ഭക്ഷ്യദിനാചരണം: നാടന്‍ വിഭവങ്ങളൊരുക്കി പാനൂര്‍ക്കര ഗവ. യു.പി സ്‌കൂള്‍
തൃക്കുന്നപ്പുഴ: ഇലയട, കിണ്ണത്തപ്പം, അച്ചപ്പം, കുഴലപ്പം, റവയുണ്ട എന്നിവ ഇവിടെ വില്‍ക്കപ്പെടും. ഇതൊരു ഗ്രാമീണ ചായക്കടയിലെ വാചകങ്ങളല്ല. മറിച്ച് തൃക്കുന്നപ്പുഴയിലെ പാനൂര്‍ക്കര ഗവ. യു.പി.എസ്. സ്‌കൂളിലെ ഭക്ഷ്യദിനാചരണ പരിപാടിയില്‍ വിദ്യാര്‍ഥികള്‍ തന്നെ വില്‍പ്പനയ്‌ക്കെത്തിച്ച നാടന്‍ വിഭവങ്ങളാണിവ. തികച്ചും പ്രകൃത്തി ദത്തമായ രീതിയില്‍ ഉണ്ടാക്കിയെടുത്ത നാടന്‍ ഭക്ഷ്യ വസ്തുക്കള്‍, ശീതള പാനീയങ്ങള്‍ എന്നിവ മാത്രമാണ് ഭക്ഷ്യമേളയിലുണ്ടായിരുന്നത്.
പുതുതലമുറയ്ക്ക് തീരെ പരിചയമില്ലാത്ത പല ഭക്ഷ്യ വസ്തുക്കളും വിദ്യാര്‍ഥികള്‍ തന്നെ വിതരണത്തിനായി കൊണ്ടുവന്നു. അവില്‍ വിളയിച്ചത്, ഉണ്ണിയപ്പം, ചക്കപ്പഴംപൊരി, പല തരം ബജ്ജികള്‍ തുടങ്ങി വിവിധ തരം വിഭവങ്ങള്‍ അമ്മമാരുടെ സഹായത്തോടെ കുട്ടികള്‍ തന്നെയാണ് ഉണ്ടാക്കിയെടുത്തത്. ഉപ്പിലിട്ട ബീട്ട്‌റൂട്ട്, കാരറ്റ്, നെല്ലിക്ക, മുളക്, മാങ്ങ, കൈതചക്ക, പലതരം പായസങ്ങള്‍ എന്നിവയും ഈ മേളയില്‍ ഇടം പിടിച്ചു. പ്രഷര്‍കുക്കറില്‍ ആവികയറ്റി ഉണ്ടാക്കിയെടുത്ത മായംകലരാത്ത കേക്കുകളും വിദ്യാര്‍ഥികള്‍ വില്‍പ്പനയ്‌ക്കെത്തിച്ചിരുന്നു. രുചിക്ക് പുറമേ ആരോഗ്യത്തിനും പ്രാമുഖ്യം നല്‍കുക എന്ന സന്ദേശമാണ് ഇതിലൂടെ നല്‍കാനായതെന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അബ്ദുല്‍ഖാദര്‍ കുഞ്ഞ് പറഞ്ഞു.
മേളയില്‍ വിദ്യാര്‍ഥികള്‍ തന്നെ പരസ്പരം അവര്‍ കൊണ്ടുവന്ന വസ്തുക്കള്‍ വാങ്ങി. തികഞ്ഞ മത്സരാവേശത്തോടെയാണ് കുട്ടികള്‍ മേള ഏറ്റെടുത്തത്. മേളയില്‍ ഏറെ ആവശ്യക്കാരുണ്ടായിരുന്നത് ചെമ്പരത്തി പൂവ് കൊണ്ട് നിര്‍മിച്ച് സ്‌ക്വാഷിനായിരുന്നു. ആയിഷ, ആലിയ, ആസിയ, ആഫിയ എന്നി വിദ്യാര്‍ഥിനികള്‍ ചേര്‍ന്നാണ് തികച്ചും പ്രകൃതിദത്തമായ രീതിയില്‍ ചെമ്പരത്തിപൂവ് കൊണ്ടുള്ള സ്‌ക്വാഷ് നിര്‍മ്മിച്ചത.് സ്‌കൂളിലെ വര്‍ക്ക് എഡ്യുക്കേഷന്‍ വകുപ്പിന് കീഴില്‍ സ്‌ക്വാഷുകള്‍, സലാഡുകള്‍ എന്നിവ നിര്‍മിക്കുന്നതിന് വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കിയിരുന്നു.
മേളയുടെ ഉദ്ഘാടനം എസ്.എം.സി. ചെയര്‍മാനും തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് അംഗവുമായി ഷാജഹാന്‍ നിര്‍വ്വഹിച്ചു. വിപണനോദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹാരിസ് അണ്ടോളില്‍ നിര്‍വഹിച്ചു. അധ്യാപകരായ മുഹമ്മദ് സബീഹ്, രമ്യ റാവു, ശിഹാബുദ്ദീന്‍, രേഖ എസ്, ഷൈനി എസ്, സുനിതകുമാരി, താഹിറാബീവി എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."