടുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ സി.ആര്‍ മഹേഷ്, പഞ്ചായത്തംഗം ആര്‍. ബേബി എന്നിവര്‍ ഈ വിഷയത്തില്‍ നടപടിയാവശ്യപ്പെട്ടു ജില്ലാ കലക്ടര്‍, ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റി, സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇപ്പോഴത്തെ കടല്‍ ഭിത്തിയില്‍ നിന്നും ഈ സ്ഥലത്തേക്കുള്ള ദൂരം വീണ്ടും അളന്നു തിട്ടപ്പെടുത്തി നിയമതടസങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തിയാണ് തീരുമാനമെടുത്തിരിക്കുന്നതെന്നു കലക്റ്റര്‍ എം.പിയെ അറിയിച്ചു.
ജന്മനാ ഭാഗികമായി അന്ധതയുള്ള സെബസ്റ്റ്യന്റെ ഭാര്യ സുനി സെബാസ്റ്റിയനാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭവന പദ്ധതിയായ ലൈഫ് പ്രകാരം വീടിനു അപേക്ഷിച്ചത്. സര്‍ക്കാര്‍ തുടര്‍ന്ന് നടത്തിയ എല്ലാ പരിശോധനകളിലും ഇവര്‍ക്ക് വീട് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നു മുന്‍ഗണനപ്പട്ടികയിലും ജില്ലാതലത്തിലും പഞ്ചായത്ത് തലത്തിലും തയാറാക്കിയ പട്ടികയില്‍ ഒന്നാമത്തെ പേരായി ഉള്‍പ്പെട്ടിരുന്നു.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനത്തിന് ഈ കുടുംബത്തെ ക്ഷണിച്ചശേഷം നിലവില്‍ ഉണ്ടായിരുന്ന വീടുപൊളിക്കാനും നിര്‍ദേശം നല്‍കിയ ശേഷമാണ് ഇവരെ തീരപരിപാലന നിയമത്തെ ദുര്‍വ്യഖ്യാനം ചെയ്ത് നൂലാമാലകള്‍ പറഞ്ഞു ഒഴിവാക്കിയത്. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ആലപ്പാട് പഞ്ചായത്തിലേക്ക് മാര്‍ച്ചും ധര്‍ണ ഉള്‍പ്പെടെയുള്ള സമരപരിപാടിളും നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."