ക്ഷേത്രങ്ങള്‍ കുത്തിത്തുറന്ന് മോഷണം
മറയൂര്‍: മറയൂരില്‍ നിന്നും 16 കിലോ മീറ്റര്‍ അകലേ തേയില തോട്ടം മേഖലയിലുള്ള ക്ഷേത്രങ്ങള്‍ കുത്തി തുറന്ന് വന്‍ മോഷണം. തലയാര്‍ വുഡ് ബ്രയര്‍ ഗ്രൂപ്പിന്റെ തേയില തോട്ടത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന തലയാര്‍ എസ്റ്റേറ്റിലെ മഹാകാളിയമ്മന്‍ ക്ഷേത്രം, കടുക് മുടി എസ്റ്റേറ്റിലെ കാളിയമ്മന്‍ ക്ഷേത്രം എന്നിവയാണ് കഴിഞ്ഞ ദിവസം രാത്രി കൊള്ളയടിച്ചത്.
രണ്ട് ക്ഷേത്രങ്ങളുടെയും ഓഫിസ് പ്രവര്‍ത്തിക്കുന്ന മുറികളും അലമാരകളും കുത്തിതുറന്നാണ് മോഷണം നടന്നിരിക്കുന്നത്. ഇതിന് പുറമെ ക്ഷേത്ര ഭണ്ഡാരങ്ങളും കുത്തിതുറന്ന് പണം കവര്‍ച്ച ചെയ്തു.
തലയാര്‍ ക്ഷേത്രത്തില്‍ നിന്നും ഉത്സവ സമയത്ത് വിഗ്രഹത്തില്‍ ചാര്‍ത്തുന്ന നാല് പവന്‍ സ്വര്‍ണമാല, വജ്രത്തില്‍ തീര്‍ത്ത മുക്കുത്തി, വെള്ളി ഉപയോഗിച്ച നിര്‍മിച്ച കാശിമാല ഇതിന് പുറമെ അലമാരിയില്‍ സൂക്ഷിച്ചിരുന്ന 25000 രൂപയും മോഷണം പോയി.
കടുക്മുടി എസ്റ്റേറ്റിലെ കാളിയമ്മന്‍ ക്ഷേത്രത്തില്‍ നിന്നും വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന 2 ഗ്രാം സ്വര്‍ണതാലി മേശക്കുള്ളില്‍ സൂക്ഷിച്ചിരുന്ന 1300 രൂപയും മോഷണം പോയി. മറയൂര്‍ എസ്.ഐ ജി. അജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പരിശോധന നടത്തി.
ഡോഗ് സ്‌ക്വോഡും വിരലടയാള വിദഗ്ധരും എത്തി രണ്ട് ക്ഷേത്രങ്ങളിലെയും വിവരങ്ങള്‍ ശേഖരിച്ചു. ഇടുക്കി ഡോഗ് സ്‌ക്വോഡില്‍ നിന്ന് എത്തിച്ച നായ് മണം പിടിച്ച് കടുക് മുടി എസ്റ്റേറ്റിനുള്ളിലൂടെ സഞ്ചരിച്ച് തേയില തോട്ടത്തിനുള്ളില്‍ എത്തി നിന്നു. മറയൂര്‍ പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."