എന്നു നാട്ടിലെത്താനാവും, സഊദിയില്‍ നാടണയാന്‍ കൊതിച്ച് നിരവധി പേര്‍
ദമാം: സഊദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ വിവിധ കാരണങ്ങളാല്‍ ദുരിതത്തില്‍ കഴിയുന്ന നൂറുകണക്കിനാളുകള്‍ നാടണയാനായി കാത്തിരിക്കുന്നു. നവോദയ സാംസ്‌കാരിക വേദി സംഘടിപ്പിച്ച 'നാടണയാന്‍ കനിവ് തേടി'യെന്ന പരിപാടിയിലാണ് നൂറുകണക്കിനാളുകള്‍ പങ്കെടുത്ത് തങ്ങളുടെ ദുരിത കഥകള്‍ വിവരിച്ചത്. പ്രവിശ്യയുടെ വിവിധ ക്യാമ്പുകളിലായി കഴിയുന്ന ഇവരില്‍ പലരും വിവിധ നിയമ, തൊഴില്‍ പ്രശ്‌നങ്ങളില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് നാടണയാന്‍ സാധിക്കാതെ ഇവിടെ തന്നെ ജീവിതം തള്ളി നീക്കുകയാണ്. ഏതെങ്കിലും തരത്തില്‍ നാട്ടിലേക്ക് പോകാന്‍ അവസരമൊരുങ്ങിയാല്‍ നാട്ടിലേക്ക് തിരിക്കാനുള്ള ഒരുക്കത്തില്‍ കഴിയുന്നവരാണ് ഇവരില്‍ ഭൂരിഭാഗവും. ഇന്ത്യന്‍ അധികൃതരുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും പ്രത്യക പരിഗണ വേണമെന്ന ആവശ്യത്തിലാണ് ഇവര്‍. നാല് വര്‍ഷം മുമ്പ് സഊദിയില്‍ ആരംഭിച്ച പരിഷ്‌കാരങ്ങളെ തുടര്‍ന്ന് കമ്പനി പ്രതിസന്ധിയിലായതോടെ ദുരിതത്തിലായവരും ഇവരുടെ കൂട്ടത്തിലുണ്ട്.
പലരും ദീര്‍ഘ കാലമായി ഒരേ കമ്പനിയില്‍ ജോലി ചെയ്തു വരുന്നവരാണ്. ഇവരില്‍ പലര്‍ക്കും തന്നെ മാസങ്ങളായി ശമ്പളമോ മറ്റു സജ്ജീകരണങ്ങളോ നല്‍കാന്‍ ഇപ്പോള്‍ കമ്പനികള്‍ തയ്യാറാകുന്നില്ല.പലര്‍ക്കും പലപ്പോഴായി തുച്ഛമായി ശമ്പളം കിട്ടുന്നുണ്ടെങ്കിലും നാട്ടില്‍ പോകാനായി ഒരുങ്ങുന്‌പോള്‍ ഇവര്‍ക്കു കിട്ടേണ്ട മറ്റു സര്‍വീസ് ആനുകൂല്യങ്ങളില്‍ പ്രതീക്ഷ വെച്ച് കഴിഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ ഇതും കിട്ടാത്ത അവസ്ഥയില്‍ ഇനിയെന്തെന്ന ചോദ്യവുമായി കഴിയുകയാണ്. താമസ രേഖക്ക് പുറമെ ഇവരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് കാലാവധി കൂടി കഴിഞ്ഞതിനാല്‍ പലര്‍ക്കും അസുഖങ്ങള്‍ സഹിക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ല. ഇഖാമ ഇല്ലാത്തതിനാല്‍ പുറത്തിറങ്ങാന്‍ കഴിയാതെ റൂമുകളില്‍ മാത്രം കഴിഞ്ഞു കൂടുന്നവരും ഇവരിലുണ്ട്. നവോദയ ഉള്‍പ്പെടെയുള്ള സംഘടനകളുടെ സഹായത്തിലാണ് ഇവര്‍ കഴിഞ്ഞു പോരുന്നത്.
ഇത്തരം വിഷയങ്ങള്‍ അടിയന്തിരമായി എംബസിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും വേണ്ട സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ അധികൃതര്‍ കണിയണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. അംബാസഡറുടെ ശ്രദ്ധയില്‍ വിഷയങ്ങള്‍ ബോധിപ്പിച്ചെങ്കിലും നിത്യേനയെന്നോണം ഗുരുതരമായ പുതിയ വിഷയങ്ങള്‍ ഉയര്‍ന്ന് വരുന്നതാണ് സാമൂഹ്യ പ്രവര്‍ത്തകരെ ബുദ്ധിമുട്ടിക്കുന്നത്. ഇത്തരം വിഷയങ്ങള്‍ അവസാനിപ്പിക്കാന്‍ ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്ന് നവോദയ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. നാടണയാന്‍ കനിവ് തേടിയെന്ന പരിപാടിയില്‍ നവോദയ രക്ഷാധികാരിയും കേരള സ്‌റ്റേറ്റ് വെല്‍ഫെയര്‍ ബോര്‍ഡ് ഡയറക്റ്ററുമായ ജോര്‍ജ് വര്‍ഗീസ്, ജനറല്‍ സിക്രട്ടറി പ്രദീപ് കൊട്ടിയം, ഇന്ത്യന്‍ എംബസിക്ക് വേണ്ടി തൊഴിലാളികളുടെ വിഷയങ്ങളില്‍ ഇടപെട്ടു കൊണ്ടിരിക്കുന്ന മഹ്മൂദ് സയ്യിദ്, എംബസി വളണ്ടിയര്‍ കോര്‍ഡിനേറ്റ്‌റര്‍ സഹീര്‍ ബൈഗ്, വിവിധ സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."