ഉത്തരവ് തെറ്റായി വ്യാഖ്യാനിക്കരുത്; മദ്യശാലകള്‍ തുറക്കാന്‍ പറഞ്ഞിട്ടില്ല: ഹൈക്കോടതി
കൊച്ചി: ദേശീയപാതയോരത്തെ മദ്യശാലകള്‍ തുറക്കുന്നത് സംബന്ധിച്ച പുനപരിശോധനാ ഹരജിയില്‍ സംസ്ഥാനസര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കോടതിയുടെ ഉത്തരവ് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. ബാറുകള്‍ തുറക്കണമെന്ന് ഉത്തരവില്‍ പറഞ്ഞിട്ടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
കോടതിയുടെ ചുമലില്‍ കയറി നിന്ന് സര്‍ക്കാര്‍ വെടിവെച്ചു. ദേശീയപാതയാണെന്ന് മന്ത്രിയ്ക്കും സര്‍ക്കാരിനും ബോധ്യമുണ്ടായിരുന്നു. പിന്നെ എന്തിനാണ് മദ്യശാലകള്‍ തുറന്നതെന്നും കോടതി ചോദിച്ചു.
അതേസമയം പാതയോരത്തെ മദ്യശാലകള്‍ ഉടന്‍ തുറക്കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. മദ്യശാലകള്‍ തുറക്കുന്നതിനെതിരെയുള്ള ഹരജിയില്‍ വിധി വരുന്നതുവരെയാണ് നിര്‍ദ്ദേശം. ഹരജി ബുധനാഴ്ച്ച കോടതി പരിഗണിക്കും. കൊയിലാണ്ടി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഇബ്രാഹിം കുട്ടിയാണ് ഹരജി നല്‍കിയത്.
ചേര്‍ത്തല- തിരുവനന്തപുരം, കണ്ണൂര്‍- കുറ്റിപ്പുറം ദേശീയപാതകള്‍ക്ക് സമീപമുള്ള മദ്യശാലകളാണ് തുറക്കരുതെന്ന് ഹൈക്കോടതി പറഞ്ഞത്. നേരത്തെ ബാറുടമകളുടെ ഹര്‍ജിയില്‍ മദ്യശാലകള്‍ തുറക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു. ദേശീയപാതയുടെ പദവി എടുത്തകളഞ്ഞ 2014ലെ കേന്ദ്രവിജ്ഞാപനം ചൂണ്ടിക്കാട്ടി ബാറുടമകള്‍ കോടതിയെ സമീപിച്ചതോടെയാണ് അനുകൂല വിധി ഉണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."