മുഖം മിനുക്കി തൊടുപുഴ നഗരസഭാ പാര്‍ക്ക്
തൊടുപുഴ: മുഖം മിനുക്കലിന്റെ ഭാഗമായി കൊടുപുഴ നഗരസഭാ പാര്‍ക്കില്‍ ആംഫി തിയറ്റര്‍ ഒരുങ്ങുന്നു. പാര്‍ക്കിലെ സ്ത്രീ സൗഹൃദ ശുചിമുറിയുടെ അടിയിലെ നില സ്റ്റേജ് ആക്കിയാണ് ആംഫി തിയറ്റര്‍ സജ്ജീകരിക്കുന്നത്. 15.5 ലക്ഷം രൂപ മുടക്കി ഇതുള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ പാര്ക്കിന് കൈവരുന്നത് പുതിയ മുഖം.
വര്‍ഷങ്ങളായി അറ്റകുറ്റപ്പണി നടത്താതെ തുരുമ്പെടുത്ത് നാശത്തിലേക്ക് നീങ്ങുന്ന കളിയുപകരണങ്ങള്‍ നന്നാക്കും. അവ സ്ഥിതിചെയ്യുന്ന സ്ഥലങ്ങളില്‍ ബേബി മിറ്റല് വിരിക്കും. കുട്ടികളുടെ കളിയുപകരണങ്ങളുടെ അടിവശത്ത് മണല്‍ വിരിയാണ് ഉണ്ടാവുക. പുല്ല് നശിച്ച ഭാഗങ്ങള്‍ വീണ്ടും ഹരിതാഭമാക്കുക, പാഴ് വസ്തുക്കളും അനാവശ്യ സാധനസാമഗ്രികളും മാറ്റി പാര്‍ക്ക് വൃത്തിയാക്കുക, പുഴയോരത്ത് ഇളകിപ്പോയ കല്‍ക്കെട്ടുകള്‍ പുനഃസ്ഥാപിക്കുക, അമ്പലം ബൈപാസ് തുടങ്ങുന്നിടത്ത് വെള്ളം വാര്ന്നുപോകാന് ഓട നിര്‍മിക്കുക തുടങ്ങിയ പ്രവൃത്തികളും നടക്കും.
പാര്‍ക്കില്‍ ഐസ്ക്രീം പാര്‍ലര്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍ കുടുംബശ്രീയുടെ കഫേ തുടങ്ങും. ബി.ഒ.ടി അടിസ്ഥാനത്തില്‍ നിര്‍മിച്ച ഐസ്ക്രീം പാര്‍ലറിന്റെ കരാര്‍ കാലാവധി തീര്‍ന്നിട്ട് ഒരു വര്‍ഷം കഴിഞ്ഞിരുന്നു. പാലത്തിനോടു ചേര്‍ന്നുള്ള ഭാഗത്ത് സ്ത്രീസൗഹൃദ ശുചിമുറി പണിത് ഉദ്ഘാടനം നടത്തിയിട്ട് അധികകാലമായിട്ടില്ല.
അതിന്റെ താഴത്തെ നിലയില്‍ പുരുഷന്മാര്ക്കുള്ള ശുചിമുറി കൂടി നിര്‍മിക്കാനായിരുന്നു മുന്‍ തീരുമാനം. എന്നാല്‍,സ്ത്രീസൗഹൃദ ശുചിമുറി കാര്യമായി പ്രയോജനപ്പെടുന്നില്ല.അതു കണക്കിലെടുത്താണ് താഴത്തെ നിലയില്‍ ആംഫി തിയേറ്റര്‍ പദ്ധതിക്ക് ഇപ്പോള്‍ രൂപം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."