ചിന്തിപ്പിച്ചും പഠിപ്പിച്ചും പരിസ്ഥിതി പാഠം പകര്‍ന്ന് വിദ്യാഭ്യാസ മന്ത്രി
കോഴിക്കോട്: രാജസ്ഥാനില്‍ നിന്നും തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാട്ടില്‍ നിന്നും വ്യത്യസ്തമായി കേരളത്തില്‍ മാത്രം ഇത്രയേറെ മഴ ലഭിക്കുന്നതെങ്ങനെയെന്ന ചോദ്യത്തിന് മുന്‍പില്‍ വിദ്യാര്‍ഥികള്‍ ഒന്നു പരുങ്ങി. പലരും ഉത്തരം കിട്ടാതെ ഒരു നിമിഷം പരസ്പരം നോക്കി. ഒടുവില്‍ താ ന്‍ തന്നെ ഉത്തരം പറയാം എന്ന മുഖവുരയോടെ, പെയ്യുന്ന വെള്ളം മുഴുവന്‍ സംഭരിച്ചുവയ്ക്കാന്‍ നമ്മുടെ മണ്ണിനുള്ള കഴിവാണ് ഇതിനുകാരണമെന്ന് അധ്യാപകന്‍ കൂടിയായ വിദ്യഭ്യാസ മന്ത്രി വിശദീകരിച്ചു കൊടുത്തു.
വെള്ളിമാടുകുന്ന് എന്‍.ജി.ഒ. ക്വാട്ടേഴ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എന്‍.എസ്.എസ്. മഴക്കൊയ്ത്തുത്സവത്തിന്റെയും പരിസ്ഥിതി ദിനാചരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടന ചടങ്ങിലാണു വിദ്യാഭ്യാസ മന്ത്രി പൊഫ. സി രവീന്ദ്രനാഥ് വിദ്യാര്‍ഥികള്‍ക്കു മണ്ണിന്റെ മണമുള്ള വാക്കുകള്‍ പകര്‍ന്നു നല്‍കിയത്. പ്രകൃതിയുടെ സന്തുലനാവസ്ഥയെ പഠിപ്പിച്ചും ചിന്തിപ്പിച്ചും പരിസ്ഥിതിയുടെ പാഠം പകര്‍ന്നുമായിരുന്നു പ്രസംഗം. 3,000 മില്ലിമീറ്റര്‍ മഴയാണ് കേരളത്തില്‍ ലഭിക്കുന്നത്. ഇതിനു കാരണം കേരളത്തിലെ മണ്ണാണെന്ന് അദ്ദേഹം പറഞ്ഞു. ധാരാളം വെള്ളമുള്‍ക്കൊള്ളാന്‍ കഴിയുന്നതായിരുന്നു കേരളത്തിലെ മണ്ണ്. എന്നാല്‍ രാസപദാര്‍ഥങ്ങളും പ്ലാസ്റ്റിക്കും മറ്റും നിറഞ്ഞ് മണ്ണ് മരിച്ചു കൊണ്ടിരിക്കുകയാണ്.
ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ പരിസ്ഥിതി സന്തുലിതാവസ്ഥയുണ്ടാവണം. ജീവിതം നിലനിര്‍ത്താനുള്ള പഠനം ക്ലാസിനു പുറമേയാണുണ്ടാവേണ്ടത്. പഠിക്കുമ്പോള്‍ വിദ്യാര്‍ഥികളില്‍ പരിസ്ഥിതി സന്തുലനത്തിന്റെ ആശയം ഉദിക്കണം. എങ്കില്‍ മാത്രമേ പൊതുസമൂഹത്തില്‍ നാളെ ഈ ആശയം ഉദിച്ചുയരുകയുള്ളൂ. പരീക്ഷക്ക് പുറമേ ജീവിതത്തിലും എ.പ്ലസ് നേട്ടമുണ്ടാക്കാന്‍ വിദ്യാര്‍ഥികള്‍ക്കു കഴിയണം. ഇതിന് പരിസ്ഥിതിയെ അറിയാനും പരിസ്ഥിതിക്കനുകൂലമായ പ്രവൃത്തികള്‍ ചെയ്യാനും തയാറാവണം. അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ എ പ്രദീപ്കുമാര്‍ എം.എല്‍.എ. അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."