അരീക്കോട് പാലം: പുനര്‍ നിര്‍മാണം പ്രഖ്യാപനത്തിലൊതുങ്ങി
അരീക്കോട്: ദിനേനെ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ നൂറുകണക്കിനാളുകള്‍ ആശ്രയിച്ചിരുന്ന അരീക്കോട് മൂര്‍ക്കനാട് പാലത്തിന്റെ പുനര്‍നിര്‍മാണം പ്രഖ്യാപനത്തിലൊതുങ്ങി. പാലത്തിന്റെ പുനര്‍നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് പി.കെ ബഷീര്‍ എം.എല്‍.എയും വകുപ്പ് അധികൃതരും അറിയിച്ചിരുന്നെങ്കിലും പ്രാഥമിക നടപടികള്‍ പോലും സ്വീകരിച്ചിട്ടില്ല.
ഇതോടെ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ വലിയ പ്രയാസമാണ് സഹിക്കേണ്ടി വരുന്നത്. പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് മിലിറ്ററി എഞ്ചിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥര്‍ പാലം പരിശോധിച്ചിരുന്നു. ബംഗളൂരു മിലിറ്ററി എഞ്ചിനീയറിംഗ് ഗ്രൂപ് ക്യാപ്റ്റര്‍ ഗുല്‍ദീപ് സിംഗ് റാവത്ത്, കമാന്റിംഗ് ഓഫീസര്‍ കേണല്‍ സമീര്‍ അറോറ എന്നിവരുടെ നേതൃത്വത്തിലുള്ള 32 അംഗ സംഘമാണ് പരിശോധന നടത്തിയിരുന്നത്.
എന്നാല്‍ തുടര്‍നടപടികള്‍ കൈകൊള്ളാന്‍ ബന്ധപ്പെട്ട വകുപ്പ് അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. മൂര്‍ക്കനാട് സുബലുസ്സലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്കും അരീക്കോട്ടെ പത്തോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും എത്താന്‍ മൂര്‍ക്കനാട് ഇരുമ്പ് പാലത്തേയാണ് നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ആശ്രയിച്ചിരുന്നത്. പാലം ഇല്ലാതായതോടെ സ്‌കൂളിലേക്കും തിരിച്ച് വീട്ടിലേക്കുമെത്താന്‍ കിലോമീറ്ററുകളോളം നടക്കേണ്ട ഗതികേടിലാണ് വിദ്യാര്‍ഥികള്‍. മൈത്രക്കടവ് പാലം വഴിയാണെങ്കിലും തെരട്ടമ്മല്‍ ഭാഗത്തിലൂടെ പോവുകയാണെങ്കിലും ഇത്രയും ദൂരം താണ്ടണം.
പാലം ഒലിച്ചുപോകുന്നതിന്റെ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ പാലത്തിന്റെ പില്ലറുകള്‍ക്ക് വിള്ളലുകള്‍ സംഭവിച്ചത് ശ്രദ്ധയില്‍പെടുത്തിയിട്ടും അറ്റക്കുറ്റ പ്രവൃത്തി നടത്താന്‍ നടപടി സ്വീകരിക്കാത്തതാണ് പാലം തകരാന്‍ ഇടയാക്കിയത്. 2004 നവംബര്‍ നാലിന് എട്ട് വിദ്യാര്‍ഥികളെ ചാലിയാര്‍ വിഴുങ്ങിയതോടെയാണ് നാട്ടുകാരുടെയും വിദ്യാര്‍ഥികളുടെയും ഏറെ നാളത്തെ ആവശ്യമായ ചാലിയാറിന് കുറുകെയുള്ള നടപ്പാലം നിര്‍മിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."