ബ്രാഹ്മണരും ബീഫ് കഴിച്ചിരുന്നുവെന്ന പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് ബി.ജെ.പി വക്താവ്
ബംഗളൂരു: ഒരു കാലത്ത് ബ്രഹ്മണര്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍ക്കിടയില്‍ ബീഫ് സര്‍വസാധാരണമായ ഭക്ഷണമായിരുന്നുവെന്ന പരാമര്‍ശത്തില്‍ വെട്ടിലായി കര്‍ണാടക ബി.ജെ.പി വക്താവ് വാമന്‍ ആചാര്യ. വിവാദമായതോടെ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് തലയൂരാനുളള ശ്രമത്തിലാണ് ആചാര്യ. ജനങ്ങളുടെ വികാരം വ്രണപ്പെടുത്തിയെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും താന്‍ അങ്ങനെയൊന്നും ഉദ്ദേശിച്ചിട്ടില്ലെന്നും ആചാര്യ വിശദീകരിച്ചു.
ഒരു ടി.വി ചാനലിന്റെ ചര്‍ച്ചയില്‍ പങ്കെടുക്കവെയായിരുന്നു ആചാര്യയുടെ വിവാദ പരാമര്‍ശം. ചര്‍ച്ചക്കിടെ ബി.ജെ.പിയുടെ ആദര്‍ശം ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ നല്‍കിയ മറുപടിയിലാണ് ആചാര്യക്ക് നാക്കു പിഴച്ചത്. ബീഫിന് മതപരമായ ബന്ധമുണ്ടെന്ന് താന്‍ വിശ്വസിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'ഒരു ശാസ്ത്രജ്ഞന്‍ എന്ന നിലക്ക് പശു എനിക്ക് ഗോമാതാവ് അല്ല. ഹിന്ദുക്കളുമായി പശുവിന് അത്ര വലിയ ആഴത്തിലുള്ള ബന്ധമുള്ളതായി എനിക്ക് തോന്നുന്നില്ല. പക്ഷേ കര്‍ഷക കുടുംബങ്ങളും പശുക്കളുമായി ആഴത്തിലുള്ള ബന്ധമാണുള്ളത്. ബ്രഹ്മണരടക്കം നിരവധി ഹിന്ദു സമുദായങ്ങള്‍ മാട്ടിറച്ചി കഴിക്കുന്നവരാണ്'. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഒട്ടേറെ സമുദായങ്ങള്‍ക്കിടയില്‍ ഇപ്പോഴും ബീഫ് ഇഷ്ട ഭക്ഷണമാണെന്നും ബി.ജെ.പി വക്താവ് പറഞ്ഞിരുന്നു.
സംഭവം വിവാദമായതോടെ സ്വന്തം പാര്‍ട്ടി തന്നെ ആചാര്യക്കെതിരെ രംഗത്തു വന്നു. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സിടി രവി, മുന്‍ വക്താവ് മധുസൂദന്‍ എന്നിവര്‍ ആചാര്യക്കെതിരെ കടുത്ത വിമര്‍ശനമാണ് തൊടുത്തു വിട്ടത്. എന്നാല്‍ ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും താനത് വിശദീകരിക്കാന്‍ ഒരുങ്ങുന്നതിനിടെ എല്ലാവരും കൂടി വിവാദമാക്കിയെന്നുമാണ് ആചാര്യ പറയുന്നത്.
ഏതായാലും ബ്രഹ്മണരും ബീഫ് കഴിച്ചിരുന്നവരാണെന്ന വാദങ്ങള്‍ക്കിടയില്‍ ബി.ജെ.പി വക്താവിന്റെ തുറന്നുപറച്ചിലും തിരുത്തലും വലിയ വാര്‍ത്തയായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."