മാലമോഷണം: സി.ആര്.പി.എഫ് ജവാന് പിടിയില്‍
മാന്നാര്‍: ഒറ്റക്ക് പോകുന്ന സ്ത്രീകളുടെ മാല പൊട്ടിച്ചെടുക്കുന്ന സി.ആര്.പി.എഫ് ജവാന് പിടിയില്‍. പത്തനംതിട്ട കോയിപ്രം കുന്നത്തുംകര കാത്തിരത്തിന്‍ കുന്നില്‍ വിജിത്ത് വിജയന് (28) ആണ് പിടിയിലായത്. സി.ആര്.പി.എഫ് ഡല്‍ഹി യൂണിറ്റിലെ ജവാനാണ് ഇയാള്‍.
ഡല്‍ഹിയില്‍ ഉദ്യോഗസ്ഥനായ ഇയാള്‍ അവധിക്ക് നാട്ടില്‍ എത്തിയപ്പോഴാണ് മാല മോഷണം നടത്തിയത്. സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാനായി എളുപ്പമാര്‍ഗമായിട്ടാണ് മാല മോഷണം ഇയാള്‍ തെരഞ്ഞെടുത്തതെന്ന് പൊലിസ് പറഞ്ഞു. കഴിഞ്ഞ മാസം 28ന് ചെന്നിത്തല ചാല ക്ഷേത്രത്തിന് സമീപം ഒറ്റയ്ക്ക് നടന്നു പോവുകയായിരുന്ന സ്ത്രീയുടെ 5 പവന് മാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ വിജിത്ത് അടുത്ത ദിവസങ്ങളില്‍ കോട്ടയം പാമ്പാടി, കറുകച്ചാല്‍ എന്നിവിടങ്ങളില്‍ നിന്നും സമാനമായ രീതിയില്‍ മോഷണം നടത്തി. മോഷ്ടിച്ചെടുത്ത ആഭരണങ്ങള്‍ ചെങ്ങന്നര്‍, തിരുവല്ല എന്നിവിടങ്ങളിലെ ആഭരണശാലകളില്‍ ഒന്നര ലക്ഷം രൂപയ്ക്ക് വിറ്റു. സി.സി.ടി.വി.ദൃശ്യങ്ങള്‍ പിന്തുടര്ന്നാന്ന് മാന്നാര്‍ പൊലിസ് കോയിപ്രത്തെ വീട്ടില്‍ നിന്നും പ്രതിയെ പിടികൂടിയത്.
മാന്നാര്‍ എസ്.എച്ച്.ഒ ജോസ് മാത്യു, എസ്.കെ.മഹേഷ്, രതീഷ് കുമാര്‍, റിയാസ് ഡിവൈ.എസ്.പി.യുടെ സ്ക്വാഡ് അംഗങ്ങളായ ഉണ്ണികൃഷ്ണന്, ഷഫീഖ്, അരുണ്‍ ഭാസ്ക്കര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ദിവസങ്ങള്‍ നീണ്ടു നിന്ന നിരീക്ഷണത്തിനൊടുവില്‍ പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."