മുഖ്യമന്ത്രി ഉപേക്ഷിച്ചിട്ടും ഉപദേശിക്ക് ബീക്കണ്‍ ലൈറ്റ് വേണം
തിരുവനന്തപുരം: മുഖ്യമന്ത്രി ബീക്കണ്‍ ലൈറ്റ് ഉപേക്ഷിച്ചിട്ടും ഉപദേഷ്ടാവിന് ബീക്കണ്‍ ലെറ്റ് വച്ച വാഹനം തന്നെ വേണം. മുഖ്യമന്ത്രിയുടെ പൊലിസ് ഉപദേഷ്ടാവും മുന്‍ ഡി.ജി.പിയുമായ രമണ്‍ ശ്രീവാസ്തവയാണ് ഒരു മാസമായി ബീക്കണ്‍ ലൈറ്റ് വച്ച വാഹനത്തില്‍ പായുന്നത്. അതും സ്വന്തം കാറില്‍. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് വി.ഐ.പി സംസ്‌കാരം വേണ്ടെന്ന് സംസ്ഥാനവും തീരുമാനിച്ചത്. ഇതോടെ ഗവര്‍ണറും മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും തങ്ങളുടെ ഔദ്യോഗിക വാഹനങ്ങളിലെ ബീക്കണ്‍ ലൈറ്റ് നീക്കിയിരുന്നു. ഇതിനിടയിലാണ് കെ.എല്‍ 01 എ.യു 5566 ഇന്നോവ കാറില്‍ ബീക്കണ്‍ലൈറ്റുമായി പൊലിസ് ഉപദേഷ്ടാവിന്റെ യാത്ര. സെക്രട്ടേറിയറ്റിലും രമണ്‍ ശ്രീവാസ്തവ ജോലി നോക്കുന്ന സ്വകാര്യ കമ്പനിയിലും പോകുന്നത് ബീക്കണ്‍ ലൈറ്റ് വച്ച ഈ വാഹനത്തില്‍ തന്നെ.
മോട്ടോര്‍വാഹനവകുപ്പിന്റ വെബ്‌സൈറ്റ് നോക്കിയാല്‍ മുന്‍ ഡി.ജി.പി രമണ്‍ ശ്രീവാസ്തവയാണ് ഈ വാഹനത്തിന്റെ ഉടമയെന്ന് കാണാം. ബീക്കണ്‍ ലൈറ്റ് ഒഴിവാക്കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് വന്നിട്ട് മാസം ഒന്നു കഴിഞ്ഞു. അന്നുമുതല്‍ ഇന്നുവരെ നിയമം ലംഘിച്ച് പായുന്ന ഈ വാഹനത്തിനെതിരേ ഒരു നടപടിയും ഉണ്ടായിട്ടില്ല.
നിലവില്‍ ക്രമസമാധാന ചുമതലയുള്ള പൊലിസിനും ആംബുലന്‍സിനും മാത്രമേ ബീക്കണ്‍ ലൈറ്റ് പാടുള്ളു. അതും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ അനുമതിയോടെ, ചുവപ്പും നീലയും വെള്ളയും ചേര്‍ന്ന മള്‍ട്ടികളര്‍ ലൈറ്റ് മാത്രം. ഉപദേഷ്ടാവായി നിയമിച്ചപ്പോള്‍ ഔദ്യോഗികമായി ഓഫിസും വാഹനവും വേണ്ടെന്നും സ്വന്തം വാഹനം ഓടിക്കാന്‍ ഒരാളെ വിട്ടുതന്നാല്‍ മതിയെന്നുമായിരുന്നു ശ്രീവാസ്തവ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."