കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ സമാധാനവും ബഹുസ്വരതയും നഷ്ടപ്പെടുത്തി: സോണിയ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രസര്‍ക്കാറിനേയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കോണ്‍ഗ്രസ് നിര്‍വാഹക സമിതിയില്‍ സംസാരിക്കവേയാണ് ഇന്ത്യയുടെ മൂലതത്ത്വങ്ങളും ആശയവും സംരക്ഷിക്കാന്‍ അവര്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തത്. കേന്ദ്രസര്‍ക്കാര്‍ ഒന്നൊന്നായി ഇതെല്ലാം നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
കശ്മീരില്‍ നേരത്തെ സമാധാനം ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ സ്ഥിതി നേരെ മറിച്ചാണ്. സംഘടനങ്ങളും അശാന്തിയും കശ്മീരില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു. കശ്മീരിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണം സര്‍ക്കാറിന്റെ വീഴ്ചയാണെന്നും സോണിയ പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ എണ്ണിപ്പറയുന്ന നേട്ടങ്ങള്‍ക്കു കാരണമായ പദ്ധതികളെല്ലാം യുപിഎ സര്‍ക്കാറിന്റെ കാലത്ത് വിഭാവനം ചെയ്തവയാണ്. രാജ്യത്തെ നാണംകെടുത്തി, വികസനം പിറകോട്ടടിച്ച്, ഇടുങ്ങിയ ചിന്താഗതിയുള്ള രാജ്യമെന്ന പേര് ലോകരാജ്യങ്ങള്‍ക്കിടയില്‍ ഉണ്ടാക്കുകയാണ് കഴിഞ്ഞ മൂന്നുവര്‍ഷമായി മോദി സര്‍ക്കാര്‍ ചെയ്തതെന്നും സോണിയ പറഞ്ഞു.
രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് ഇടിഞ്ഞതു മാത്രമല്ല, സമാധാനവും ബഹുസ്വരതയും നഷ്ടപ്പെട്ടു. രാജ്യത്ത് എവിടെയാണോ യോജിപ്പുണ്ടായിരുന്നത് അവിടെ ഭിന്നിപ്പിച്ചു. എവിടെയാണോ സഹിഷ്ണുത ഉണ്ടായിരുന്നത് അവിടെ പ്രകോപനമുണ്ടാക്കി, എവിടെയൊക്കെയാണോ സാമ്പത്തിക വളര്‍ച്ച ഉണ്ടായിരുന്നത് അവിടെയെല്ലാം സ്തംഭനമുണ്ടാക്കി- ഇതാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തതെന്നും സോണിയ പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷയുടെ വസതിയില്‍ നടന്ന ചടങ്ങില്‍ പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."